ന്യൂഡൽഹി: പ്രതിപക്ഷ വിമർശനം ശക്തമായി തുടരുമ്പോഴും പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. വിജ്‍ഞാപനത്തിന് പിന്നാലെ സി എ എ വെബ്സൈറ്റ് തുറന്ന കേന്ദ്ര സർക്കാർ ഇപ്പോൾ സി എ എ ആപ്പും പുറത്തിറക്കി. CAA 2019 എന്ന പേരിൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ ആപ്പ് വഴിയും ഇനി പൗരത്വത്തിനായി അപേക്ഷിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.
അപേക്ഷകർക്ക് ഗൂഗിൾ പ്ലേയിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലൂടെ (indiancitizenshiponline.nic.in) പൗരത്വത്തിനായി അപേക്ഷിക്കാം. നേരത്തേ, ആഭ്യന്ത്രമന്ത്രാലയം അപേക്ഷകർക്ക് വേണ്ടി ഒരു പോർട്ടൽ അവതരിപ്പിച്ചിരുന്നു.
1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ നിയമം. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം.
2014-ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്‍. 2016 ജൂലൈ 19-നാണ് ആദ്യമായി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 12-ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു കൈമാറി. 2019 ജനുവരി ഏഴിനാണു സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
2019 ജനുവരി എട്ടിനു ബില്‍ ലോക്‌സഭ പാസാക്കി. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാതിരുന്ന സാഹചര്യത്തില്‍ പതിനാറാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവായി. വീണ്ടും ഡിസംബര്‍ നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്‍ ഒൻപതാം തീയതി ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. 311 വോട്ടുകള്‍ക്കു ലോക്സഭയിൽ ബിൽ പാസായിരുന്നു.