ഗുജറാത്തില്‍ 600 വര്‍ഷം പഴക്കമുള്ള ദര്‍ഗ ആക്രമിച്ച് വിഗ്രഹങ്ങള്‍ സ്ഥാപിച്ചു.തീവ്രഹിന്ദുസംഘടനകളാണ് പിന്നിലെന്നു പറയപ്പെടുന്നു.ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് സംഭവം നടന്നത്, അഹമ്മദാബാദിനടുത്ത് പിരാനയിലെ ഇമാം ഷാ ബാബയുടെ ദർഗയിൽ ചൊവ്വ രാത്രിയായിരുന്നു ആക്രമണം. കെട്ടിടങ്ങൾക്ക് കേടുപാടുണ്ടാക്കുകയും ജനൽചില്ലുകളും മറ്റും തകർക്കുകയുംചെയ്‌തു.
കല്ലേറിൽ പൊലീസുകാരനുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. 35 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇമാം ഷാ ബാബ ട്രസ്റ്റിലെ ഹിന്ദു, മുസ്ലിം അംഗങ്ങൾതമ്മിൽ സമീപകാലങ്ങളിലായി ദർഗയെച്ചൊല്ലി തർക്കമുണ്ടായിരുന്നു. 2022‑ൽ ദർഗയ്ക്കും സമീപത്തെ മസ്‌ജിദിനുമിടയിൽ ട്രസ്റ്റിലെ ചിലർ മതിൽ പണിയാൻ തീരുമാനിച്ചു.
തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി കുടുംബങ്ങൾ പ്രദേശം വിട്ടുപോയി. കഴിഞ്ഞ ആഗസ്തിൽ ഹിന്ദുത്വ സംഘടനകൾ ദർഗയുടെ പേര് സദ്ഗുരു ഹൻസ്റ്റേജ് മഹാരാജ് എന്നാക്കാൻ ശ്രമിച്ചിരുന്നു.ദർഗ കൈയേറി ക്ഷേത്രമാക്കാനുള്ള നീക്കത്തിനെതിരെ സുന്നി അവാമി ഫോറം നേരത്തേ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.