Thursday, December 26, 2024
Homeസിനിമ' എൺപതുകളിലെ വസന്തം ' പാർവതി ജയറാം ' ✍അവതരണം: ആസിഫ അഫ്രോസ്,...

‘ എൺപതുകളിലെ വസന്തം ‘ പാർവതി ജയറാം ‘ ✍അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

ആസിഫ അഫ്രോസ്

80കളിലെ വസന്തങ്ങളിൽ ഇന്ന് നമുക്കൊപ്പം ഉള്ളത് പാർവതി ജയറാമാണ്.
പാർവതിയെക്കുറിച്ച് അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. 80കളിലെ മികച്ച സംവിധായകരുടെ കീഴിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ അവസരവും ഭാഗ്യവും സിദ്ധിച്ച നടിയാണ് പാർവതി. മലയാള സിനിമയുടെ വസന്തകാലത്ത് തന്റെ മുഖശ്രീ കൊണ്ട് മാത്രം ഇത്രയേറെ തിളങ്ങാൻ സാധിച്ച വേറെ നടികൾ അധികമുണ്ടാവില്ല. 80 കളുടെ അവസാനത്തിൽ മോളിവുഡിലെ മുൻനിര നടിയായിരുന്നു അവർ.

1970 ഏപ്രിൽ നാലിന് പത്തനംതിട്ടയിലെ തിരുവല്ലയിൽ കവിയൂരാണ്, ശ്രീ. രാമചന്ദ്ര കുറുപ്പിന്റെയും ശ്രീമതി. പദ്മഭായിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തവളായി അശ്വതി കുറുപ്പ് എന്ന പാർവതി ജനിക്കുന്നത്. മൂത്ത സഹോദരി ജ്യോതി. അനുജത്തി ദീപ്തിയും.

തിരുവല്ലയിലെ ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പാർവതിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതേ സ്കൂളിലെ കണക്ക് അധ്യാപികയായിരുന്നു അമ്മ. ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ നിന്നും പ്രീ ഡിഗ്രി നേടി. ഇവിടെ വെച്ചാണ് സംവിധായകൻ ലെനിൻ രാജേന്ദ്രൻ പാർവതിയെ കാണാനിടയായതും തന്റെ സിനിമയിൽ അഭിനയിപ്പിച്ചതും. എന്നാൽ നിർഭാഗ്യവശാൽ ആ ചിത്രം റിലീസായില്ല.

തുടർന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ” വിവാഹിതരെ ഇതിലെ ഇതിലെ” എന്ന തന്റെ ചിത്രത്തിലൂടെ പാർവതിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി . 1986ൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾപാർവതിക്ക് വെറും 16 വയസ്സായിരുന്നു.

തുടർന്ന് ഒട്ടനവധി പ്രശസ്ത ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത പാർവതി മലയാള സിനിമയുടെ ഐശ്വര്യമായി മാറുകയായിരുന്നു.

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പെരുവണ്ണാംപുരത്തെ വിശേഷങ്ങൾ, വടക്കുനോക്കിയന്ത്രം, അക്കരെ അക്കരെ അക്കരെ, ഉത്സവപ്പിറ്റേന്ന്, കിരീടം, വിറ്റ്നസ്, സൗഹൃദം, കാർണിവൽ, തൂവാനത്തുമ്പികൾ, മുദ്ര, ഉത്തരം, കുറുപ്പിന്റെ കണക്ക് പുസ്തകം, പുറപ്പാട്, ശുഭയാത്ര, കമലദളം, വൈശാലി, ഘോഷയാത്ര, ദിനരാത്രങ്ങൾ തുടങ്ങിയവ പാർവതിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്.

അമൃതംഗമയയിലെ ശ്രീദേവിയായും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിലെ ഉണ്ണിമായയായും തൂവാനത്തുമ്പികളിലെ രാധയായും അബ്കാരിയിലെ ശാരദയായും കിരീടത്തിലെ ദേവിയായും സൂര്യഗായത്രി യിലെ ശ്രീലക്ഷ്മിയായും കുണുക്കിട്ട കോഴി യിലെ ഇന്ദുവായും പ്രേക്ഷകഹൃദയങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പാർവതി, സ്നേഹനിധിയായ ഭാര്യയായും, നിഷ്കളങ്കയായ കാമുകിയായും, ധിക്കാരിയായ പെൺകുട്ടിയായും ഒരുപോലെ തിളങ്ങിയിരുന്നു. 1986 മുതൽ 1993 വരെ ആയിരുന്നു മലയാള സിനിമാലോകത്ത് സജീവമായിരുന്നത്.

