അരവിന്ദ് കെജ്രിവാളിന് കൂടുതൽ ദിവസം അഭിഭാഷകനെ കാണാൻ അനുവാദം നിഷേധിച്ച് കോടതി. അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ് അവന്യു കോടതി തള്ളി. തടവിൽ മുഖ്യമന്ത്രി പരിഗണന സാധ്യമല്ലെന്നും കോടതി അറിയിച്ചു.
അതേസമയം മദ്യനയ കേസിലെ അറസ്റ്റും റിമാൻഡും നിയമപരമാണെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും സ്ഥാപിക്കാൻ കെജ്രിവാൾ ഉന്നയിച്ച വാദങ്ങൾ തള്ളിയാണ് ഹൈക്കോടി ഉത്തരവിട്ടത്. മദ്യനയം രൂപീകരിച്ചത് കെജ്രിവാളിൻറെ അറിവോടെയാണെന്ന രേഖകളാണ് ഇഡി ഹാജരാക്കിയത്. ഇതിലൂടെ കിട്ടിയ പണം ഗോവ തെരഞ്ഞെടുപ്പിന് ചെലവാക്കിയെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികളുണ്ട്.
തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്താനാണ് അറസ്റ്റ് എന്ന കെജ്രിവാളിൻറെ വാദവും ഹൈക്കോടതി തള്ളി. ഇഡിയുടെ സമൻസ് നിരന്തരം തള്ളി കെജ്രിവാളാണ് നടപടികൾ വൈകിച്ചത്. മുഖ്യമന്ത്രിയും സാധാരണക്കാരും നിയമത്തിനു മുന്നിൽ തുല്യരാണെന്നും ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ അരവിന്ദ് കെജ്രിവാൾ ജയിൽ തുടരാനാണ് സാധ്യത.