Thursday, December 26, 2024
Homeസിനിമകലാഭവൻ മണി - ചരമദിനം.

കലാഭവൻ മണി – ചരമദിനം.

കലാഭവൻ മണി(ജനനം:1 ജനുവരി 1971: മരണം:6 മാർച്ച് 2016) മലയാള സിനിമാ നടൻ. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായിരുന്ന മണി 2016 മാർച്ച് 6-ന് കരൾ സംബന്ധമായ രോഗ കാരണങ്ങളാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി.

2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി.

ജീവിതരേഖ.

ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971-ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം. രാമൻ-അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായിരുന്നു മണി. പരേതനായ വേലായുധൻ, രാമകൃഷ്ണൻ, ശാന്ത, തങ്കമണി, ലീല, അമ്മിണി എന്നിവരായിരുന്നു സഹോദരങ്ങൾ. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് 13 രൂപ ശമ്പളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒന്നുമാകുമായിരുന്നില്ല. സ്കുൾ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു. പഠനവൈകല്യത്തെത്തുടർന്ന് അദ്ദേഹം പത്താം ക്ലാസിൽ പഠനം നിർത്തി. തുടർന്ന് തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും അദ്ദേഹം ഉപജീവനമാർഗ്ഗം കണ്ടെത്തി. ഇടയ്ക്ക് പൊതുപ്രവർത്തകനായും അദ്ദേഹം കടന്നുവന്നു.

പിന്നീട്, ചാലക്കുടി ടൗണിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി മണി ജോലി നോക്കി. ഇതിനിടയിലാണ് അദ്ദേഹം കലാഭവൻ മിമിക്സ് ട്രൂപ്പിൽ ചേരുന്നത്. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തർ പലരും കലാഭവനിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇവർ ഒരുപാട് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ‘സല്ലാപത്തിലാണ്’ അദ്ദേഹത്തിന് ബ്രേക്ക് കിട്ടുന്നത്. തുടർന്ന്, നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളിൽ തിളങ്ങി.

1999-ലാണ് മണി വിവാഹിതനായത്. നിമ്മിയായിരുന്നു ഭാര്യ. ഇവർക്ക് ശ്രീലക്ഷ്മി എന്ന പേരിൽ ഒരു മകളുണ്ട്.

മലയാളം ചലച്ചിത്രങ്ങൾ.

ഇരുവഴി തിരിയുന്നിടം – 2015
ശിക്കാർ – 2010
പുള്ളിമാൻ – 2010
സല്ലാപം
അക്ഷരം
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
കരുമാടിക്കുട്ടൻ
സമ്മർ ഇൻ ബെത് ലഹേം
എബ്രഹാം ലിങ്കൻ
ലോകനാഥൻ I .A .S
നരസിംഹം
നാട്ടുരാജാവ്
ആറാം തമ്പുരാൻ
ബിഗ്‌ B
ബാംബൂ ബോയ്സ്
മായപ്പൊൻമാൻ
മന്ത്രമോതിരം
ഛോട്ടാ മുംബൈ
അലിഫ്
ബ്ലാക്ക് സ്റ്റാലിയൺ
ദില്ലീവാലാ രാജകുമാരൻ
എക്സ്ക്യൂസ് മീ ഏതുകോളേജിലാ
മൈഡിയർ കരടി
ഗജരാജമന്ത്രം
കിരീടമില്ലാത്ത രാജാക്കന്മാർ
ദി ഗാർഡ്
നാലാംകെട്ടിലെ നല്ലതമ്പിമാർ
കൺമഷി
നസ്രാണി
വാൽക്കണ്ണാടി
ക്രോക്കൊടൈൽ ലവ് സ്റ്റോറി
ചാക്കോ രണ്ടാമൻ
യാത്ര ചോദിക്കാതെ
വെട്ടം
അലിബാബയും ആറരക്കള്ളന്മാരും
അച്ചാമ്മക്കുട്ടിയുടെ അച്ചായൻ
ആദാമിന്റെ മകൻ അബു
ആമേൻ
കുബേരൻ
കിസാൻ
മായാബസാർ
വൺ മാൻ ഷോ
ഒരു മറവത്തൂർ കനവ്
സേതുരാമയ്യർ CBI
ട്വന്റി 20
റെഡ് സല്യൂട്ട്
ചിന്താമണി കൊലക്കേസ്

തമിഴ് ചലച്ചിതങ്ങൾ.

