Thursday, January 2, 2025
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 10 | വെള്ളി

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 10 | വെള്ളി

കപിൽ ശങ്കർ

🔹മോദി-അദാനി ബന്ധം വീണ്ടും ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി അധികാരത്തില്‍വന്ന് പത്തു വര്‍ഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിരോധ വ്യവസായം തുടങ്ങി എല്ലാം അദാനിക്ക് നല്‍കിയെന്നും അദാനിക്കുവേണ്ടി രാജ്യത്ത് നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം രാഹുല്‍ ഗാന്ധി അദാനിയെയും – അംബാനിയെയും അക്രമിക്കുന്നത് നിര്‍ത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ഷേപത്തിനു പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം.

🔹സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം, അവരുടെ കൈവശമുള്ള തുക എത്ര, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെ, എന്നുള്ള വിവരം ഡെയ്‌ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിര്‍ദേശം.

🔹മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തളളി മന്ത്രി വി ശിവന്‍കുട്ടി. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശ സന്ദര്‍ശനം എല്ലാവരും നടത്തും. സ്വന്തം കാശിന് പോകുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേ. മാധ്യമങ്ങള്‍ ചിന്താ ഗതി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

🔹മേയര്‍ ആര്യ രാജേന്ദ്രന്‍ നിരന്തരം വിവാദങ്ങളുണ്ടാക്കുന്നതിലൂടെ നഗരസഭയില്‍ ഭരണസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി. നഗരസഭാ കൗണ്‍സിലര്‍മാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കോര്‍പ്പറേഷന് മുന്നില്‍ ബിജെപി ധര്‍ണ നടത്തി. കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ക്കെതിരെ പൊലീസ് നടപടി കടുപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

🔹കൊല്ലം പരവൂര്‍ മുന്‍സിപ്പാലിറ്റി 10-ാം വാര്‍ഡ് കൗണ്‍സിലര്‍ നിഷാകുമാരി, ചെമ്പ് ഗ്രാമപഞ്ചായത്തംഗം ശാലിനി മധു, പുന്നപ്ര സൗത്ത് പഞ്ചായത്തംഗം സുല്‍ഫിക്കര്‍ എന്നിവരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി .ഇല്ലാത്ത പ്രിന്റിംഗ് പ്രസ്സിന്റെ പേരില്‍ ചെയര്‍പേഴ്സന്റെയും അംഗങ്ങളുടേയും ലെറ്റര്‍ പാഡ് അച്ചടി കരാര്‍ ഏറ്റെടുത്തതിനും,വ്യാജ ബില്ലുകള്‍ നല്‍കി പണം കൈപ്പറ്റിയതിനുമാണ് നിഷാകുമാരിയെ അയോഗ്യയാക്കിയത്. തുടര്‍ച്ചയായി കമ്മിറ്റികളില്‍ പങ്കെടുക്കാത്തതിനാണ് മറ്റ് രണ്ട് പേരെ അയോഗ്യരാക്കിയത്.

🔹തൃശൂർ കയ്പമംഗലത്ത് യുവാക്കൾ തമ്മിൽ സംഘർഷത്തിൽ രണ്ടു പേർക്ക് മർദ്ദനമേറ്റു. കയ്പമംഗലം മൂന്നുപീടികയിൽ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പെരിഞ്ഞനം സ്വദേശികളായ അശ്വിൻ, ജിതിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.ഹെൽമെറ്റ്‌ എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. യുവാക്കളെ ഒരു സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇരുകൂട്ടരും സുഹൃത്തുക്കളാണെന്ന് പറയുന്നു. സംഘം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.

🔹പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയേയും പൊതുസംവാദത്തിന് ക്ഷണിച്ച് വിരമിച്ച ജഡ്ജിമാരുടെ കത്ത്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ എന്നിവരാണ് ഇരുവര്‍ക്കും കത്തയച്ചത്.

🔹ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ കാലം ചെയ്ത ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കും. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സിനഡിന്റേതാണ് തീരുമാനം. എട്ടു മുതല്‍ പത്തു ദിവസത്തിനുള്ളിലാകും ചടങ്ങ് നടക്കുക. ഭൗതിക ശരീരം വിട്ടുകിട്ടാനും ഇന്ത്യയിലേക്ക് കൊണ്ടുവരാനും അമേരിക്കന്‍ അധികൃതരുമായി നടപടികള്‍ തുടങ്ങിയെന്ന് സിനഡ് അറിയിച്ചു.

🔹ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ പിടികൂടി മലപ്പുറം പൊലീസ്. അബ്ദുൾ റോഷൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തുവരുന്ന വിവരങ്ങളും പരാതികളൂം കണക്കിലെടുത്താൽ ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ ഇതുവരേക്കും തട്ടിയതെന്നാണ് പൊലീസ് നിഗമനം.

