Tuesday, November 26, 2024
Homeസിനിമ' എൺപതുകളിലെ വസന്തം ' ജയഭാരതി ' ✍ അവതരണം: ആസിഫ അഫ്രോസ്

‘ എൺപതുകളിലെ വസന്തം ‘ ജയഭാരതി ‘ ✍ അവതരണം: ആസിഫ അഫ്രോസ്

ആസിഫ അഫ്രോസ്

ഈ ആഴ്ചയിലെ നമ്മുടെ താരം ഏവർക്കും പ്രിയങ്കരിയായ ജയഭാരതിയാണ്.
1954 ജൂൺ 28ന് ശിവശങ്കരപ്പിള്ളയുടെയും ശാരദയുടെയും മകളായി തമിഴ്നാട്ടിലെ ഈറോഡിൽ ജനിച്ചു. അഞ്ചാം വയസ്സിൽ കലാമണ്ഡലം നടരാജൻ രാജാറാമിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു തുടങ്ങി. തന്റെ സ്കൂൾ പഠനകാലത്തു തന്നെ നൃത്തത്തിലുള്ള തന്റെ കഴിവ് തെളിയിക്കുകയും നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്ത ഈ കൊച്ചുമിടുക്കി ഭാവിയിൽ ഒരു മികച്ച നർത്തകിയായിത്തീരുമെന്ന് പല പ്രഗത്ഭരും വിധിയെഴുതിയെങ്കിലും അഭിനയരംഗത്തു ശോഭിക്കാനായിരുന്നു ദൈവനിശ്ചയം. ഒരുപക്ഷെ ഈ നൃത്തമാണ് ജയഭാരതി സിനിമാരംഗത്തു എത്തിപ്പെടാൻ നിമിത്തമായത് എന്നുതന്നെ പറയാം.

പി. ഭാസ്കരന്റെ കാട്ടുകുരങ്ങ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്തു വച്ച ജയഭാരതി ഗ്ലാമർ വേഷങ്ങളും ശക്തമായ കഥാപാത്രങ്ങളും ഒരുപോലെ അനശ്വരമാക്കി. പി. പത്മരാജൻ എഴുതി ഭരതൻ സംവിധാനം നിർവഹിച്ച്, ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ രതിനിർവ്വേദം എന്ന സിനിമയിൽ അഭിനയിക്കുക വഴി, മലയാള സിനിമയുടെ സാമ്പ്രദായിക സങ്കൽപ്പങ്ങളെ തകർക്കാൻ ധൈര്യം കാണിച്ച നടി എന്ന ബഹുമതി ജയഭാരതിക്കു മാത്രം അവകാശപ്പെട്ടതാണ്. തന്നേക്കാൾ പ്രായം കുറഞ്ഞ ഒരു ആൺകുട്ടിയിൽ അനുരക്തയാകുന്ന ഒരു സ്ത്രീയുടെ റോൾ ഏറ്റെടുത്തു അഭിനയിക്കാൻ കാണിച്ച ധൈര്യം, പിന്നീട് വേറിട്ട സിനിമാസങ്കൽപ്പങ്ങൾക്ക് പ്രചോദനമായി.

മറ്റുള്ള നടിമാർ അഭിനയിക്കാൻ മടിച്ച വേഷങ്ങൾ പോലും ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടും അഭിനയിച്ചു ഫലിപ്പിക്കാൻ ജയഭാരതി കാണിച്ച ആത്മാർത്ഥതയും സമർപ്പണവും, നീണ്ട 35 വർഷക്കാലം അവരെ തെന്നിന്ത്യൻ സിനിമകളിലെ തിളങ്ങുന്ന വിസ്മയമാക്കി മാറ്റി. തുടർന്ന് മുന്നൂറോളം സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച് അവർ പ്രേക്ഷകഹൃദയങ്ങളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചു.

കരിമ്പൂച്ച എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി സ്റ്റേറ്റ് ഫിലിം അവാർഡുകളും അവർ നേടി. നെല്ല്, വിലയ്ക്ക് വാങ്ങിയ വീണ, വാടകക്കൊരു ഹൃദയം, ഇന്നല്ലെങ്കിൽ നാളെ, കാലചക്രം തുടങ്ങി നിരവധി ചിത്രങ്ങളിൽ അക്കാലത്തെ പ്രഗത്ഭരായ നായകന്മാരുടെ കൂടെ അഭിനയിച്ചു. ഇതിൽ ജയഭാരതി സോമൻ തരാജോഡി സിനിമാപ്രേമികളുടെ ഹരമായിരുന്നു ഒരുകാലത്ത്. കൂടാതെ പ്രേംനസീർ ഷീല ജോഡി ഒന്നിച്ച് അഭിനയിക്കാതെ പരസ്പരം മാറി നിന്നപ്പോൾ ജയഭാരതിയായിരുന്നു പിന്നെ പ്രേനസീറിന്റെ കൂടെ കുറേ സിനിമകളിൽ ജോഡിയായി അഭിനയിച്ചത്.
തന്റെ അടുത്ത ബന്ധുവായ ജയനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതും ജയഭാരതിയായിരുന്നു. പിന്നീട് സത്താറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഒരുപാട് വാർത്തകൾക്കും ചർച്ചകൾക്കും ഇടവരുത്തിയ ആ മിശ്രവിവാഹം വിവാഹമോചനത്തിൽ കലാശിക്കുകയാണുണ്ടായത്. ഏകമകൻ കൃഷ് ജെ സത്താർ ലേഡീസ് ആൻഡ് ജന്റിൽമെൻ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ്.

അഭിനയവും നൃത്തവും കല മാത്രമല്ല ജീവിതോപാധി കൂടിയായിരുന്നു അവർക്ക്.ഇപ്പോൾ കോയമ്പത്തൂരും സ്വന്തം വീട്ടിൽ അശ്വതി ആർട്സ് അക്കാദമി എന്ന പേരിലും നൃത്തവിദ്യാലയങ്ങൾ നടത്തുന്നു. അച്ഛന്റെ മരണശേഷം, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു ഭംഗിയായി നിറവേറ്റി, മികച്ച അഭിനേത്രി മാത്രമല്ല നല്ലൊരു മകളും സഹോദരിയും കൂടിയാണ് താനെന്നു തെളിയിച്ച ജയഭാരതി പക്വതയും ധൈര്യവും ആർജ്ജവവും നിറഞ്ഞ ഒരു വ്യക്തിത്വത്തിനുടമയാണ്. പ്രേക്ഷക ഹൃദയങ്ങളെ ഇത്രയധികം വശീകരിച്ച മറ്റൊരു നടി ഇല്ലെന്നു തന്നെ പറയാം.

അവതരണം: ആസിഫ അഫ്രോസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments