ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ വിനായക ചതുർത്ഥി ഇന്ന്. ഗണേശ ക്ഷേത്രങ്ങളിൽ ഇന്ന് പൂജയും ആഘോഷങ്ങളും നടക്കും. ചിങ്ങ മാസത്തിലെ ചതുർത്ഥി ദിവസമാണ് ഗണപതിയുടെ ജന്മദിനം എന്ന വിശ്വാസത്തിലാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്.
വിവേകം, സമൃദ്ധി, എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദർശിക്കുന്നത് ശുഭകരമല്ല എന്നാണ് പറയപ്പെടുന്നത്.വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് പുലർച്ചെ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ മഹാഗണപതിഹോമങ്ങളോടെയാണ് ചതുർത്ഥി ആഘോഷം ആരംഭിച്ചത്.
ഗണപതിയുടെ ഇഷ്ട ഭക്ഷണങ്ങളായ ഉണ്ണിയപ്പം, മോദകം, എന്നിവയുടെ നിവേദ്യവും ഉണ്ടാകും. ഗണേശ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഈ മാസം 4-ന് ആരംഭിച്ച ഗണേഷ വിഗ്രഹ പൂജകൾ 12-നാണ് സമാപിക്കുന്നത്. അന്ന് ഗണപതി വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യും.
ചതുർത്ഥി ദിവസത്തിൽ ആരംഭിച്ച് അനന്ത ചതുർദശി വരെ നീണ്ടു നിൽക്കുന്ന പത്ത ദിവസമാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. വരസിദ്ധി വിനായക വ്രതം ഗണേശോത്സവത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ ആചരിക്കപ്പെടുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇടങ്ങളിൽ വ്യത്യസ്ത തരം ചടങ്ങുകളോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്.