നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
പോലീസ് യൂണിഫോമിൽ നന്ദുവും, ടിനിടോമും ഇടത്തും വലത്തുമായി, നടുവിൽ അൻസിബയേയും നിർത്തിയാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. അതിനു താഴെയായി മൂന്നു പൊലീസ് ഉദ്യോഗസ്ഥരേയും കാണാം. അതിലൊരാൾ വനിതയാണ്. തികച്ചും ഒരു പൊലീസ് അന്വേഷണാത്മക കഥയുടെ രൂപവും ഭാവവും വ്യക്തമാക്കുന്നതാണ് ഈ സിനിമ എന്ന് പോസ്റ്ററിലൂടെ വ്യക്തമാക്കപ്പെടുന്നു.
ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മരണം സഹപ്രവർത്തകൻ്റേതായതിനാൽ മറ്റേതൊരു മരണത്തേക്കാളും കുറേക്കൂടി ഊർജം ഈ കേസിൽ പൊലീസ്സിനുണ്ട്. ഈ കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡി വൈ എസ് പി ലാൽ മോഹൻ. അദ്ദേഹത്തിൻ്റെ നേതൃത്ത്വത്തിലുള്ള ഇൻവെസ്റ്റിഗേഷനാണ് ഏറെ ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്വേഗവും സസ്പെൻസും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം. ടിനി ടോമാണ് ലാൽ മോഹൻ എന്ന ഇൻവസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്. കൂടാതെ ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, ശ്രീധന്യാ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.
ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മനോജ് ഐ ജിയാണ്. കൂടാതെ സംഗീതം ഡിനു മോഹൻ, ഛായാഗ്രഹണം ഇന്ദ്രജിത്ത്, എഡിറ്റിംഗ് രാകേഷ് അശോക്, കലാസംവിധാനം രാജു ചെമ്മണ്ണിൽ, മേക്കപ്പ് ഷാമി, കോസ്റ്റ്യും ഡിസൈൻ റാണാ പ്രതാപ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജൻ മണക്കാട്, പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കൊടപ്പനക്കുന്ന് എന്നിവരുമാണ്. സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.