Tuesday, December 24, 2024
Homeഇന്ത്യപ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടാന്‍ നിർബന്ധിച്ച സ്ത്രീയെ അച്ഛനും മകളും ചേർന്ന് കൊലപെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടാന്‍ നിർബന്ധിച്ച സ്ത്രീയെ അച്ഛനും മകളും ചേർന്ന് കൊലപെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

തമിഴ്‌നാട്ടിലെ മിഞ്ചൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 65 കാരിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. റെയില്‍വേ സ്റ്റേഷനിലെത്തിയ ഒരു മധ്യവയസ്‌കന്‍ സ്യൂട്ട്‌കേസ് ഉപേക്ഷിച്ച് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടവരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി സ്യൂട്ട്‌കേസ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

നവംബര്‍ നാലാം തീയതിയാണ് 43കാരനായ ബാലസുബ്രഹ്‌മണ്യവും ഇയാളുടെ 17 വയസുള്ള മകളും വലിയൊരു സ്യൂട്ട്‌കേസുമായി റെയില്‍വേ സ്റ്റേഷനിലിറങ്ങിയത്. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നുള്ള ട്രെയിനില്‍ സ്യൂട്ട്‌കേസുമായി കയറിയ പ്രതികള്‍ മിഞ്ചൂര്‍ സ്റ്റേഷനിലിറങ്ങുകയായിരുന്നു. സ്യൂട്ട്‌കേസ് മിഞ്ചൂര്‍ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച ശേഷം വന്ന ട്രെയിനില്‍ കയറി തിരിച്ചുപോകാനായിരുന്നു ഇവരുടെ പദ്ധതി.

എന്നാല്‍ സ്യൂട്ട്‌കേസില്‍ രക്തക്കറ കണ്ട ചില യാത്രക്കാരാണ് ഈ വിവരം റെയില്‍വേ പോലീസിനെ അറിയിച്ചത്. ഉടനെ തന്നെ റെയില്‍വേ പോലീസ് ബാലസുബ്രഹ്‌മണ്യത്തേയും മകളെയും പിടികൂടി. ഇത്രയും വലിയൊരു സ്യൂട്ട്‌കേസ് മറന്നുവെച്ചതാകാന്‍ വഴിയില്ലെന്ന് സംശയം തോന്നിയ റെയില്‍വേ പോലീസ് കൊരുക്കുപേട്ട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.സംഭവസ്ഥലത്തെത്തിയ പോലീസ് സ്യൂട്ട്‌കേസില്‍ എന്താണെന്ന് ബാലസുബ്രഹ്‌മണ്യത്തോട് ചോദിച്ചു. എന്നാല്‍ ഇയാളുടെ മറുപടിയില്‍ പന്തികേട് തോന്നിയ പോലീസുദ്യോഗസ്ഥര്‍ പെട്ടി തുറക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടു. സ്യൂട്ട്‌കേസ് തുറന്നപ്പോഴാണ് അതിനുള്ളില്‍ 65കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

തലയ്ക്ക് പരിക്കേറ്റ നിലയില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞാണ് മൃതദേഹം കാണപ്പെട്ടത്.ഉടന്‍ തന്നെ ബാലസുബ്രഹ്‌മണ്യത്തേയും മകളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണപ്പണിക്കാരനാണ് ബാലസുബ്രഹ്‌മണ്യം.

ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള സദാപെട്ടൈയാണ് ഇവരുടെ സ്വദേശം. വയോധികയെ തങ്ങളാണ് കൊന്നതെന്ന് പോലീസിനോട് ഇയാള്‍ സമ്മതിച്ചു. തന്റെ അയല്‍ക്കാരിയായിരുന്നു കൊല്ലപ്പെട്ട മന്നം രമണി എന്ന 65കാരിയെന്ന് ഇദ്ദേഹം പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടാന്‍ രമണി നിര്‍ബന്ധിക്കുമായിരുന്നുവെന്നും അതിനാലാണ് അവരെ കൊന്നതെന്നുമാണ് ബാലസുബ്രഹ്‌മണ്യം പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ വയോധികയുടെ സ്വര്‍ണ്ണാഭരണം കൈക്കലാക്കാനാണ് അവരെ കൊന്നതെന്ന് ബാലസുബ്രഹ്‌മണ്യം സമ്മതിച്ചു.

തങ്ങളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം വയോധികയുടെ മുഖം ബെഡ്ഷീറ്റ് കൊണ്ട് മൂടി. അതിനുശേഷം കുറുവടി കൊണ്ട് മര്‍ദ്ദിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പറഞ്ഞു. ശേഷം വയോധികയുടെ ശരീരത്തിലുണ്ടായിരുന്ന താലിമാലയും കമ്മലും മറ്റ് ആഭരണങ്ങളും തങ്ങള്‍ കൈക്കലാക്കിയെന്നും ബാലസുബ്രഹ്‌മണ്യം പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments