Tuesday, November 26, 2024
Homeഇന്ത്യവയനാട് ദുരന്തം: കേന്ദ്രസർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കും: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

വയനാട് ദുരന്തം: കേന്ദ്രസർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കും: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി:കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് നടത്തിയ കൂടിക്കാഴ്ചയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞതായി കെവി തോമസ് അറിയിച്ചു. പാർലമെൻ്റിലെ കേന്ദ്രമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം.

കേന്ദ്രസർക്കാരിന്റെ ഉന്നത സംഘം കഴിഞ്ഞ ഓഗസ്റ്റ് എട്ട്, ഒൻപത്, 10, തീയതികളിൽ വയനാട് സന്ദർശിക്കുകയും കേരള ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയതിനുശേഷം റിപ്പോർട്ട് ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, കൃഷിമന്ത്രി എന്നിവരുടെ സബ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും നിർമല സീതരാമൻ അറിയിച്ചു. കേരള സർക്കാരിന്റെയും വിശദമായ റിപ്പോർട്ടുകൾ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പരിശോധിച്ച് വയനാടിന് നൽകേണ്ട പ്രത്യേക കേന്ദ്രസഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമല സീതാരാമൻ കെവി തോമസിനെ അറിയിച്ചു.

കേരളത്തിന് കൂടുതൽ കടമെടുക്കുന്നതിനുള്ള അനുവാദം, ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കേണ്ടതിന് നൽകേണ്ട കേന്ദ്രസഹായം, വിഴിഞ്ഞം പദ്ധതിക്ക് നൽകേണ്ട കേന്ദ്രസഹായം എന്നിവയെല്ലാം എത്രയും വേഗം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. പലവട്ടം മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ എന്നിവർ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയിട്ടുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ഈ തീരുമാനം എടുത്തിട്ടുള്ളതെന്ന് കെവി തോമസ് അറിയിച്ചു.

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്ന കർഷകരുടെയും വിദ്യാർഥികളുടെയും വായ്പ എഴുതി തള്ളണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് കെവി തോമസ് പറഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും കെവി തോമസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments