ബെംഗളൂരു: കന്നഡ ചലച്ചിത്ര താരം ദര്‍ശനെ കൊലക്കേസില്‍ പോലിസ് അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമിയെ ബെംഗളൂരുവിലെ കാമാക്ഷിപാളയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. മൈസൂരുവിലെ ഫാംഹൗസില്‍ നിന്നാണ് ദര്‍ശന്‍ തൂഗുദീപയെ അറസ്റ്റ് ചെയ്തത്. ദര്‍ശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓണ്‍ലൈനിലൂടെ അശ്ലീല സന്ദേശം അയച്ചതിനാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. കൊലപാതകം സംബന്ധിച്ച് അന്വേഷിച്ച് ബെംഗളൂരു ലോക്കല്‍ പോലിസ് ഒമ്പതുപേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദര്‍ശന കുറിച്ച് വിവരം ലഭിച്ചത്.
രണ്ട് മാസം മുമ്പ് രേണുക സ്വാമിയെ ദര്‍ശന്റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലില്‍ തള്ളിയെന്നാണ് പോലിസ് കണ്ടെത്തിയത്. അന്വേഷണത്തിനിടെ സാമ്പത്തിക പ്രശ്‌നം കാരണം രേണുക സ്വാമിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് മൂന്ന് പേര്‍ കീഴടങ്ങി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദര്‍ശനിലേക്കെത്തിയത്. അറസ്റ്റിനു പിന്നാലെ ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള ദര്‍ശന്റെ വസതിക്ക് ചുറ്റും പോലിസ് കാവല്‍ ഏര്‍പ്പെടുത്തി. കാമാക്ഷിപാളയ പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പത്ത് പേരെ കൂടി കസ്റ്റഡിയിലെടുത്തതായും വെസ്റ്റ് ഡിവിഷന്‍ ഡിസിപി എസ് ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഈ ഘട്ടത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.