എന്തിരൻ
വേൽ
ആര്
സംത്തിംഗ് സംത്തിംഗ് ഉനക്കും എനക്കും
മഴൈ
അന്നിയൻ
ബോസ്
പുതിയ ഗീതൈ
ജെമിനി
ബന്ദാ പരമശിവം
സിങ്കാര ചെന്നൈ
കുത്ത്
പാപനാശം
ആണ്ടവൻ

പുരസ്കാരങ്ങൾ.

ദേശീയ ചലച്ചിത്രപുരസ്കാരം

2000 – പ്രത്യേക ജൂറി പുരസ്കാരം : ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‘
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

1999- പ്രത്യേക ജൂറി പുരസ്കാരം : ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‘
ഫിലിംഫെയർ അവാർഡ്‌

2002- മികച്ച വില്ലൻ ( തമിഴ് ) ജെമിനി
ഏഷ്യ നെറ്റ് ഫിലിം അവാർഡ്

1999- മികച്ച നടൻ : ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‘

2007 – മികച്ച വില്ലൻ കഥാപാത്രം : ചോട്ടാ മുംബൈ
വനിതാ-ചന്ദ്രിക അവാർഡ്

2008-മികച്ച വില്ലൻ കഥാപാത്രം : ചോട്ടാ മുംബൈ

2014- ഭരത് ഗോപി ഫൌണ്ടേഷൻ പുരസ്ക്കാരം

മരണം.

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോൾ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. തന്മൂലം വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന് ചിലർ സംശയം പ്രകടിപ്പിയ്ക്കുന്നു. അതേ സമയം, മണിയെ സുഹൃത്തുക്കൾ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നർത്തകനുമായ രാമകൃഷ്ണൻ പറയുകയുണ്ടായി. തുടർന്ന് ചാലക്കുടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മണിയുടെ മൃതദേഹം തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ചാലക്കുടിയിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയിൽ അന്ന് ഹർത്താൽ ആചരിച്ചു.

മരണത്തിലെ ദുരൂഹത
മണിയുടെ മരണം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ദുരൂഹതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മൃതദേഹത്തിൽ വിഷാംശം കണ്ടെത്തിയതാണ് സംശയങ്ങൾക്ക് തുടക്കമായത്. പിന്നീടുവന്ന ദിവസങ്ങളിൽ ടി.വി. ചാനലുകളിൽ വൻ വാർത്തയായിരുന്നു ഈ വിഷയം.

മണിയുടെ മരണത്തിൽ ആദ്യം സംശയം പോയത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭിനേതാക്കളുമായ തരികിട സാബു, ജാഫർ ഇടുക്കി എന്നിവരിലേയ്ക്കാണ്. മണി മരിയ്ക്കുന്നതിന് രണ്ടുദിവസം മുമ്പ് (മാർച്ച് 4) അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഗസ്റ്റ് ഹൗസായ പാഡിയിൽ ഒരു മദ്യവിരുന്ന് നടന്നിരുന്നു. അതിൽ മണിയുടെ സഹായികളും അദ്ദേഹത്തിന്റെ നാട്ടുകാരുമടക്കം മുപ്പതോളം ആളുകളുണ്ടായിരുന്നു. വൈകീട്ട് അഞ്ചുമണിയ്ക്ക് പാഡിയിൽ തുടങ്ങിയ മദ്യവിരുന്നിലേയ്ക്ക് ഏഴുമണിയോടെയാണ് സാബുവും ജാഫറും എത്തിച്ചേർന്നത്. രാത്രി പതിനൊന്നുമണിയ്ക്ക് സാബുവും പിന്നീട് ജാഫറും സ്ഥലം വിട്ടു. അമിതമായി മദ്യപിച്ച സാബുവിനെ കൊച്ചിയിലെത്തിയ്ക്കാൻ സ്വന്തം ഡ്രൈവറായ പീറ്ററെ മണി നിയോഗിച്ചു. പന്ത്രണ്ടുമണിയ്ക്ക് സൽക്കാരം അവസാനിച്ചു. മണിയും സുഹൃത്തുക്കളും മാത്രം പാഡിയിൽ അവശേഷിച്ചു.

