ഉറക്കത്തിന്റെ ഗുണനിലവാരവും നടുവേദനയും പരസ്പരബന്ധിതമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കടുത്ത നടുവേദനയുള്ള ആളുകളില്‍ അന്നത്തെ ദിവസത്തെ രാത്രിയുറക്കം വളരെ മോശമാണെന്ന് സെജിയാങ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
രാത്രി ഉറക്കമില്ലാത്തതും പകല്‍ സമയത്ത് ഏറെ നേരം കിടന്നുറങ്ങുന്നതും നടുവേദന മാത്രമല്ല പുറംവേദനയും ഉണ്ടാക്കും. നേരത്തെ, നടുവേദനക്കുള്ള പരിഹാരമായി കൂടുതല്‍ നേരം ഉറങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. ഏറെ നേരം കിടന്നുറങ്ങുന്നതും കുഴപ്പമുണ്ടാക്കും.
ഒരു പരിധിവരെ ജീവിതശൈലികളാണ് ഇതിന് കാരണമാകുന്നത്. കൂടുതല്‍ ആളുകളും കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലികളാണ് ചെയ്യുന്നത്. പലപ്പോഴും ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും ആളുകള്‍ മറക്കും. നടുവിന് സമ്മര്‍ദ്ദം കൂടാന്‍ മാത്രമേ ഇത് ഇടയാക്കുകയുള്ളൂ.
ശരീരത്തിലെ മറ്റ് എല്ലുകളെക്കാള്‍ സങ്കീര്‍ണമായ ഘടനയാണ് നട്ടെല്ലിനുള്ളത്. ഇവിടെയുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ തന്നെ, ചെറിയ നടുവേദനകള്‍ പോലും നിസാരമായി കണ്ട് അവഗണിക്കരുത്.
നട്ടെല്ലിനോട് ബന്ധപ്പെട്ട പേശികളിലോ സന്ധികളിലോ ഉണ്ടാകുന്ന ഏതെങ്കിലും രോഗത്തിന്റെ ലക്ഷണം കൂടിയാകും നടുവേദന. കാലുകളിലെ മരവിപ്പ്, ബലക്കുറവ്, ക്ഷീണം തുടങ്ങിയവയെല്ലാം നടുവേദനയുടെ ലക്ഷണമാണോ എന്ന് ശ്രദ്ധിക്കണം.
എപ്പോഴും പുറകു വശം ബെഡിനോട് ചേര്‍ത്ത് കിടക്കുന്നതാണ് നടുവിന്റെ ആരോഗ്യത്തിന് നല്ലത്. കമിഴ്ന്ന് കിടന്നുറങ്ങുന്നത് നടുവിനെയും കഴുത്തിനെയും ഒരുപോലെ ബുദ്ധിമുട്ടിക്കും. നട്ടെല്ലിന്റെ ആരോഗ്യത്തിന് കിടക്ക സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. കിടക്ക ഒരുപാട് കട്ടിയുള്ളതായാലും ഒരു പരിധിയില്‍ കൂടുതല്‍ സോഫ്റ്റ് ആയാലും നടുവിന് പ്രശ്‌നമാണ്. ശരീരത്തെ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലുള്ള കട്ടി കിടക്കയ്ക്കുണ്ടാവണം എന്നാണ് വിദഗ്ധാഭിപ്രായം.