80 കളുടെ വസന്തങ്ങളിൽ നമ്മോടൊപ്പം ഇന്നുള്ളത് കാർത്തികയാണ്. വളരെ ചെറിയ കാലയളവിനുള്ളിൽ അത്രമേൽ പ്രേക്ഷക പിന്തുണ ലഭിക്കാൻ ഭാഗ്യം നേടിയ നടി.
കവിതയൊളിപ്പിച്ച കണ്ണുകളും, ആകൃതി യൊത്ത കവിളിൽത്തടങ്ങളും, നീണ്ട നാസികയും, ഒരു ചിത്രകാരൻ തന്റെ ക്യാൻവാസിൽ വരച്ച ചിത്രം പോലെ ഗ്രാമീണ സൗന്ദര്യത്തിന്റെ നിറപ്പകർപ്പായ കാർത്തിക, മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാത്ത മുൻകാല നടിമാരിൽ ഒരാളാണ്.
ക്യാപ്റ്റൻ പി. കെ. ആർ. നായരുടെ മകളായി തിരുവനന്തപുരത്താണ് സുനന്ദ നായർ എന്നകാർത്തിക ജനിച്ചത്. ക്ലാസിക്കൽ ഡാൻസിലും കഥകളിയിലും പ്രാവീണ്യം നേടിയ കാർത്തിക യൂണിവേഴ്സിറ്റി ടെന്നീസ് പ്ലെയർ ആയിരുന്നു.
1979 ൽ ‘പ്രഭാത സന്ധ്യ’ എന്ന ചിത്രത്തിൽ ശ്രീവിദ്യയുടെ ചെറുപ്പകാലം അഭിനയിച്ചു കൊണ്ടായിരുന്നു കാർത്തികയുടെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ചെറിയൊരു ഇടവളക്ക് ശേഷം 1984 ൽ ബാലചന്ദ്രമേനോന്റെ ‘ഒരു പൈങ്കിളിക്കഥ’ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് വീണ്ടും രംഗപ്രവേശനം ചെയ്യുകയും അദ്ദേഹത്തിന്റെ തന്നെ ‘മണിച്ചപ്പ് തുറന്നപ്പോൾ’ എന്ന സിനിമയിൽ നായികയാവുകയും ചെയ്തു.
പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികാവേഷം ചെയ്തുകൊണ്ട്, മലയാള ചലച്ചിത്രലോകത്തെ മുൻനിര നായികമാർക്കൊപ്പം കാർത്തിക തന്റെ സ്ഥാനമുറപ്പിച്ചു. സ്വവർഗ്ഗാനുരാഗികളായ രണ്ടു പെൺകുട്ടികളുടെ കഥ പറയുന്ന ഈ ചിത്രം കാർത്തികയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറി. അത്രയേറെ പ്രശംസ നേടിയ ചിത്രമായിരുന്നു അത്. സമൂഹം പെൺകുട്ടികൾക്ക് കൽപ്പിച്ചു നൽകിയിട്ടുള്ള അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട്, പുരുഷാധിപത്യത്തിനു നേർക്കുള്ള വെല്ലുവിളിയായിരുന്നു സിനിമയുടെ പ്രമേയം.
ഒരു ചിത്രത്തിൽ പോലും ശരീരപ്രദർശനം നടത്തുവാനോ ഇഴുകിച്ചേർന്നഭിനയിക്കുവാനോ തയ്യാറായിരുന്നില്ല കാർത്തിക. അക്കാര്യം വളരെയേറെ ഗൗരവത്തോടെ ശ്രദ്ധിച്ചിരുന്നു അവർ. അവരുടെ ആ ഇമേജ് ആണ് ഇന്നും അവരെ ഗൃഹാതുരത്വത്തോടെ ഓർക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ നിമ്മിയും, എന്റെ എന്റേത് മാത്രത്തിലെ ഷീലയും, നീയെത്ര ധന്യയിലെ ശ്യാമയും, നീലക്കുറിഞ്ഞി പൂത്തപ്പോളിലെ സന്ധ്യയും, ജനുവരി ഒരു ഓർമ്മയിലെ നിമ്മിയും, ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡിലെ ആനിയും, അടുക്കാൻ എന്തെളുപ്പത്തിലെ വിമലയും കാർത്തികയുടെ അഭിനയ ശേഷിയെ വിശേഷിപ്പിക്കാൻ മതിയായ കഥാപാത്രങ്ങളാണ്.
