മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിത്തൽവാഡിയിൽ മകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്ന അമ്മയുടെ പരാതിയില്‍ മകളുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. തന്റെ മകളെ നിര്‍ബന്ധിച്ച് ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതായി കാട്ടി അമ്മ വ്യാഴാഴ്ച പരാതി നല്‍കിയിരുന്നതായി വിത്തൽവാഡി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അയല്‍ക്കാരായ കുടുംബത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് ഒരു വിവാദ ഇസ്ലാമിക പ്രബോധകന്റെ വീഡിയോകള്‍ കണ്ടശേഷം യുവതി ഹിന്ദുമതം ഉപേക്ഷിക്കുകയായിരുന്നു വെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. മകള്‍ മതം മാറിയ 2022 -ജൂണില്‍ അമ്മ ലണ്ടനിലായിരുന്നു. ഇതിന് പിന്നാലെ മകളെ കാണാതായെന്നും പരാതിയില്‍ വ്യക്തമാക്കി. മതം മാറിയതിന് പിന്നാലെ യുവതി തന്റെ പിതാവിന്റെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചു. മകളെ നിര്‍ബന്ധിച്ചാണ് മതം മാറ്റിയതെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചേക്കുമെന്നും അമ്മ പരാതിയിൽ ഉന്നയിച്ചു.
ഉല്‍ഹാസ് നഗര്‍, ആംബര്‍നാഥ് മസ്ജിദ് ട്രസ്റ്റ് എന്നിവടങ്ങളില്‍ നിന്ന് മകളുടെ മതംമാറ്റം സ്ഥിരീകരിക്കുന്ന കത്ത് കണ്ടെത്തിയതായി പരാതിയില്‍ പറയുന്നു.വ്യാഴാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയാണ് യുവതിയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെയും മറ്റൊരാളെയും പോലീസ് അറസ്റ്റു ചെയ്തു.
കേസുമായി ബന്ധപ്പെട്ട് എട്ടുപേര്‍ ഒളിവിലാണ്. അറസ്റ്റിലായ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി. മൂന്ന് ദിവസത്തേക്ക് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് വിത്തല്‍വാഡി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.