അമരാവതി: ആന്ധ്രാ പ്രദേശിലെ മരുന്ന് നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 17 മരണം. 41 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.
ആന്ധ്രാ പ്രദേശിലെ അനകപ്പള്ളിയിലെ സ്‌പെഷ്യൽ ഇക്കണോമിക് സോണിലെ മരുന്ന് കമ്പനിയിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അപകടമുണ്ടായത്. കമ്പനിയിൽ ആകെ 387 ജീവനക്കാരുണ്ടായിരുന്നു. പൊട്ടിത്തെറി ഉണ്ടാകുമ്പോൾ 300 ഓളം പേർ ജോലി ചെയ്തിരുന്നു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി എൻടിആർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എൻടിആർ ആശുപത്രിയിലേക്കും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കുമാണ് പരിക്കേറ്റവരെ മാറ്റിയത്. അച്യുതപുരം സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ പ്രവർത്തിക്കുന്ന എസ്സിയൻഷ്യ കമ്പനിയുടെ സ്ഥാപനത്തിലാണ് സംഭവം.
എസ്സിയൻഷ്യ ഫാർമ പ്ലാൻ്റിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് അനകപ്പള്ളി ജില്ലാ കളക്ടർ വിജയ കൃഷ്ണൻ വ്യക്തമാക്കി. റിയാക്ടർ പൊട്ടിത്തെറിച്ചല്ല അപകടമുണ്ടായത്. വൈദ്യുതിയുമായി ബന്ധപ്പെട്ടാണ് തീപിടിത്തമുണ്ടായത്. 30 പേരെ അനകപ്പള്ളിയിലെയും അച്യുതപുരത്തെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. പതിമൂന്ന് ആളുകളെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയതായും കളക്ടർ അറിയിച്ചു.
ഉച്ചഭക്ഷണ സമയത്താണ് അപകടം ഉണ്ടായത്. വൈദ്യുതിബന്ധത്തിലുണ്ടായ തകരാറാണ് പകടത്തിന് വഴിവച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രണ്ട് ഷിഫ്റ്റുകളിലായി 380 ജീവനക്കാരാണ് അപകടമുണ്ടായ മരുന്ന് നിർമാണ പ്ലാൻ്റിൽ ജോലി ചെയ്യുന്നത്.അപകടം ഉണ്ടായത് ഉച്ചഭക്ഷണ സമയത്തായതിനാൽ വൻ ദുരന്തം ഒഴിവായി. മരുന്ന് നിർമാണശാലയിൽ നിന്ന് പ്രദേശമാകെ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
തീ അണയ്ക്കാൻ ഫയർ എൻജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുകയും ചെയ്തു. മരുന്ന് നിർമാണശാലയിൽ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ആന്ധ്രപ്ര ദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നാളെ സ്ഥലം സന്ദർശിക്കും. അപകടത്തിൽ മുഖ്യമന്ത്രി വിശദമായ അന്വേഷണത്തിന് നിർദേശം നൽകി.
മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ജില്ലാ കളക്ടറുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.