ഗവർണറും മന്ത്രിമാരുമുൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ സിനിമാറ്റിക് പ്രകടനം പ്രോട്ടോകോൾ ലംഘിച്ച് സുരേഷ് ഗോപി. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒളിമ്പിക് റണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ ചട്ടലംഘനം. ഗവർണർ ഉദ്‌ഘാടന പ്രസംഗം നടത്തുന്നതിനിടെ സുരേഷ് ഗോപി വേദിയിൽ നിന്ന് ഇറങ്ങിപോവുകയായിരുന്നു.
പരിപാടിക്ക് മുന്നോടിയായി ഇറക്കിയ നോട്ടീസിൽ സുരേഷ് ഗോപിയുടെ പേരില്ലായിരുന്നു. രാവിലെ പ്രോഗ്രാം നോട്ടീസിലാണ് സുരേഷ്‌ഗോപിയുടെ പേര് ഇടം പിടിച്ചത്. ഗവർണർ പങ്കെടുക്കുന്ന ചടങ്ങ് തുടങ്ങിയപ്പോൾ തന്നെ സുരേഷ് ഗോപി വേദിയിൽ നിന്നിറങ്ങി ബഹിഷ്കരണ മാതൃകയിൽ വിദ്യാർത്ഥികൾക്കിടയിൽ ചെന്ന് നിന്നു. ഇതോടെ വിദ്യാർഥികൾക്കിടയിൽ ബഹളമായി. പിന്നീട് ചെവിപൊത്തി സംസാരിച്ചു തുടങ്ങിയ ഗവർണർ മിനിറ്റുകൾക്കുള്ളിൽ സംസാരം അവസാനിപ്പിച്ച് ഒളിമ്പിക് റൺ ഫ്ലാഗ്‌ഓഫ് ചെയ്തു.
ഗവർണറുടെ പ്രസംഗത്തിന് മുമ്പായി ദേശീയ ഗാനാലാപനം ഉണ്ടായി. ഇതിനു ശേഷമായിരുന്നു ഒളിമ്പിക് റണ്ണിന്റെ ഫ്ലാഗ് ഓഫ് ഗവർണർ നടത്തേണ്ടിയിരുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ സുരേഷ് ഗോപി കുട്ടികൾക്കിടയിൽ നിന്ന് ഫ്ലാഗ് ഓഫ് നടത്തി. ഗവർണർ, പൊതുവിദ്യാഭ്യാസ മന്ത്രി, ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവർ വേദിയിൽ ഉണ്ടായിരുന്നപ്പോൾ ആണ് സുരേഷ്ഗോപി ഇങ്ങനെ ചെയ്തത്.