മുംബൈ; ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കാനുള്ള ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ശ്രമം തടഞ്ഞതായി പൊലീസ്. മഹാരാഷ്ട്രയിലെ പനവേലിൽ വെച്ച് സൽമാനെ വധിക്കാനുള്ള ശ്രമമാണ് തടഞ്ഞതെന്ന് നവി മുംബൈ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ധനഞ്ജയ് താപ്‌സിങ്, ഗൗരവ് ഭാട്ടിയ, വസ്പി ഖാൻ, റിസ്‌വാൻ ഖാൻ എന്നിവരാണ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പിടിയിലായത്.
സൽമാന്റെ ഫാംഹൗസ് സ്ഥിതി ചെയ്യുന്ന പനവേലിൽ വെച്ച് കാർ തടഞ്ഞ് നിർത്തി നടനെ വെടിവച്ചു കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതിനായി ഏയുധ ഇടപാടുകാരനിൽ നിന്ന് എ കെ 47 തോക്കുകൾ വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. ഇവർ ഫാം ഹൗസിന് സമീപത്തും സൽമാന്റെ ഷൂട്ടിങ് ലൊക്കേഷൻ പരിസരത്തും നിരീക്ഷണം നടത്തിയെന്നും പൊലീസ് വ്യക്തമാക്കി. 4 പേരെ അറസ്റ്റ് ചെയ്തത് കൂടാതെ 17 പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവരെല്ലാം ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ്യുടെ സംഘത്തിൽപ്പെട്ടവരാണെന്നാണ് വിവരം. ഏപ്രിലിലും സൽമാന്റെ വീടിന് മുന്നിൽ ബിഷ്ണോയ് സംഘം ആക്രമണം നടത്തിയിരുന്നു. സൽമാൻ ഖാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള ഗാലക്സി അപ്പാർട്ട്മെന്റിന് നേരെയാണ് അക്രമികൾ വെടിയുതിർത്തത്.