അടിവേരുകൾ, താളവട്ടം, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, കരിയിലക്കാറ്റു പോലെ, ഉണ്ണികളെ ഒരു കഥ പറയാം, ദേശാടനക്കിളി കരയാറില്ല തുടങ്ങിയവ, കാർത്തികയുടെ അഭിനയ പ്രതിഭ തെളിയിച്ച ചിത്രങ്ങളാണ്.
പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അഭിനയിക്കാൻ അറിയാവുന്ന കാർത്തിക, തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളും വളരെ അനായാസമായി, സ്വാഭാവികതയോടെ, തന്റെ നായകന്റെ കെമിസ്ട്രിക്ക് കൂടി യോജിക്കും വിധം അഭിനയിച്ച് ഒരസാധാരണ പ്രതിഭയാണ് താനെന്ന് തോന്നിപ്പിക്കും വിധം മോഹിപ്പിക്കുന്ന പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
താളവട്ടത്തിലെ ഭ്രാന്തനെ പ്രണയിക്കുന്ന ഡോക്ടറായ അനിത നല്ല ചങ്കൂറ്റമുള്ള കാമുകി തന്നെയായിരുന്നു. എന്നാൽ സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ വാടകക്കാരിയായ മീര യഥാർത്ഥ ജീവിതത്തിലെ ഒരു സാധാരണ കാമുകിയെ ഓർമ്മിപ്പിച്ചു.
തന്റെ ചുരുങ്ങിയ അഭിനയ ജീവിതത്തിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ അസുലഭ ഭാഗ്യം നേടിയ കാർത്തിക തന്റെ ഓരോ കഥാപാത്രങ്ങളോടും നീതിപുലർത്തി. നീലക്കുറിഞ്ഞി പൂത്തപ്പോളിലെ തന്റെ അച്ഛന്റെ സുഹൃത്തിനെ പ്രണയിക്കുന്ന സന്ധ്യയും, ഇടനാഴിയിൽ ഒരു കാലൊച്ചയിലെ തന്നെക്കാൾ പ്രായം കുറഞ്ഞ നായകനെ പ്രണയിക്കുന്ന അഭിരാമിയും ഉദാഹരണങ്ങളാണ്.
മമ്മൂട്ടിയുടെ മകളായും നായികയായും അഭിനയിച്ച കാർത്തികയുടെ ഭാഗ്യജോഡി മോഹൻലാൽ ആയിരുന്നു. ഇവർ പങ്കിട്ടത് നിരവധി ഹിറ്റ് ചിത്രങ്ങൾ. കമൽഹാസനോടൊപ്പം തമിഴ് സിനിമയിലും കാർത്തിക വേഷമിട്ടു.
വലിയ വട്ടപ്പൊട്ടും, ഓർഗാന്റി സാരിയും, അതുടുക്കുന്ന രീതിയും ഹൈനെക്ക് ബ്ലൗസും മേക്കപ്പിന്റെ അതിപ്രസരമില്ലാത്ത സ്വാഭാവിക സൗന്ദര്യവും ശാലീനതയുടെ പിൻബലത്തോടെയുള്ള അഭിനയവും ചേർത്തുവെച്ചാൽ കാർത്തിക എന്ന കുലീനത നിറഞ്ഞ അഭിനേത്രിയായി.
നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ ജനിച്ച കാർത്തികയ്ക്ക് അഭിനയം ഉപജീവനത്തിനുള്ള മാർഗം ആയിരുന്നില്ല. പഠനത്തിന്റെ ഇടവേളകൾക്കിടയിലെ ഹോബിയായിരുന്നു.
അങ്ങനെ ആഡംബരമോ ജാഡയോ ഇല്ലാതെ, ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാതെ 1987 ൽ കാർത്തിക പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ തന്നെ അഭിനയരംഗം വിട്ടു.
1988 ൽ തിരുവനന്തപുരത്തുകാരനായ ഡോക്ടർ സുനിൽകുമാറിനെ വിവാഹം ചെയ്തു. ഇവരുടെ ഏകമകൻ വിഷ്ണു ഈയിടെ വിവാഹിതനായി. നിരവധി പ്രശസ്ത വ്യക്തികൾ പങ്കെടുത്ത ആ വിവാഹത്തിൽ വർഷങ്ങൾക്കുശേഷം, തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ കാർത്തിക നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തിരുവനന്തപുരത്തെ തന്റെ വസതിയിൽ സകുടുംബം സ്വസ്ഥജീവിതം നയിക്കുകയാണ് കാർത്തിക ഇപ്പോൾ. കാർത്തികക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നുകൊണ്ട്…