🔹തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാന്‍ തീരുമാനം. നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് അരളിപ്പൂവ് ഇനി മുതല്‍ ഉപയോഗിക്കില്ല എന്നാല്‍ പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. ഇന്ന് മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും. സമൂഹത്തില്‍ നിലവില്‍ ആകെ പടര്‍ന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് തീരുമാനം.

🔹ഫറൂഖ് കോളേജ് പാറമ്മത്തൊടി. തിരിച്ചിലങ്ങാടിയിൽ താമസിക്കുന്ന റഹ്മത്തുള്ളയുടെ മകൻ മുഹമ്മദ് റിഹാൻ(18) ബുധൻ രാത്രി 7.30. മുതൽ കാണ്മാനില്ല. ഇരുനിറം അഞ്ചടി അഞ്ചിഞ്ച് ഉയരം. കാണാതായ സമയത്ത് ചുവപ്പ് കളർ ഷർട്ട് ആണ് ധരിച്ചിരുന്നത്.ഇന്ന് പ്ലസ് ടു. റിസൾട്ട് വരാനിരിക്കെയാണ് ഇന്നലെ കാണാതായത്. വിദ്യാർത്ഥി പ്ലസ് ടു വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. സംഭവത്തിൽ ഫറൂഖ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

🔹വടശേരിക്കര പേഴുംപാറയിൽ അജ്ഞാതർ വീടിന് തീയിട്ടു. 17 ഏക്കർ കോളനിയിലെ ടി പൊന്നമ്മയുടെ വീടിനാണ് അജ്ഞാതർ തീ വെച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതർ തീയിട്ടു. ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

🔹വൈറ്റില – ഇടപ്പള്ളി ബൈപാസിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. രണ്ട് കെഎസ്ആർടിസി ബസുകൾക്കിടയിൽ പെട്ടാണ് അപകടം.

🔹തൃശൂർ കുന്നംകുളത്ത് വാഹനാപകടം. കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം.ഗുരുവായൂരിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിർ ദിശയിൽ വന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു.ശക്തമായ മഴയിൽ ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയിൽ ഇടി ക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുന്നംകുളത്തു നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറിയുടെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കുന്നംകുളം പൊലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ കുന്നംകുളം നന്മ, ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

🔹കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരണമടഞ്ഞു. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുറിഞ്ഞപുഴക്ക് അടുത്ത് നടന്ന അപകടത്തില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ സിന്ധു, ഭദ്ര എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണ്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

🔹ശിവകാശി പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് വിവരം. ഏഴുപേര്‍ക്ക് പരിക്കേററ്റിട്ടുണ്ട്. അതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എല്ലാവരും തന്നെ പടക്ക നിര്‍മ്മാണശാലയിലെ തൊഴിലാളികളാണ് എന്നാണ് റിപ്പോര്‍ട്ട്.

🔹കര്‍ഷകസമരത്തില്‍ പങ്കെടുക്കവെ പഞ്ചാബ് അതിര്‍ത്തിയില്‍ വനിതാ കര്‍ഷക മരിച്ചു. 22 ദിവസമായി ഖനൌരിയില്‍ തുടരുന്ന ട്രെയിന്‍ തടയല്‍ സമരത്തിനിടെയാണ് സുഖ്മിന്ദര്‍ കൗര്‍ എന്ന കര്‍ഷക കുഴഞ്ഞുവീണ് മരിച്ചത്.

🔹സാധാരണ പരോളിനിറങ്ങി മുങ്ങിയ പ്രതികളെ പൊലീസ് തൂക്കിയെടുക്കലാണ് പതിവ്. എന്നാൽ ഇവിടെ അത് തെറ്റിയിരിക്കുന്നു. പരോളിൽ ഇറങ്ങി മുങ്ങിയ തങ്കച്ചൻ എന്ന പ്രതി 20 വര്‍ഷത്തിന് ശേഷം പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്ക് സ്വയം മടങ്ങിയെത്തി.കൊലക്കുറ്റത്തിനാണ് 2000ല്‍ ഇടുക്കി സ്വദേശി തങ്കച്ചന്‍ ശിക്ഷിക്കപ്പെട്ടത്. 2003ല്‍ പരോളില്‍ പോയെങ്കിലും ഇയാൾ പിന്നീട് തിരികെ എത്തിയില്ല. തങ്കച്ചനെ തേടി പൊലീസ് പലതവണ പലയിടങ്ങളിൽ എത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. അങ്ങനെ തിരച്ചിലിന്റെ 20 വർഷങ്ങൾ കടന്നു പോയി. ഒടുവിൽ തങ്കച്ചൻ തന്നെ സ്വയം ജയിലിലേക്ക് നടന്നു കയറി.ഇതുവരെ എവിടെയായിരുന്നു എന്ന ചോദ്യത്തിന് വയനാട്ടില്‍ വിവിധ എസ്റ്റേറ്റുകളിലായി ജോലി ചെയ്യുകയായിരുന്നു എന്നാണ് തങ്കച്ചൻ മറുപടി പറഞ്ഞത്. മകളുടെ ഭര്‍ത്താവിനെയും കൂട്ടിയാണ് തങ്കച്ചന്‍ സ്വയം കീഴടങ്ങാൻ ജയിലിലെത്തിയത്.

