ആകാശത്തു വെച്ചായിരുന്നു അമിത് ഷായുടെ പ്രവചനം.”ഒരു കാര്യം എനിക്ക് അറിയാം. അമേഠിയില്‍ ഇത്തവണ രാഹുല്‍ പരാജയപ്പെടും. തെക്ക്, വടക്ക് എന്നൊക്കെപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കണ്ട. അമേഠിയില്‍ രാഹുലിന്റെ പരാജയം ഉറപ്പാണ്.”-അമേഠിക്ക് പിന്നാലെ വയനാട്ടിലും രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാവുകയും രണ്ട് മണ്ഡലങ്ങളിലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുകയും ചെയ്ത 2019-ന്റെ മധ്യകാലമായിരുന്നു അത്. കര്‍ണാടകയിലെ ഹുബ്ബാളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിനുള്ളില്‍ ഈ ലേഖകനും അന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷനായ അമിത് ഷായും മുഖാമുഖം ഇരുന്ന സമയത്തായിരുന്നു ഈ പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഉഷ്ണം ഉഷ്ണമാപിനികളെപ്പോലും പൊള്ളിച്ചുകൊണ്ടിരുന്ന ദിവസങ്ങളിലൊന്നായിരുന്നു അത്.
”രാഹുല്‍ ഗാന്ധി ഇക്കുറി വയനാട്ടില്‍ സ്ഥാനാര്‍ഥിയായിരിക്കുന്നു. മോദി സര്‍ക്കാര്‍ ദക്ഷിണേന്ത്യയെ അവഗണിച്ചെന്നും വടക്ക്-തെക്ക് ബന്ധം ഊട്ടിയുറപ്പിക്കാനാണ് താന്‍ വയനാട് മത്സരിക്കുന്നതെന്നുമാണ് രാഹുലിന്റെ ന്യായീകരണം. ഇതെക്കുറിച്ച് എന്ത് പറയുന്നു ? ”-എന്ന ചോദ്യത്തിനായിരുന്നു പ്രവചന സ്വഭാവമുള്ള മറുപടി. രാഷ്ട്രീയം കൈവെള്ളയിലാക്കിയ പ്രായോഗിക രാഷ്ട്രീയക്കാരുടെ ശ്രേണിയില്‍ നടന്നു പരിചയിച്ച ഒരു നേതാവിന് ഫലം മുന്‍കൂട്ടി കാണുക അനായാസം എന്ന മട്ടായിരുന്നു അപ്പോള്‍ അമിത് ഷായ്ക്ക്.
അന്ന് കേന്ദ്ര മന്ത്രിയായിരുന്നില്ല അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ കാണാച്ചരടുകള്‍ കയ്യിലേന്തി വടക്കുനിന്ന് തെക്കുവരെ പറന്നു കൊണ്ടിരുന്ന ബി.ജെ.പി. രാഷ്ട്രീയത്തിന്റെ നവീന പരമാധികാരി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. അഭിമുഖത്തില്‍ ഷായുടെ കേന്ദ്രമന്ത്രി പദത്തെക്കുറിച്ചും ചോദ്യമുയര്‍ന്നു.
”താങ്കളും ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ്. എന്‍.ഡി.എ സര്‍ക്കാരുണ്ടാക്കിയാല്‍ മന്ത്രിയാകുമെന്നും മന്ത്രിസഭയില്‍ രണ്ടാമനാകുമെന്നുമാണ് ഡല്‍ഹിയിലെ സംസാരം? എത്രമാത്രം വാസ്തവമുണ്ട് ? ” എന്നായിരുന്നു ചോദ്യം.
”എനിക്ക് മന്ത്രിയാകണമെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. ഞാന്‍ ഇപ്പോള്‍ രാജ്യസഭാംഗമാണ്. മന്ത്രിയാകാന്‍ വേണ്ടിയല്ല ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഞാന്‍ അഞ്ചുവട്ടം ഗുജറാത്ത് നിയമസഭാംഗമായിരുന്നു. നേരത്തെ സംസ്ഥാന രാഷ്ട്രീയത്തിലായിരുന്നു. ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍. നിയമസഭാംഗമെന്ന നിലയിലുള്ള എന്റെ കാലാവധി പൂര്‍ത്തിയായ സമയത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയമായിരുന്നില്ല. അതിനാല്‍ രാജ്യസഭാംഗമായി. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമയമായി. അതിനാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു. അത്ര മാത്രം.”അമിത് ഷായുടെ വ്യക്തതയുള്ള മറുപടി.