മണിപ്പൂർ –മണിപ്പൂരിൽ വീണ്ടും സംഘർഷം. ജിരിബാം ജില്ലയിൽ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടു. പോലീസ് ഔട്ട്‌പോസ്റ്റും ഫോറസ്റ്റ് ബീറ്റ് ഓഫീസും റേഞ്ച് ഓഫീസും തീയിട്ട് നശിപ്പിച്ചു. കലാപ സാധ്യത കണക്കിലെടുത്ത് 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.
ജിരിബാം ജില്ലയിൽ മെയ്തെയ് വിഭാഗത്തിലെ 59കാരനെ കഴുത്തറുത്ത് കൊന്നതിനെ തുടർന്നുണ്ടായ സംഘർഷം ശക്തമാകുന്നു. രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ സോയിബം ശരത്കുമാർ സിങ്ങിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഇതിന് പിന്നാലെ അജ്ഞാതരായ അക്രമികൾ പൊലീസ് ഔട്ട്‌പോസ്റ്റും 70 ഓളം വീടുകളും കത്തിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ജിരിബാമിൽ സർക്കാർ അനിശ്ചിതകാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി. കലാപ സാധ്യത കണക്കിലെടുത്ത് മെയ്‌തെയ് വിഭാഗത്തിൽപ്പെടുന്ന സ്ത്രീകളും കുട്ടികളും അടക്കം 250-ലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ഇംഫാലിൽനിന്ന് 70 പേരടങ്ങുന്ന പൊലീസ് കമാൻഡോ സംഘം ഇന്നലെ ജിരിബാമിലെത്തി. മെയ്തേയ് സായുധ സംഘം 3 കുക്കി ഗ്രാമങ്ങൾക്കും തീയിട്ടതായാണ് വിവരം. സംഘർഷ സാധ്യത മേഖലകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മെയ്‌തെയ്കളും മുസ്‍ലിംകളും ഉൾപ്പെടെ വിവധ വിഭഗത്തിൽപ്പെവർ താമസിക്കുന്ന ജിരിബാമിനെ ഇതുവരെ കലാപം ബാധിച്ചിരുന്നില്ല. സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപത്തിൽ 200 ലധികം ജീവനുകളാണ് ഇതുവരെ നഷ്ടമായത്.