ന്യൂഡൽഹി :-ഡൽഹിയിലെ 40 സ്‌കൂളുകളില്‍ വ്യാപകമായ പരിശോധന നടത്തുകയാണ് പൊലീസ്. എന്നാല്‍ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഡിപിഎസ് ആര്‍കെ പുരം, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെ 40 സ്‌കൂളുകള്‍ക്ക് ഭീഷണിയുണ്ടായി.
ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇമെയിലിന്റെ പകര്‍പ്പ് അനുസരിച്ച്, ഞായറാഴ്ച രാത്രി 11:38 നാണ് ഇമെയില്‍ അയച്ചത്. കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒന്നിലധികം ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇമെയില്‍.
രാവിലെ 7 മണിയോടെയായിരുന്നു മെയിലുമായി ബന്ധപ്പെട്ട അലര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതോടെ സ്കൂളുകളില്‍ നിന്ന് വിദ്യാർത്ഥികളെ വീട്ടിലേക്ക് തിരിച്ചയക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
സ്‌കൂൾ ബസുകൾ വരികയും, കുട്ടികളെ സ്‌കൂളിൽ വിടുന്നതിനായി രക്ഷിതാക്കൾ സ്‌കൂളിലെത്തുകയും, അസംബ്ലിക്കായി ജീവനക്കാർ തയ്യാറെടുക്കുന്നതുമായ തിരക്കേറിയ സമയത്താണ് അലര്‍ട്ടുകള്‍ ലഭിച്ചത്.
രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശമെത്തി രണ്ടുമാസത്തിനു ശേഷമാണ് വീണ്ടും സമാന സംഭവമുണ്ടാകുന്നത്.