വിഷുവിനോട് അനുബന്ധിച്ച് മലയാളത്തിൽ ഒട്ടേറെ സിനിമകളാണ് റിലീസിനെത്തുന്നത്. ജയ് ഗണേഷ്, ആവേശം, വര്‍ഷങ്ങള്‍ ശേഷം എന്നിവയാണ് ഇന്നത്തെ പ്രധാന റിലീസുകള്‍. വളരെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ ഈ ചിത്രങ്ങളെ കാത്തിരുന്നത്. അതിനിടെ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ് പിവിആര്‍. ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ചിരിക്കുകയാണ് പിവിആര്‍. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് തീരുമാനം.
ഇന്ന് റിലീസാകുന്ന മലയാള ചിത്രങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് ഉണ്ടാകുകയില്ല. കൊച്ചി, തിരുവനന്തപുരം പിവിആറില്‍ മലയാളം സിനിമകളുടെ പ്രദര്‍ശനം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ഫോറം മാളില്‍ പുതുതായി തുടങ്ങിയ പിവിആര്‍- ഐനോക്‌സിലും പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നില്ല. പിവിആര്‍ രാജ്യമൊട്ടാകെ പുതിയ മലയാള സിനിമകളുടെ റിലീസ് ബഹിഷ്‌ക്കരിക്കുന്ന സാഹചര്യം നഷ്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഫഹദ് ഫാസില്‍ ചിത്രം ആവേശം, വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങി.
ചിത്രീകരണം പൂര്‍ത്തിയായ മലയാള സിനിമകളുടെ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്റിറിംഗ് ചെയ്ത് തിയേറ്ററുകളില്‍ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് കമ്പനികളായിരുന്നു. ഇവര്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്ന് മലയാള സിനിമയിലെ നിര്‍മാതാക്കള്‍ പരാതിപ്പെട്ടിരുന്നു. തിയേറ്ററുകളില്‍ ഡിജിറ്റല്‍ പ്രിന്റ് എത്തിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ നല്‍കുന്ന ഫീസിനോടൊപ്പം നിര്‍മാതാക്കളുടെ കയ്യില്‍നിന്നും ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയില്‍ താഴെ മാത്രം ചെലവില്‍ തിയേറ്ററുകളില്‍ സിനിമ എത്തിക്കാന്‍ കഴിയുമെന്നിരിക്കെ, ഉയര്‍ന്ന തുക നല്‍കി സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് എന്നാണ് നിര്‍മാതാക്കളുടെ സംഘടന ചോദിക്കുന്നത്. തുടര്‍ന്ന് ഡിജിറ്റല്‍ കണ്ടന്റ് സംവിധാനം വഴി മലയാളി നിര്‍മാതാക്കള്‍ മാസ്റ്ററിംഗ് യൂണിറ്റ് തുടങ്ങിയതാണ് പിവിആറിനെ ചൊടിപ്പിച്ചത്. ഡിജിറ്റല്‍ കണ്ടന്റ് പുതുതായി നിര്‍മിക്കുന്ന തിയേറ്ററുകളില്‍ ഉപയോഗിക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഫോറം മാളിലെ പുതുതായി തുടങ്ങിയ തിയറ്ററുകളിലും ഉപയോഗിക്കാന്‍ പിവിആറിനോട് ആവശ്യപ്പെട്ടതോടെ വലിയ തര്‍ക്കമായി. പരിഹാരം കണ്ടെത്താന്‍ സംഘടനകള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മലയാളം ഒഴികെയുള്ള സിനിമകള്‍ പിവിആറില്‍ ബുക്കിങ് സ്വീകരിക്കുന്നുണ്ട്. പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടെ മിയാന്‍, അജയ് ദേവ്ഗണിന്റെ ചിത്രം മൈതാന്‍ തുടങ്ങി ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ഒട്ടേറെ സിനിമകള്‍ നിലവില്‍ പിവിആറില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.