ബംഗ്ലാദേശിലെ രാജ്ഷാഹിയേയും ഇന്ത്യയിലെ കൊല്‍ക്കത്തയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രെയിന്‍ സര്‍വ്വീസ് പുനരാംഭിക്കുന്നതായി പ്രഖ്യാപിച്ചത്. 77 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനരാരാംഭിക്കുന്നത്
ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള നാലാമത്തെ രാജ്യാന്തര ട്രെയിന്‍ സര്‍വ്വീസാണിത്. കൊല്‍ക്കത്ത-ധാക്ക മൈത്രി എക്‌സ്പ്രസ്, കൊല്‍ക്കത്ത-ഖുല്‍ന ബന്ധന്‍ എക്‌സ്പ്രസ്, ന്യൂജയ്പാല്‍ഗുഡി-ധാക്ക മിതാലി എക്‌സ്പ്രസ് എന്നിവയാണ് മറ്റ് മൂന്ന് ട്രെയിന്‍ സര്‍വ്വീസുകള്‍.
രാജ്ഷാഹി-കൊല്‍ക്കത്ത ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നത് വടക്കന്‍ ബംഗ്ലാദേശിലെയും രാജ്ഷാഹി ഡിവിഷനിലേയും ജനങ്ങള്‍ക്ക് ഏറെ ഗുണകരമായിരിക്കുമെന്നാണ് കരുതുന്നത്. യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനൊപ്പം ഇന്ത്യയുമായുള്ള ആശയവിനിമയം ശക്തമാക്കാനും ട്രെയിന്‍ സര്‍വ്വീസിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. 1947ല്‍ ഇന്ത്യ-പാക് വിഭജനത്തിന് മുമ്പ് വരെ രാജ്ഷാഹി-കൊല്‍ക്കത്ത ട്രെയിന്‍ സര്‍വ്വീസ് പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായുള്ള ആശയവിനിമയം കൂടുതല്‍ ശക്തമാക്കാന്‍ പുതിയ ട്രെയിന്‍ സര്‍വ്വീസിന് സാധിക്കുമെന്ന് രാജ്ഷാഹി സിറ്റി കോര്‍പ്പറേഷന്‍ മേയര്‍ ഖൈറുസ്സമാന്‍ ലിറ്റണ്‍ പറഞ്ഞു. രാജ്ഷാഹിയില്‍ നിന്ന് നൂറുകണക്കിന് രോഗികളാണ് ദിവസവും ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്നത്. കൂടാതെ നിരവധി പേര്‍ ദിവസവും പശ്ചിമ ബംഗാളിലേക്കും യാത്ര ചെയ്യാറുണ്ട്. കച്ചവടക്കാര്‍ക്കും ട്രെയിന്‍ സര്‍വ്വീസ് ഗുണകരമായിരിക്കുമെന്നാണ് കരുതുന്നത്.