ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിൽ മാൻസ തോലയിലെ റോയൽ സ്‌കൂളിന് സമീപമാണ് വ്യാഴാഴ്ച അപകടം നടന്നത്. കുട്ടികൾ ഹെഡ്ഫോണുകൾ ഉപയോഗിച്ചുകൊണ്ട് ഗെയിം കളിച്ചതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്.
ഫുർകാൻ ആലം,സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ സംസ്കാരം നടത്താൻ കുടുംബാംഗങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. നിരവധി ആളുകളാണ് സംഭവം അറിഞ്ഞ് റെയിൽവേ ട്രാക്കിന്റെ പരിസരത്ത് തടിച്ചുകൂടിയത്.
സദർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) വിവേക് ദീപ്, റെയിൽവേ പോലീസ് എന്നിവർ സംഭവസ്ഥലത്തെത്തി അപകടത്തിൻ്റെ വിവരങ്ങൾ അന്വേഷിച്ചു.
അപകടത്തിന്റെ യഥാർത്ഥ സാഹചര്യം കണ്ടെത്തുന്നതിന് മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമം നടക്കുന്നെന്നും അപകടം നടക്കുമ്പോൾ കുട്ടികൾ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായും വിവേക് ദീപ് പറഞ്ഞു.
കുട്ടികളുടെ ഗെയിമിംഗ് ശീലങ്ങൾ നിരീക്ഷിക്കാനും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുഇടങ്ങളിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധവത്ക്കരിക്കാനും അധികൃതർ രക്ഷകർത്താക്കളോട് അഭ്യർത്ഥിച്ചു.