🔹എയർ ഇന്ത്യ സർവീസുകൾ വീണ്ടും മുടങ്ങി. കണ്ണൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാന സർവീസുകളും റദ്ദാക്കി. അതേസമയം തിരുവനന്തപുരത്ത് സർവീസുകൾ പുനരാരംഭിച്ചു. 1:10 ന് അബുദാബി വിമാനം പുറപ്പെട്ടു.കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ക്യാൻസൽ ചെയ്തു. രാവിലെ 8.50 ന് പോകേണ്ട കൊച്ചി- മസ്ക്കറ്റും 8.35 ന് പോകേണ്ട കൊച്ചി ദമാമും ആണ് ക്യാൻസൽ ചെയ്തത്. രാവിലെ മൂന്ന് വിമാനമാണ് ഇന്ന് ഉണ്ടായിരുന്നത്. കൊച്ചി- ഷാർജ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തും.

🔹ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസി മോചനം സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടോടെ ഇവര്‍ ഇറാനില്‍നിന്നും പുറപ്പെട്ടെന്നാണ് വിവരം. എന്നാല്‍ അഞ്ചുപേരുടെ പേരുവിവരം ഇറാനോ ഇന്ത്യന്‍ എംബസിയോ പുറത്തുവിട്ടിട്ടില്ല.

🔹ഗാസയില്‍ നിന്നും പുറത്തുവരുന്നത് മനുഷ്യമനസ്സുകളെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം കണ്ടെത്തി. ആശുപത്രിയിലേക്ക് ഇരച്ചുകയിയ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔹ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 60 റണ്‍സിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 47 പന്തില്‍ 92 റണ്‍സെടുത്ത വിരാട് കോലിയുടേയും 23 പന്തില്‍ 55 റണ്‍സെടുത്ത രജത് പട്ടിദാറിന്റേയും 27 പന്തില്‍ 46 റണ്‍സെടുത്ത കാമറോണ്‍ ഗ്രീനിന്റേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്തായി. ഇതോടെ12 കളികളില്‍ നിന്ന് 8 പോയിന്റുമായി പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ് പഞ്ചാബ്. 12 കളികളില്‍ നിന്ന് 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബാംഗ്ലൂര്‍.

🔹ശിവകാര്‍ത്തികേയന്‍ നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ‘അമരന്‍’. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ വേഷമിടുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. നായിക സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ ഫോട്ടോ അമരിനില്‍ നിന്നുള്ളത് പുറത്തുവിട്ടത് ചര്‍ച്ചയാകുകയാണ്. സംവിധാനം രാജ്കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്മീരിലടക്കം ചിത്രികരിച്ച അമരന്‍ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്. ഇന്ത്യന്‍ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിക്കറ്റര്‍ നടരാജന്‍ മാധ്യമ സംവാദത്തിലാണ് ഇത് വെളിപ്പെടുത്തിയത്.

🔹തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആവേശത്തിലെ രംഗണ്ണനെ മുംബൈ പൊലീസും ഏറ്റെടുത്തിരിക്കയാണ്. ‘കരിങ്കാളിയല്ലേ’ എന്ന പാട്ടിനു അനുസരിച്ചുള്ള രംഗണ്ണന്റെ ഭാവാഭിനയമാണ് ബോധവത്കരണത്തിനായി മുംബൈ പൊലീസ് പ്രയോജനപ്പെടുത്തുന്നത്. മുംബൈ പൊലീസിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് കരിങ്കാളി റീല്‍ ഇടം നേടിയിരിക്കുന്നത്. രംഗണ്ണന്റെ എക്‌സ്പ്രഷന്‍ മാറുന്നതിനോടൊപ്പം എമര്‍ജെന്‍സി നമ്പറുകളും സുരക്ഷാ നമ്പറുകളും പങ്ക് വച്ചാണ് റീല്‍ ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധ നേടുന്നത്. ആവേശം ടീം പുറത്തുവിട്ട ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പുറകെ ആശ ശരത്ത്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും യൂട്യൂബര്‍മാരും റീലിനെ അനുകരിച്ച് വീഡിയോകള്‍ പങ്ക് വച്ചിരുന്നു. ഇപ്പോഴിതാ, മുംബൈ പൊലീസും രംഗണ്ണന്റെ കരിങ്കാളി റീല്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയാണ്. രസകരമായ ആശയങ്ങള്‍ പങ്ക് വച്ച് മുംബൈ പോലീസ് ഇതിന് മുന്‍പും ശ്രദ്ധ നേടിയിട്ടുണ്ട്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments