ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിന് സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി. അഭിഭാഷകനായ വൈഭവ് സിങ് ആണ് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ചെയ്തത്.
റൗസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബാവെജയക്ക് മുമ്പാകെ മാര്‍ച്ച് 28-ന് അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കിയപ്പോള്‍ നടന്ന കോടതി നടപടികളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അന്ന് കോടതിയില്‍ കെജ്രിവാള്‍ കേസുമായി ബന്ധപ്പെട്ട തന്റെ ഭാഗം വിശദീകരിച്ചിരുന്നു. ഇത് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍, വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി നടപടികളില്‍ പങ്കെടുക്കുന്നവര്‍ അത് റെക്കോര്‍ഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ മാര്‍ഗരേഖയുടെ ലംഘനമാണ് കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്തതതിലൂടെ നടന്നതെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുനിത കെജ്രിവാള്‍ കോടതി നടപടികളുടെ ഓഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് റീപോസ്റ്റ് ചെയ്യുകയും ചെയ്തതായാണ് ഹര്‍ജിയില്‍ പറയുന്നത്. ഓഡിയോ, വീഡിയോ റെക്കോര്‍ഡിങ്ങുകള്‍ നടത്തിയതിനെക്കുറിച്ചും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെക്കുറിച്ചും പ്രത്യേക സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.കുറ്റക്കാര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടിയും വീഡിയോ കോണ്‍ഫറന്‍സ് സംബന്ധിച്ച 2021 ഹൈക്കോടതി ചട്ടങ്ങളുടെ ലംഘനത്തിനും കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.