മലയാള സിനിമയിൽ പാർവതിക്ക് ഒരു പ്രത്യേക ഇടമുണ്ട്. നിഷ്കളങ്കതയുടെ ഇടം. പാർവതിയുടെ മിഴികളിൽ മിന്നി മറയുന്ന ഭാവങ്ങൾ പ്രേക്ഷകരുടെ മനസ്സിന്റെ മണിച്ചെപ്പിൽ ഇന്നും മായാതെ നിൽക്കുന്നത് അതുകൊണ്ടാണ്.

ഉണ്ണിയാർച്ചയായി അഭിനയിക്കാൻ എം ടി വാസുദേവനും ഹരിഹരനും പാർവതിയെ ക്ഷണിച്ചപ്പോൾ അതിലെ കോസ്റ്റ്യൂം തനിക്ക് ചേരില്ല എന്ന് പറഞ്ഞൊഴിഞ്ഞ പാർവതിക്ക് “പൂവുക്കുൾ ഭൂകമ്പം ” എന്ന തമിഴ് ചിത്രത്തിൽ ത്യാഗരാജന്റെ ജോഡിയായി സംവിധായകന്റെയും നിർമ്മാതാവിന്റെയും നിർബന്ധത്താൽ അല്പം സെക്സിയായി അഭിനയിക്കേണ്ടി വന്നു. ആ ചിത്രം തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ഹിറ്റായി. താൻ മറക്കാൻ ആഗ്രഹിക്കുന്ന ചിത്രമാണ് അതെന്ന് പാർവതി പറയുന്നു. പാർവതിയുടെ ആദ്യത്തെയും അവസാനത്തെയും തമിഴ് ചിത്രം ആയിരുന്നു അത്.

1988ൽ ഉദയാ സ്റ്റുഡിയോയിൽ, “അപരന്റെ” സെറ്റിൽ വെച്ചായിരുന്നു അതിലെ നായകനായ ജയറാമിനെ കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും കുറെ സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും പ്രണയത്തിലാവുകയും ചെയ്തു. അങ്ങനെ 1992 സെപ്റ്റംബർ 7 ന് എറണാകുളം ടൗൺ ഹാളിൽ വച്ച് ജയറാം പാർവതിയെ തന്റെ ജീവിതസഖിയായി കൂടെ കൂട്ടി.

ഒരു ജീവിതപങ്കാളി തന്റെ കരിയർ ത്യജിച്ചാൽ മാത്രമേ കുടുംബം നോക്കുവാനും കുട്ടികളെ ശരിയായി വളർത്തുവാനും സാധിക്കൂ എന്ന അഭിപ്രായമായിരുന്നു പാർവതിക്ക്. അങ്ങനെ വിവാഹശേഷം അവർ അഭിനയ ജീവിതത്തോട് വിട പറഞ്ഞു.

‌ ജയറാം പാർവതി ദമ്പതികൾക്ക് രണ്ടു മക്കളാണ്. കാളിദാസനും മാളവികയും. കാളിദാസൻ അച്ഛനായ ജയറാമിനൊപ്പം അഭിനയിച്ച “എന്റെ വീട് അപ്പുവിന്റെയും” എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് 2003ലെ മികച്ച ബാലതാരത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡും ഏഷ്യാനെറ്റ് ഫിലിം അവാർഡും നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് 2005ൽ ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. 2019 പൂമരം എന്ന സിനിമയിലെ അഭിനയത്തിന് ഏറ്റവും നല്ല പുതുമുഖത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും നേടിയ കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മലയാള സിനിമയ്ക്ക് ഒരു പുതിയ വാഗ്ദാനമായി മാറട്ടെ എന്ന് നമുക്ക് ആശംസിക്കാം.
‌ നൃത്ത ലോകത്ത് ഇപ്പോഴും സജീവമായ പാർവതി ചെന്നൈയിലെ വത്സരവാക്കത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ്. മലയാള സിനിമാലോകത്തിലേക്ക് തീർച്ചയായും ഒരു തിരിച്ചുവരവ് നടത്തേണ്ട നടി തന്നെയാണ് പാർവതി എന്നാണ് ഓരോ മലയാളി പ്രേക്ഷകരുടെയും ആഗ്രഹം. അങ്ങനെ നമുക്ക് പ്രത്യാശിക്കാം.

‌ ✍അവതരണം: ആസിഫ അഫ്രോസ് ബാംഗ്ലൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments