Monday, December 23, 2024
Homeഇന്ത്യഊരുവിലക്കുമായി കർഷകർ, പ്രതിഷേധച്ചൂടറിഞ്ഞ് സ്ഥാനാർഥികൾ; പ്രതീക്ഷ വിടാതെ ബി.ജെ.പി.

ഊരുവിലക്കുമായി കർഷകർ, പ്രതിഷേധച്ചൂടറിഞ്ഞ് സ്ഥാനാർഥികൾ; പ്രതീക്ഷ വിടാതെ ബി.ജെ.പി.

ലോകം ശ്രദ്ധിച്ച കർഷകസമരത്തിനുശേഷം രാജ്യത്ത് നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കർഷകരോഷം തിളയ്ക്കുന്നു. കർഷകസമരത്തിന്റെ കനലുകൾ ഇനിയും അണഞ്ഞിട്ടില്ലാത്ത പഞ്ചാബിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.ക്കെതിരായ വികാരം ഗ്രാമങ്ങളിൽ ശക്തിപ്രാപിക്കുകയാണ്. ചില ഗ്രാമങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ബി.ജെ.പി.ക്കാരെ ഊരുവിലക്കി തടയുന്നുണ്ട്. പലയിടത്തും കരിങ്കൊടി കാണിച്ച് തിരിച്ചയക്കുന്നു.

അടുത്തിടെ കോൺഗ്രസ് വിട്ട്‌ ബി.ജെ.പി.യിൽ ചേർന്ന മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗറിന് സിറ്റിങ് മണ്ഡലമായിട്ടുപോലും പട്യാലയിൽ കഴിഞ്ഞദിവസം വലിയ പ്രതിഷേധം നേരിടേണ്ടിവന്നു. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഇളക്കിവിടുന്നതാണെന്നാരോപിച്ച് പ്രതിപക്ഷത്തെയാണ് പ്രതിഷേധത്തിനു കാരണക്കാരായി ബി.ജെ.പി. പഴിക്കുന്നത്.

വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരായ ഡൽഹിയിലെ ആദ്യ കർഷകസമരത്തിന്റെ ഊർജം കൈവരിച്ചില്ലെങ്കിലും പഞ്ചാബ്-ഹരിയാണ അതിർത്തിയിൽ നടക്കുന്ന ‘ഡൽഹി ചലോ’ മാർച്ച് പഞ്ചാബിലെയും ഹരിയാണയിലെയും കർഷകർക്കിടയിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.

ബാരിക്കേഡുകളും കണ്ണീർവാതക ഷെൽ പ്രയോഗവുമായി ഡൽഹിയിലേക്കുള്ള മാർച്ച് തടഞ്ഞതിന്റെ േപരിൽ കേന്ദ്രത്തിലെയും ഹരിയാണയിലെയും ബി.ജെ.പി. സർക്കാരുകൾക്കെതിരേ പഞ്ചാബിന്റെ താഴെത്തട്ടിൽ കർഷകരോഷം ശക്തമാണ്. ഹരിയാണ പോലീസിന്റെ നടപടിയിൽ യുവകർഷകൻ കൊല്ലപ്പെട്ടതോടെ ദേഷ്യമിരട്ടിച്ചു. എല്ലാവരും സമരത്തിനിറങ്ങിയിരുന്നില്ലെങ്കിലും പോലീസ് നടപടിയുണ്ടായതോടെയാണ് ബി.ജെ.പി. സർക്കാരിനെതിരായ വികാരം ഗ്രാമങ്ങളിൽ പടർന്നത്. കർഷകസംഘടനകളുടെ ആഹ്വാനത്തോടെ അത്‌ പ്രതിഷേധമായി രൂപം മാറി.

പോലീസ് അതിക്രമത്തിന്റെ ചിത്രങ്ങളോടെയുള്ള പോസ്റ്ററുകളും ബാനറുകളും ഗ്രാമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബി.ജെ.പി. നേതാക്കൾക്ക് പ്രവേശനമില്ലെന്ന ബാനറുകളും ചിലർ ഉയർത്തി. സാമൂഹികമാധ്യമങ്ങളിലും ബി.ജെ.പി.ക്കെതിരായ പ്രചാരണം സജീവമാണ്. ‘ഡൽഹി ചലോ’ മാർച്ച് നടക്കുന്ന പഞ്ചാബിലാണ് എതിർപ്പ് ശക്തമെങ്കിലും അയൽസംസ്ഥാനമായ ഹരിയാണയിലും കർഷകപ്രതിഷേധങ്ങളുണ്ട്. ഡൽഹിയിലേക്കു വിടാതെ തടഞ്ഞ ബി.ജെ.പി.ക്കാർ തങ്ങളുടെ ഗ്രാമങ്ങളിലേക്കും വരേണ്ടെന്നാണ് കർഷകനേതാക്കൾ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments