ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ മർദിച്ചെന്ന ആരോപണം ശരിയല്ലെന്ന് സ്ഥാപിച്ചുള്ള യൂട്യൂബർ ധ്രുവ് റാഠിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പുതിയ അവകാശവാദങ്ങളുമായി രാജ്യസഭാംഗം സ്വാതി മലിവാൾ രംഗത്ത്. ധ്രുവിന്റെ വീഡിയോയ്ക്ക് പിന്നാലെ ബലാത്സംഗം ചെയ്യും കൊല്ലും തുടങ്ങിയ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായാണ് സ്വാതിയുടെ അവകാശവാദം. സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടും സമൂഹമാധ്യമങ്ങളിൽ സ്വാതി പങ്കുവച്ചു.
തന്റെ പാർടിയുടെ നേതാക്കളും പ്രവർത്തകരും വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള സംഘടിത പ്രചാരണം ആരംഭിച്ചതോടെ തനിക്ക് നിരവധിയായ ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നത്. ധ്രുവിന്റെ ഏകപക്ഷീയമായ വീഡിയോ വന്നതിനുശേഷം ഭീഷണി വർധിച്ചു. തന്റെ പരാതി പിൻവലിപ്പിക്കാനുള്ള സമ്മർദം തുടരുകയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരാണ് പ്രേരിപ്പിച്ചതെന്ന് എല്ലാവർക്കും ഇപ്പോൾ അറിയാം–- സ്വാതി സമൂഹമാധ്യമത്തിൽ കുറിച്ചു.
കെജ്‌രിവാളിന്റെ വസതിയിലെ സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ചുള്ള ധ്രുവിന്റെ രണ്ടര മിനിറ്റ് വീഡിയോ സ്വാതിയുടെ കള്ളത്തരം വെളിപ്പെടുത്തുന്നതാണ്. ബിഭവ് കുമാർ മർദിച്ചെന്ന് അവകാശപ്പെട്ടതിന്റെ മൂന്നാം ദിവസം നടക്കാൻ ബുദ്ധിമുട്ടുന്ന സ്വാതിയുടെ വീഡിയോയും മർദനം ഉണ്ടായെന്ന് അവകാശപ്പെട്ട ദിവസം ഒരു പ്രയാസവുമില്ലാതെ നടന്നുനീങ്ങുന്ന വീഡിയോയും പങ്കുവച്ചാണ് എന്താണ് വാസ്‌തവമെന്ന് ധ്രുവ് ചോദിക്കുന്നത്.