പിറ്റേന്ന് (മാർച്ച് 5) രാവിലെ ഒമ്പതുമണിയോടെയാണ് മണിയ്ക്ക് രോഗം വഷളായിത്തുടങ്ങിയത്. അധികമായി രക്തം ഛർദ്ദിച്ച അദ്ദേഹത്തിന് കടുത്ത വിയർപ്പും നെഞ്ചിടിപ്പും അനുഭവപ്പെടുകയും ചെയ്തു. ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വിസമ്മതിച്ചതായി അദ്ദേഹത്തിന്റെ സഹായികൾ പറഞ്ഞിരുന്നു. എന്നാൽ മണിയെ ആശുപത്രിയിലെത്തിയ്ക്കാൻ തന്നെ തീരുമാനിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മാനേജർ ജോബി പറയുന്നത്. താൻ ആശുപത്രിയിലെ ഒരു ഡോക്ടറെ അന്വേഷിച്ചിരുന്നുവെന്നും ജോബി പറഞ്ഞു. തുടർന്ന് ഡോക്ടർ വന്ന് പരിശോധിച്ചപ്പോഴും മണി ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. പിന്നീട് അതേ ആശുപത്രിയിലെ നഴ്സുമാരെത്തിയപ്പോഴും ചികിത്സയ്ക്ക് വിസമ്മതിച്ച മണിയെ മയക്കുമരുന്ന് കുത്തിവച്ചിറക്കിയാണ് ആശുപത്രിയിലെത്തിച്ചത്. ഈ വിവരങ്ങളൊന്നും ആദ്യം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല.

ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ മണിയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. കരൾ രോഗത്തിനുപുറമേ വൃക്കരോഗവും മണിയ്ക്കുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന് ഡയാലിസിസ് അത്യാവശ്യമായി വന്നു. എന്നാൽ ഡയാലിസിസിനിടയിൽ പെട്ടെന്ന് രക്തസമ്മർദ്ദം കുറഞ്ഞു. അതിനാൽ അത് അവസാനിപ്പിയ്ക്കേണ്ടിവന്നു. അതിന്റെ പിറ്റേന്ന് (മാർച്ച് 6) രാവിലെയാണ് മണിയുടെ ഭാര്യയും മകളും മറ്റ് ബന്ധുക്കളും മാധ്യമങ്ങളും വിവരമറിഞ്ഞത്. അന്ന് വൈകുന്നേരത്തോടെ മണിയ്ക്ക് ഹൃദയസ്തംഭനമുണ്ടാകുകയും ഏഴേകാലോടെ അന്ത്യം സംഭവിയ്ക്കുകയുമായിരുന്നു.

പ്രമുഖ ചലച്ചിത്രനടനും മണിയുടെ അടുത്ത സുഹൃത്തുമായ ദിലീപ് ഒരു പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സമയത്ത് അദ്ദേഹവുമായി ബന്ധപ്പെട്ടും ചില ആരോപണങ്ങൾ നിലവിൽ വന്നു. എന്നാൽ, ഇതുവരെ അന്വേഷണത്തിൽ വ്യക്തത വന്നിട്ടില്ല. അതിനിടയിൽ, 2017 ഏപ്രിൽ 28-ന് കേസ് സി.ബി.ഐ.യ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. അനുജനും നർത്തകനുമായ രാമകൃഷ്ണന്റെ ആവശ്യത്തിന്മേലാണ് ഈ നിലപാട് വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments