Tuesday, December 24, 2024
Homeഇന്ത്യചുഴലിക്കാറ്റിനേയും അതിജീവിച്ചു; കണ്ടു പഠിക്കണം ദുരന്തമുഖത്തെ ഒഡിഷ മോഡല്‍ .

ചുഴലിക്കാറ്റിനേയും അതിജീവിച്ചു; കണ്ടു പഠിക്കണം ദുരന്തമുഖത്തെ ഒഡിഷ മോഡല്‍ .

മണിക്കൂറില്‍ 120 കി.മി വേഗതയില്‍ ഡാന ചുഴലിക്കാറ്റ് ഒഡിഷ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു കലാവാസ്ഥാ നിരീക്ഷണ കേന്ദ്രം. വലിയ നാശ നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കണക്ക് കൂട്ടലില്‍ ഒഡിഷ മാത്രം മൂന്ന് ലക്ഷം ആളുകളെ പ്രാഥമികമായി മാറ്റിപ്പാര്‍പ്പിച്ചു. പലരും സൈക്ലോണ്‍ ഷെല്‍ട്ടറുകളിലേക്ക് അഭയം തേടി.

4.79 കോടി ആളുകള്‍ വസിക്കുന്ന സംസ്ഥാനം ഇന്ന് ചുഴലിക്കാറ്റടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതില്‍ ലോകത്തിന് തന്നെ മാതൃകയാണ്. ഏകദേശം 7285 സൈക്ലോണ്‍ ഷെല്‍ട്ടറുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ളത്. ഇതില്‍ 800 ല്‍ അധികം മള്‍ട്ടിപര്‍പ്പസ് ഷെല്‍ട്ടറുകളാണ്. ഇത്തരം സംവിധാമൊരുങ്ങിയതോടെ ജനങ്ങളെ പെട്ടെന്ന് മാറ്റിപ്പാര്‍ക്കാന്‍ കഴിയുന്നുണ്ട്. സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ക്ക് പുറമെ സംസ്ഥാനത്തിന്റെ ദുരന്തമേഖലകളില്‍ നിരവധി ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വലിയ ദുരന്തമുണ്ടാവുന്നതിന് മുമ്പെ ഇത്തരം മുന്നറിയിപ്പ് സംവിധാനത്തിലൂടെ ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാനാവുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

480 കിലോമീറ്ററോളമുള്ള തീരപ്രദേശങ്ങളിലാണ് 800 മള്‍ട്ടിപര്‍പ്പസ് സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ സര്‍ക്കാര്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് ഭൂരിഭാഗവും താല്‍ക്കാലിക സംവിധാനത്തിനപ്പുറം സ്ഥിരം കോണ്‍ഗ്രീറ്റ് നിര്‍മിതികളാണ്. ചുഴലിക്കാറ്റിനപ്പുറം മറ്റ് പ്രകൃതി ദുരന്തമുണ്ടാവുമ്പോഴും ആളുകളെ ഇവിടേക്ക് പെട്ടെന്ന് മാറ്റിപ്പാര്‍പ്പിക്കാവുന്നുവെന്നതാണ് ഇതിന്റെ പ്രത്യകത. പ്രധാന ദുരന്തമേഖലാ ജില്ലകളായ ഗംജാം, പുരി, കോര്‍ദ, ജഗത് സിങ് പുര്‍, കേന്ദ്രപര, ഭദ്രക് എന്നിവിടങ്ങളിലെല്ലാം ഇത്തരം സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ കാണാം. 300 കി.മി വേഗതിയുള്ള കാറ്റിനെ പോലും പ്രതിരോധിക്കാനാവുന്ന തരത്തിലുള്ളതാണ് ഇത്തരത്തിലുള്ള സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ നിര്‍മിച്ചിരിക്കുന്നത്.
നൂറ് മുതല്‍ 1000 പേരെ വരെ ഉള്‍ക്കൊള്ളാനാവുന്നതാണ് ഓരോ ഷെല്‍ട്ടറുകളും. കുടിവെള്ളം, വെളിച്ചം, ശൗചാലയം എന്നിവയെല്ലാം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ അംഗപരിമിതരായ ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ക്യാമ്പുകളിലേക്ക് കയറുന്നതിന് റാംപ് അടക്കമുള്ള സംവിധാനവുമുണ്ട്.

മനുഷ്യര്‍ക്ക് പുറമെ വളര്‍ത്ത് മൃഗങ്ങളുടെ സുരക്ഷയ്ക്ക് കൂടി ഇത്തരം ഷെല്‍ട്ടറുകള്‍ ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.
1999 ല്‍ ആണ് ഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം വിതച്ച ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പത്തര ലക്ഷത്തോളം ആളുകളെ പിഴുതെറിഞ്ഞ ചുഴലിക്കാറ്റ് പതിനായിരത്തോളം ആളുകളുടെ ജീവനാണ് കവര്‍ന്നെടുത്തത്. ഭൂരിഭാഗം ആളുകള്‍ക്കും ജീവനോപാതികളും വീടും നഷ്ടപ്പെട്ടു. തുടര്‍ന്നാണ് സ്ഥിരം പ്രതിരോധ സംവിധാനം എന്ന കാഴ്ചപ്പാടിലേക്ക് സര്‍ക്കാര്‍ എത്തിയത്.
കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന അതിവര്‍ഷവും അതുണ്ടാക്കുന്ന ദുരന്തവും ഓരോ കാലവര്‍ഷക്കാലത്തും വലിയ തിരിച്ചടി നല്‍കാറുണ്ട് കേരളത്തിന്. കേരളം ഇത്തരം പ്രകൃതി ദുരന്തങ്ങളുടെ ഒരു സ്ഥിരം കേന്ദ്രമായും മാറിക്കഴിഞ്ഞു. ദുരന്തമുണ്ടാവുമ്പോള്‍ മാത്രം പെട്ടെന്ന് തട്ടിക്കൂട്ടുന്ന ക്യാമ്പുകള്‍ക്കപ്പുറം ഒരു സ്ഥിരമായ സംവിധാനം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും അപ്പോഴെല്ലാം ഉയര്‍ന്ന് വരാറുണ്ട്. ഇത്തവണ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടായപ്പോഴും വലിയ നാശനഷ്ടമുണ്ടാക്കിയപ്പോഴും ഇത്തരം സംവിധാനത്തെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു. ഒപ്പം ഒഡീഷ മോഡല്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments