ന്യൂഡൽഹി:പഞ്ചാബിൽ ഒറ്റപ്പെടൽ നേരിടുന്ന ബിജെപി ശിരോമണി അകാലിദളുമായി (എസ്‌എഡി) വീണ്ടും സഖ്യം സ്ഥാപിക്കാൻ ഒരുങ്ങുന്നു. രണ്ടു പാർടിയും തമ്മിൽ ചർച്ച നടന്നുവരികയാണെന്ന് ബിജെപി വക്താവ് എസ് എസ് ചന്നി സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച ചേരുന്ന എസ്‌എഡി കോർകമ്മിറ്റി യോഗം എടുക്കുന്ന തീരുമാനം നിർണായകമാകുമെന്ന് പാർടി ജനറൽ സെക്രട്ടറി ദൽജിത് സിങ് ചീമ പറഞ്ഞു. സീറ്റ് പങ്കിടൽ സംബന്ധിച്ച് ബിജെപി മുന്നോട്ടുവച്ച നിർദേശത്തിൽ എസ്എഡിയുടെ നിലപാടാണ് പ്രധാനം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ 13 സീറ്റിൽ കോൺഗ്രസ് എട്ടിടത്ത് ജയിച്ചു. സഖ്യകക്ഷികളായിരുന്ന ബിജെപിക്കും എസ്‌എഡിക്കും രണ്ടുവീതം കിട്ടി. എഎപി ഒരിടത്ത് ജയിച്ചു. 2020ൽ കേന്ദ്ര സർക്കാർ മൂന്ന് കാർഷികനിയമം പാസാക്കിയതിനെത്തുടർന്നാണ് എൻഡിഎ ബന്ധം എസ്‌എഡി വേർപെടുത്തിയത്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് തകർന്നു. 117ൽ 93 സീറ്റോടെ എഎപി അധികാരത്തിൽ വന്നു. കോൺഗ്രസ് 15 സീറ്റിൽ ഒതുങ്ങി. വെവ്വേറെ മത്സരിച്ച എസ്‌എഡിക്ക് മൂന്നും ബിജെപിക്ക് രണ്ടും വീതം സീറ്റാണ് കിട്ടിയത്.