ഇത്തവണത്തെ ഹോളി ആഘോഷം ‘മെയ്ഡ് ഇൻ ഇന്ത്യ’ സാധനങ്ങളിലൂടെ ആഘോഷിക്കാനൊരുങ്ങി വ്യാപാരികൾ. ചൈനീസ് നിർമ്മിത അലങ്കാരവസ്തുക്കൾ പൂർണ്ണമായും ബഹിഷ്കരിച്ച് കൊണ്ടാണ് ഇക്കുറി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുക. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ചൈനീസ് ഉൽപ്പന്നങ്ങൾ ഒഴിവാക്കിയതോടെ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്.
ഹെർബൽ കളറുകൾ, ഗുലാൽ, വാട്ടർ ഗൺ, ബലൂണുകൾ, ചന്ദനം, പൂജാ സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങൾ. ഇതിന് പുറമേ, മധുര പലഹാരങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, ഗിഫ്റ്റ് ഐറ്റംസ്, പൂക്കൾ, പഴങ്ങൾ, ഫർണിഷിംഗ് സാധനങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഹോളി വ്യാപകമായി ആഘോഷിക്കാനുള്ളത്. ഡൽഹിയിൽ മാത്രം ഇത്തവണ 3,000-ലധികം പരിപാടികളാണ് ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുക.