Monday, December 23, 2024
Homeഇന്ത്യഅധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും- നിർമല സീതാരാമൻ.

അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും- നിർമല സീതാരാമൻ.

ന്യൂഡൽഹി: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇലക്ടറൽ ബോണ്ടിലെ ചില ഭാ​ഗങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പറഞ്ഞ അവർ, മികച്ച കൂടിയാലോചനകളിലൂടെ അവ ഏതെങ്കിലും രൂപത്തിൽ തിരികെ കൊണ്ടുവരാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. ഒരു ഇം​ഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ഞങ്ങൾക്ക് നിക്ഷേപകരുമായി കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്. എല്ലാവർക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് നിർമിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തും. പ്രാഥമികമായി, സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കുമെന്നും അവർ പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമോയെന്ന് കേന്ദ്രസർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നിർമല വ്യക്തമാക്കി.

ഇതാദ്യമായല്ല ഇലക്ടറൽ ബോണ്ടിനെ അനുകൂലിച്ച് നിർമല സീതാരാമൻ രം​ഗത്തെത്തുന്നത്. മുൻപ് ഉണ്ടായിരുന്ന സംവിധാനത്തേക്കാൾ ഒരുപടി മുന്നിലായിരുന്നു ഇലക്ടറൽ ബോണ്ടെന്ന് അവർ മറ്റൊരു അഭിമുഖത്തിൽ‌ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ധനസഹായം കുറ്റമറ്റതാക്കാനാണ് ബിജെപി ഈ നിയമം കൊണ്ടുവന്നതെന്നും തിരഞ്ഞെടുപ്പ് ഫണ്ടിങ് കൂടുതൽ സുതാര്യതയിലൂടെ നടക്കേണ്ടതുണ്ടെന്നും നിർമല വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നൽകാൻ 2018 ജനുവരി രണ്ടിനാണ് കേന്ദ്ര സർക്കാർ ഇലക്ടറൽ ബോണ്ട് ആവിഷ്ക്കരിച്ചത്. എന്നാൽ 2024 ഫെബ്രുവരി 15-ന് സുപ്രീംകോടതിയുടെ അഞ്ചം​ഗ ഭരണഘടനാ ബെഞ്ച് ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അത് റദ്ദാക്കണമെന്ന് വിധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments