ന്യൂഡൽഹി; നീറ്റ് പിജി തലേരാത്രി പൊടുന്നനെ മാറ്റിവച്ചതോടെ ദുരിതത്തിലായത് രണ്ടര ലക്ഷത്തോളം വിദ്യാർഥികൾ. നീറ്റ് യുജി കുംഭകോണം പുറത്തുവന്നിട്ടും മോദി സർക്കാർ അലംഭാവം തുടരുകയാണ്. നാണക്കേട് മറയ്‌ക്കാൻ നീറ്റ് യുജി ക്രമക്കേടിൽ സിബിഐ അന്വേഷണം തുടങ്ങി. എന്നാൽ അന്വേഷണവുമായി ബിഹാറിലെത്തിയ സിബിഐ സംഘത്തിന് നവാഡയിൽ മർദനമേറ്റു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ ഡയറക്‌ടർ നൽകിയ പരാതിയിലാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, ആൾമാറാട്ടം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിലുള്ളത്.
പരീക്ഷ തുടങ്ങാൻ പന്ത്രണ്ടുമണിക്കൂർ മാത്രം ശേഷിക്കെയാണ് നീറ്റ് പിജി റദ്ദാക്കിയത്. 259 കേന്ദ്രങ്ങളിലായി 2.28 ലക്ഷം പേരാണ് ഞായറാഴ്‌ച പരീക്ഷ എഴുതേണ്ടിയിരുന്നത്. ഭൂരിഭാഗം വിദ്യാർഥികളും ദൂരസ്ഥലങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടശേഷമാണ് റദ്ദാക്കൽ പ്രഖ്യാപിച്ചത്. കേരളത്തിലെ വിദ്യാർഥികൾക്ക് ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ കേന്ദ്രങ്ങളിലും പരീക്ഷയുണ്ടായിരുന്നു. തലേന്നുതന്നെ ട്രെയിനിലും വിമാനത്തിലുംമറ്റും സെന്ററിലെത്തിയവർ നട്ടംതിരിഞ്ഞു. ദിവസങ്ങൾ അവധിയെടുത്ത് പഠിച്ചവർക്ക് അടുത്തപരിക്ഷയിലും ഇത് ആവർത്തിക്കേണ്ടിവരും.
വിദ്യാർഥികളുടെ ഭാവി പന്താടുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവും ശക്തമായി. ഞായറാഴ്‌ച ഡൽഹി ജന്തർ മന്തറിൽ രക്ഷിതാക്കളും വിദ്യാർഥികളും പ്രതിഷേധിച്ചു. എസ്‌എഫ്‌ഐയും പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
“മെയ് അഞ്ചിന് നടന്ന നീറ്റ് യുജി പരീക്ഷയിൽ ക്രമക്കേടുകൾ നടത്തിയ 63 വിദ്യാർഥികളെ പരീക്ഷകളിൽനിന്ന് വിലക്കിയതായി (ഡീബാർ) എൻടിഎ അറിയിച്ചു. ഗുജറാത്തിൽ 30, ബിഹാറിൽ 17ഉം പേരെയാണ് വിലക്കിയത്. കേസിൽ മഹാരാഷ്‌ട്രയിലെ ലാത്തൂരിൽ സ്വകാര്യ പരിശീലന കേന്ദ്രം നടത്തുന്ന രണ്ട് അധ്യാപകരെ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ വിഭാഗം (എടിഎസ്) കസ്റ്റഡിയിൽ എടുത്തു. അന്വേഷണത്തിനായി ബിഹാറിലെ നവാഡയിലെത്തിയ നാലംഗ സിബിഐ സംഘത്തെയാണ് ഒരുസംഘമാളുകൾ മർദിച്ചത്. സംഭവത്തിൽ ആറ് പേർ അറസ്‌റ്റിലായി.
ചട്ടവിരുദ്ധമായി നൽകിയ ഗ്രേസ്‌മാർക്ക് റദ്ദാക്കിയതിനെ തുടർന്ന് നടത്തിയ പുനഃപരീക്ഷയിൽ 750 പേർ ഹാജരായില്ല. ഞായറാഴ്‌ച നടത്തിയ പരീക്ഷയിൽ 1563പേരിൽ എത്തിയത് 813 പേർമാത്രം. പരീക്ഷയിലെ ക്രമക്കേട് വെളിവാക്കുന്നതാണ് പങ്കെടുത്തവരുടെ ഹാജർനില. പരീക്ഷാസമയം പുർണമായി ലഭിച്ചില്ലെന്ന് കാട്ടി കോടതിയെ സമീപിച്ചവർക്കാണ് എൻടിഎ ചട്ടവിരുദ്ധമായി 70 മാർക്ക് വരെ ഗ്രേസ് മാർക്ക് നൽകിയത്.