ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ മിഹിൻപൂർവയിലുള്ള നവയുഗ് ഇൻ്റർ കോളേജിലെ 11-ാം ക്ലാസ് വിദ്യാർത്ഥിയാണ് മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് ഇംഗ്ലീഷ് അധ്യാപകനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ രാജേന്ദ്ര പ്രസാദ് ജില്ലാ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും റിപ്പോർട്ട്. വിദ്യാർഥികൾ സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ അധ്യാപകനായ രാജേന്ദ്ര പ്രസാദ് ക്ലാസ്സിൽ മൊബൈൽ കൊണ്ടുവന്ന വിദ്യാർത്ഥികളെ ശാസിക്കുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. അധ്യാപകന്റെ ഈ നീക്കത്തിൽ പ്രകോപിതനായ വിദ്യാർഥി കുത്തുകയായിരുന്നു.
അധ്യാപകന്റെ കുടുംബം നൽകിയ പരാതിയിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ട വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപകനെ കുത്താനായി പ്രതി ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആക്രമണത്തിൽ കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ അവർക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. തനിക്കെതിരായ ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികളാണ് പങ്കെടുത്തതെന്ന് രാജേന്ദ്രപ്രസാദ് പറയുന്നു.