Monday, October 28, 2024
Homeഇന്ത്യപ്രധാനമന്ത്രി നരേന്ദ്ര മോദി: യുക്രൈൻ സന്ദർശനത്തിന് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി: യുക്രൈൻ സന്ദർശനത്തിന് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി

ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി  യുക്രൈൻ സന്ദർശനത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി. റഷ്യ – യുക്രൈൻ സംഘർഷത്തെക്കുറിച്ച് ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു.

അടുത്തിടെ നടത്തിയ യുക്രൈൻ സന്ദർശനത്തിന്റെ ഉൾക്കാഴ്ചകൾ മോദി പുടിനുമായി പങ്കുവെച്ചു. സംഘർഷത്തിന് ശാശ്വതവും സമാധാനപൂർണവുമായ പരിഹാരം കാണുന്നതിൽ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പ്രാധാന്യത്തിനും ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള ആത്മാർഥവും പ്രായോഗികവുമായ ഇടപെടലിനും മോദി ഊന്നൽ നൽകി.

കഴിഞ്ഞ മാസം നടത്തിയ റഷ്യൻ സന്ദർശനം മോദി സംഭാഷണത്തിൽ അനുസരിച്ചു. വിവിധ ഉഭയകക്ഷി വിഷയങ്ങളിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും പ്രത്യേകവുമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു.

പരസ്പരതാൽപര്യമുള്ള വിവിധ പ്രാദേശിക – ആഗോള വിഷയങ്ങളെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി. അടുത്ത ബന്ധം തുടർന്നും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇരുവരും ധാരണയായി.യുക്രൈൻ സന്ദർശനത്തിന് പിന്നാലെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായും മോദി ഫോണിൽ സംസാരിച്ചിരുന്നു.

യുക്രൈയ്‌നിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യവെ മോദി സന്ദർശനം വിശദീകരിച്ചു. സംഭാഷണത്തിനും നയതന്ത്രത്തിനും അനുകൂലമായ ഇന്ത്യയുടെ സ്ഥിരമായ നിലപാട് മോദി ബൈഡനോട് ആവർത്തിച്ചു. സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു. അടുത്ത ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇരുനേതാക്കളും ധാരണയായി.

യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയുടെ ക്ഷണം സ്വീകരിച്ച് ഇക്കഴിഞ്ഞ 23നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം സന്ദർശിച്ചത്. 1992ൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈനിൽ എത്തുന്നത്. യുക്രൈനിൽ സമാധാനം പുനസ്ഥാപിക്കാനായി ഇടപെടൽ നടത്താൻ ഇന്ത്യ തയ്യാറാണെന്ന് മോദി സെലൻസ്കിയെ അറിയിച്ചു.

ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങളുടെ സമഗ്രത ചർച്ചചെയ്യുകയും പരസ്പരതാൽപര്യമുള്ള പ്രാദേശിക ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. വിവിധ കരാറുകളിലും ഇരു രാജ്യങ്ങൾ ഒപ്പുവെച്ചു.യുദ്ധത്തിൽ പരിക്കേറ്റവരെ വേഗത്തിൽ ചികിത്സിക്കാനും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും സഹായകമാകുന്ന നാല് BHISHM (ഭാരത് ഹെൽത്ത് ഇനിഷ്യേറ്റിവ് ഫോർ സഹയേഗ് ഹിത & മൈത്രി) ക്യൂബുകൾ മോദി സെലൻസ്കിക്ക് സമ്മാനിച്ചത് ശ്രദ്ധേയമായി.

യുദ്ധത്തിൽ രക്തസാക്ഷികളായ കുട്ടികൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതിനിടെ ഇരുനേതാക്കളും ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നതടക്കം വാർത്താതലക്കെട്ടുകളിൽ ഇടംനേടി. മോദിയുടെ റഷ്യൻ സന്ദർശനത്തെ സെലൻസ്കി വിമർശനത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ യുക്രൈൻ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments