ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും ഉയര്‍ന്ന രക്ത സമ്മര്‍ദത്തിന്റെയും സാധ്യത കുറയ്ക്കുമെന്ന് പുതിയ ചില പഠനങ്ങള്‍ അവകാശപ്പെടുന്നു. ന്യൂട്രിയന്റ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഇത്തരമൊരു പഠനം പറയുന്നത് അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെയോ രക്തസമ്മര്‍ദത്തെയോ പ്രതികൂലമായി ബാധിക്കുന്നില്ല എന്നാണ്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ പ്രിവന്റീവ് മെഡിസിന്‍ & എപ്പിഡമോളജിയിലെ വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. ഗ്രീസിലെയും ഓസ്ട്രേലിയയിലെയും സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ മറ്റൊരു പഠനവും ഇതിനെ ശരിവയ്ക്കുന്നു.
കുറഞ്ഞ സാച്ചുറേറ്റഡ് കൊഴുപ്പുള്ള സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്നവര്‍ക്ക് ആഴ്ചയില്‍ നാലു മുട്ടയില്‍ അധികം കഴിക്കാമെന്ന് ഇവരുടെ ഗവേഷണ റിപ്പോര്‍ട്ടും ശുപാര്‍ശ ചെയ്യുന്നു. പ്രോട്ടീന്‍, വൈറ്റമിന്‍ ഡി, കോളൈന്‍ പോലുള്ള പോഷണങ്ങള്‍ അടങ്ങിയ സമീകൃത ആഹാരമാണ് മുട്ട. പ്രായഭേദമെന്യേ എല്ലാവരും മുട്ട കഴിയ്ക്കണമെങ്കിലും 40 കഴിഞ്ഞവര്‍ ദിവസവും മുട്ട കഴിയ്ക്കണമെന്ന് മറ്റൊരു പഠനവും പറയുന്നു. അതായത്, വാര്‍ദ്ധക്യ പ്രശ്നങ്ങളെ മറികടക്കാന്‍ മുട്ട വളരെ ഉപയോഗപ്രദമാണ് എന്നാണ് ഇവര്‍ പറയുന്നത്.
പ്രായം മുന്നോട്ടു പോകുന്നതനുസരിച്ച് നമ്മുടെ ശരീരം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളില്‍ ഏറ്റവും ഗുരുതരമായത് സന്ധി വേദനയാണ്. ദിവസവും മുട്ട കഴിയ്ക്കുന്നതുവഴി എല്ലുകള്‍ക്ക് ബലം ലഭിക്കുകയും ഇതിലെ വിറ്റാമിന്‍ ഡിയും കാല്‍സ്യവും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.