Monday, December 23, 2024
Homeഇന്ത്യകുടുംബത്തെപ്പോലും നോക്കാതെ വ്യാജമദ്യം കഴിച്ചവർക്കെന്തിനാണ് പത്തുലക്ഷം; വിമർശനവുമായി കസ്തൂരി.

കുടുംബത്തെപ്പോലും നോക്കാതെ വ്യാജമദ്യം കഴിച്ചവർക്കെന്തിനാണ് പത്തുലക്ഷം; വിമർശനവുമായി കസ്തൂരി.

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി. പത്തുലക്ഷം രൂപയാണ് സർക്കാർ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. സ്വന്തം കുടുംബത്തെ നോക്കാതെ വ്യാജ മദ്യം കുടിച്ചു മരിച്ച സംഭവത്തിൽ എന്തിനാണ് ധന സഹായം നൽകുന്നതെന്ന് നടി എക്സ് അക്കൗണ്ടിലൂടെ ചോദിച്ചു.പത്തുലക്ഷം, ഏതെങ്കിലും കായികതാരത്തിനോ യുദ്ധത്തിൽ വീരചരമമടഞ്ഞവർക്കോ ശാസ്ത്രജ്ഞനോ കർഷകർക്കോ ആണോ നൽകുന്നതെന്ന് കസ്തൂരി ചോദിച്ചു.

കുടുംബത്തെ ഉപേക്ഷിച്ച് കള്ളച്ചാരായം കുടിച്ച് മരിച്ചവർക്കാണീ തുക നൽകുന്നത്. ഈ മോശം ദ്രാവിഡ മോഡലിൽ പത്ത് ലക്ഷം രൂപ സമ്പാദിക്കാൻ അധ്വാനിക്കേണ്ട ആവശ്യമില്ല, നല്ല മദ്യപാനി ആയാൽ മതിയെന്ന് കസ്തൂരി വിമർശിച്ചു.

ദയവായി കുടിക്കരുതെന്ന് മറ്റൊരു പോസ്റ്റിൽ കസ്തൂരി ആവശ്യപ്പെടുന്നു. മദ്യാസക്തി ജീവിതത്തിൽ മാത്രമല്ല, മരണത്തിലും മാന്യത കവർന്നെടുക്കുന്നുവെന്നും കസ്തൂരി അഭിപ്രായപ്പെട്ടു. കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുന്നതിന്റെ ചിത്രവും കസ്തൂരി പങ്കുവെച്ചിട്ടുണ്ട്.

സ്വന്തം ജീവിതം നശിപ്പിച്ച്, കുടുംബം തകർത്ത്, അന്തസ്സില്ലാത്ത മരണം വരിച്ചു എന്നും അവർ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.വിഷമദ്യം കുടിച്ച് മരിച്ചവർക്ക് നൽകുന്നതല്ലല്ലോ എന്നും മരിച്ചവരുടെ കുടുംബത്തിനല്ലേ സാമ്പത്തിക സഹായം നൽകുന്നതെന്നും ചോദിച്ച് ചിലർ രം​ഗത്ത് വന്നു. കസ്തൂരിയുടെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പലരും അഭിപ്രായപ്പെട്ടു.

അതേസമയം കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. 115 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 20ലധികം പേരുടെ നില ​ഗുരുതരമായി തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments