ചെന്നൈ :- 50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിന് 15,000 രൂപ പിഴ ചുമത്തി കോടതി. ചെന്നൈ സ്വദേശിനിയായ മാനഷ എന്ന യുവതി നൽകിയ പരാതിയിലാണ് നടപടി. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് ഉത്തരവ്.
അമിത തുക ഈടാക്കിയതിന് പോസ്റ്റ് ഓഫീസ് ഉപഭോക്താവിന് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബർ മൂന്നിന് യുവതി പോസ്റ്റ് ഓഫീസില്‍ രജിസ്ട്രേഡ് കത്ത് അയക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
29.50 രൂപയായിരുന്നു അവിടെ തപാൽ ഫീസ്. മാനഷ 30 രൂപയാണ് നൽകിയത്. തുടർന്ന് ഇതിന്റെ ബാക്കി 50 പൈസ തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും തപാല്‍ ഉദ്യോഗസ്ഥര്‍ അതിന് തയ്യാറായില്ല. അവരുടെ സിസ്റ്റം ഓട്ടോമാറ്റിക്കായി തുക 30 രൂപയാക്കി മാറ്റിയെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്. എന്നാൽ 50 പൈസയിൽ താഴെയുള്ള തുകകൾ സാധാരണയായി അവഗണിക്കാറുണ്ടെന്നും അടുത്തുള്ള രൂപയിലേക്ക് റൗണ്ട് ഓഫ് ചെയ്യാൻ സോഫ്റ്റ്‍വെയർ സജ്ജീകരിച്ചിട്ടുണ്ടെന്നും ആയിരുന്നു പോസ്റ്റ് ഓഫീസ് കോടതിയ്ക്ക് നൽകിയ മറുപടി.
കൂടാതെ യുപിഐ പേയ്‌മെൻ്റിൽ സാങ്കേതിക തകരാർ ഉണ്ടായതു മൂലം 2024 മെയ് മാസത്തില്‍ അത് നിർത്തലാക്കിയെന്നും പോസ്റ്റ് ഓഫീസ് ചൂണ്ടിക്കാട്ടി. ശേഷം ഇരുവിഭാഗത്തിൻ്റെയും വാദങ്ങള്‍ ശ്രദ്ധാപൂർവം പരിഗണിച്ച കമ്മീഷൻ, സോഫ്‌റ്റ്‌വെയറിലെ തകരാർ മൂലം അമിത നിരക്ക് ഈടാക്കിയത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ അന്യായമായ വ്യാപാര സമ്പ്രദായമാണെന്ന് കണ്ടെത്തുകയും പോസ്റ്റ് ഓഫീസ് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിടുകയും ആയിരുന്നു.