സംസ്ഥാന സര്‍ക്കാരിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) കടബാധ്യത ആദ്യ മൂന്നുമാസം (ഏപ്രില്‍-ജൂൺ) പിന്നിടുംമുമ്പേ തന്നെ 10,000 കോടി രൂപയിലേക്ക്. ഈ മാസം 25ന് റിസര്‍വ് ബാങ്കിന്‍റെ കോര്‍ ബാങ്കിംഗ് സൊല്യൂഷൻ (ഇ-കുബേര്‍ പോര്‍ട്ടൽ) വഴി കടപ്പത്രങ്ങളിറക്കി സര്‍ക്കാര്‍ 1,500 കോടി രൂപ സമാഹരിക്കുന്നുണ്ട്. ക്ഷേമപെൻഷൻ കുടിശിക വിതരണത്തിന് തുക ഉറപ്പാക്കുകയാണ് ലക്ഷ്യം. അതോടെ, ഈ വര്‍ഷത്തെ കടബാധ്യത 10,000 കോടി രൂപയിലെത്തും. നടപ്പുവര്‍ഷം 21,253 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രസർക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 25ന് 1,500 കോടി രൂപ കടമെടുക്കുന്നതിലൂടെ വായ്പാ പരിധിയുടെ ഏതാണ്ട് പാതിയോളം എടുത്തുകഴിയും.
ഏപ്രില്‍-മേയ് കാലയളവില്‍ തന്നെ കേരളം 6,500 കോടി രൂപ കടമെടുത്തിരുന്നു. ഏപ്രില്‍ 23ന് 1,000 കോടി രൂപയും 30ന് 2,000 കോടി രൂപയും എടുത്തു. തുടര്‍ന്ന് മേയ് 28ന് 3,500 കോടി രൂപയുടെ കടവുമെടുത്തു എന്ന് റിസര്‍വ് ബാങ്കിന്‍റെ റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഈ മാസം നാലിന് 2,000 കോടിയും എടുത്തതോടെ ആകെ കടം 8,500 കോടി രൂപയായി. 20,000ലേറെ ജീവനക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അടുത്തിടെ കൂട്ടത്തോടെ വിരമിച്ചതും അവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ 7,500 കോടി രൂപ വേണമെന്നതും കൂടുതല്‍ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് എല്‍ഡിഎഫ് കണ്ടെത്തിയ കാരണങ്ങളിലൊന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരമുണ്ടെന്നതായിരുന്നു. ക്ഷേമ പെന്‍ഷൻ കുടിശികയായതാണ് പ്രധാന തിരിച്ചടിയെന്നും വിലയിരുത്തിയിരുന്നു.
*കടമെടുക്കാൻ മറ്റ് സംസ്ഥാനങ്ങളും*
ജൂൺ 25ന് ഇ-കുബേർ പോർട്ടല്‍ വഴി കടമെടുക്കുന്നത് കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളാണ്. 17,071 കോടി രൂപയാണ് ഇവ സംയോജിതമായി കടമെടുക്കുക. ആന്ധ്രാപ്രദേശ് 2,000 കോടി രൂപ, ഹരിയാന 1,500 കോടി രൂപ, രാജസ്ഥാൻ 4,000 കോടി രൂപ, ബംഗാൾ 3,500 കോടി രൂപ, തമിഴ്നാട് 3,000 കോടി രൂപ എന്നിങ്ങനെ കടമെടുക്കും. തെലങ്കാന 1,000 കോടിയും ജമ്മു കശ്മീര്‍ 500 കോടിയും മിസോറം 71 കോടിയും കടമെടുക്കുന്നുണ്ട്.
— – – – –