ന്യൂഡൽഹി: ആധാർ കാർഡ് വയസ് തെളിയിക്കുന്നതിന് പര്യാപ്തമായ രേഖയല്ലെന്ന് സുപ്രിംകോടതി. സ്‌കൂൾ സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ജനനത്തീയതിയാണ് കൂടുതൽ ആധികാരിക രേഖയെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്വൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
വാഹനാപകട നഷ്ടപരിഹാര കേസിൽ അപകടത്തിൽ മരിച്ചയാളുടെ പ്രായം നിർണയിക്കാൻ ആധാർ കാർഡിലെ ജനനത്തീയതി അംഗീകരിക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി ഉത്തരവ്.
മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിം ട്രിബ്യൂണൽ വിധിച്ച നഷ്ടപരിഹാരം വെട്ടിക്കുറച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലാണ് സുപ്രിംകോടതി പരിഗണിച്ചത്. സ്‌കൂൾ സർട്ടിഫിക്കറ്റിലെ വയസ് കണക്കാക്കിയാണ് മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിം ട്രൈബ്യൂണൽ നഷ്ടപരിഹാരം വിധിച്ചത്.