Sunday, December 29, 2024
Homeഇന്ത്യവിവാഹം മാത്രമല്ല, കുട്ടികളുടെ വിവാഹനിശ്ചയം തടയാനും നിയമം വേണം -സുപ്രീംകോടതി.

വിവാഹം മാത്രമല്ല, കുട്ടികളുടെ വിവാഹനിശ്ചയം തടയാനും നിയമം വേണം -സുപ്രീംകോടതി.

ന്യൂഡല്‍ഹി: കുട്ടികളുടെ വിവാഹം മാത്രമല്ല, വിവാഹനിശ്ചയം നടത്തുന്നത് തടയാനും നിയമമുണ്ടാക്കുന്നത് പാര്‍ലമെന്റ് പരിഗണിക്കണമെന്ന് സുപ്രീം കോടതി.ശൈശവവിവാഹ നിരോധനനിയമത്തിലെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനായി കുട്ടികളുടെ വിവാഹനിശ്ചയം നടത്തുന്ന പ്രവണത ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്.ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ് പ്രായപൂര്‍ത്തിയാകുംമുന്‍പ് കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നതെന്നും കോടതി പറഞ്ഞു.

അതേസമയം, ശൈശവവിവാഹ നിരോധനനിയമം അതിന് അനുമതി നല്‍കുന്ന വ്യക്തിനിയമങ്ങളെക്കാള്‍ മുകളിലാണെന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി തയ്യാറായില്ല.വ്യക്തിനിയമങ്ങളെ മറികടക്കുംവിധം 2006-ലെ ശൈശവവിവാഹ നിരോധനനിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍നിന്ന് സുപ്രീംകോടതി വിട്ടുനിന്നത്.ശൈശവവിവാഹ നിരോധനനിയമവും വ്യക്തിനിയമങ്ങളും ചേര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായി കോടതി നിരീക്ഷിച്ചു.കേസില്‍ വാദം പൂര്‍ത്തിയായി വിധിപറയാന്‍ മാറ്റിയശേഷമാണ്, വ്യക്തിനിയമത്തെ ശൈശവവിവാഹ നിരോധനനിയമം മറികടക്കുമെന്ന് പ്രഖ്യാപിക്കാനാവശ്യപ്പെട്ട് കേന്ദ്രം കുറിപ്പ് നല്‍കിയത്.

ഈ വിഷയത്തില്‍ വിവിധ ഹൈക്കോടതിവിധികളില്‍ വൈരുധ്യമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, 2021 ഡിസംബറില്‍ വ്യക്തിനിയമത്തെ മറികടക്കാനുള്ള ഭേദഗതിക്കായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ലവതരിപ്പിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു.ശൈശവവിവാഹ നിരോധനം ഫലപ്രദമായി നടപ്പാക്കണമെന്നുകാട്ടി ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ എന്‍ലൈറ്റന്‍മെന്റ് ആന്‍ഡ് വൊളന്ററി ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് വിധിപറഞ്ഞത്. ശൈശവ വിവാഹം തടയാനും ഇതിന് ഇരകളായ കുട്ടികളുടെ പുനരധിവാസം, നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ നിര്‍ദേശങ്ങളും വിധിയിലുണ്ട്. ശൈശവവിവാഹ നിരോധനനിയമം വ്യക്തിനിയമത്തെ മറികടക്കുമെന്ന് പ്രഖ്യാപിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments