Sunday, November 24, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 10 | ബുധൻ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 10 | ബുധൻ

കപിൽ ശങ്കർ

🔹ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. ഒമാന്‍ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാള്‍. ഏവര്‍ക്കും മലയാളി മനസ്സിന്റെ പെരുന്നാള്‍ ആശംസകള്‍.

🔹സംസ്ഥാനത്ത് ഇന്നും കടുത്ത ചൂടിന് സാധ്യത. 14 ജില്ലകളിലും താപനില 35 ഡിഗ്രിക്ക് മുകളിലാണ്. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസും, കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരുമെന്ന് റിപ്പോർട്ടുണ്ട്.

🔹സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. വേനൽക്കാലത്ത് കറുത്ത ഗൗൺ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസ്സാക്കിയത്.ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. മെയ് 31 വരെ കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല.

🔹പാലക്കാട് മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിൻ തട്ടി കാട്ടാനയ്ക്ക് പരുക്കേറ്റു. ട്രാക്ക് മുറിച്ച്
കടക്കുന്നതിനിടെ രാത്രിയിലാണ് പിടിയാനയ്ക്ക് പിൻകാലിന് പരുക്കേറ്റത്. പരുക്കേറ്റ ആന ട്രാക്കിന് സമീപം നിലയുറപ്പിച്ചിരിക്കുന്നതിനാൽ വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്. ആനയ്ക്ക് ചികിൽസ നൽകാനുള്ള ശ്രമം തുടങ്ങിയതായി വാളയാർ റേഞ്ച് ഓഫിസർ അറിയിച്ചു.

🔹ഒറ്റപ്പാലത്തെ മീറ്റ്‌ന തടയണയിലെ രണ്ട് ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ അഴിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. ഇതോടെ തടയണയിലെ വെള്ളം പകുതിയായി കുറഞ്ഞു. വേനലിൽ ഒറ്റപ്പാലം ഭാഗത്തെ കുടിവെള്ള ആശ്രയമായിരുന്നു തടയണ. രണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ 17,000ത്തോളം കുടുംബങ്ങൾക്കാണ് തടയണ വഴി വെള്ളം വിതരണം ചെയ്യുന്നത്.

🔹മലപ്പുറത്തെ പൊന്നാനി പെരുമ്പടപ്പിലെ പ്രശസ്തമായ കാട്ടുമാടം മനയില്‍ മോഷണം. പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടാവ് കവര്‍ന്നു. പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി.മനയുടെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് പുരാതന വിഗ്രഹങ്ങള്‍ കവര്‍ന്നു. ഏറെ പഴക്കമുള്ള വിഗ്രഹങ്ങളാണിത്. വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ പത്തു പവനോളം സ്വര്‍ണാഭരണങ്ങളും കവർന്നിട്ടുണ്ട്.

🔹കോട്ടയം തലയോലപ്പറമ്പിനടുത്ത് വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. വെള്ളൂർ സ്വദേശികളായ വൈഷണവ്, ജിഷ്ണു വേണുഗോപാൽ എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വെച്ചാണ് യുവാക്കളെ ട്രെയിൻ ഇടിച്ചിട്ടത്.

🔹പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള സ്വദേശിനി നീതുവാണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിൽ പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

🔹വയനാട്ടില്‍ സ്കൂട്ടർ മതിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വിഷ്ണു സജി, മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കൽ വാസൻ്റെ മകൻ അമൽ എന്നിവരാണ് മരിച്ചത്.

🔹മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് വീട്ടുകാരുടെ വളർത്തുപൂച്ച വീണത് പൂച്ചയെ രക്ഷിക്കാനായി കുടുംബത്തിലെ ഒരാൾ ഇറങ്ങുകയും ഇയാൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായതോടെ കുടുംബത്തിലെ മറ്റാളുകൾ ഒന്നിന് പിറകേ ഒന്നായി ഇറങ്ങി കിണറിൽ കുടുങ്ങുകയായിരുന്നു.

🔹ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിന് വീണ്ടും അനുമതി. ക്ലാസില്‍ പങ്കെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

🔹തൃശ്ശൂര്‍ വെള്ളാറ്റഞ്ഞൂരില്‍ യുവതി മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടി. രണ്ട് കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ സയന (29), ഒന്നര വയസ്സുള്ള മകള്‍ ആഗ്നിക എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

🔹കാസര്‍കോട് ചീമേനി ചെമ്പ്രങ്ങാനത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സജന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

🔹ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയില്‍ ഇന്നലെ രാത്രി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഏകദേശം 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

🔹കാനഡയിലെ തെക്കൻ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടൻ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യൻ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

🔹സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥിയുടെയോ, ബന്ധുക്കളുടെയോ, ജംഗമ വസ്തുക്കള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പിന് ബാധിക്കാത്ത രീതിയിലുള്ള സ്വകാര്യ ജംഗമ വസ്തുക്കള്‍ വെളിപ്പെടുത്തേണ്ടതില്ല. സ്ഥാനാര്‍ഥിയുടെ സ്വകാര്യ ജീവതത്തിലെ എല്ലാകാര്യങ്ങളും അറിയുന്നത് വോട്ടര്‍മാരുടെ അവകാശമല്ല. ഓരോ കേസിലും ഓരോ സാഹചര്യമായിരിക്കും എന്നും കോടതി വ്യക്തമാക്കി.

🔹ഐപിഎല്ലിലെ ആവേശം അണപൊട്ടിയ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 2 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 37 പന്തില്‍ 64 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡിയുടെ കരുത്തില്‍ 9 വിക്കറ്റിന് 182 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് വേണ്ടി 46 റണ്‍സെടുത്ത ശശാങ്ക് സിംഗും 33 റണ്‍സെടുത്ത അശുതോഷ് ശര്‍മയും 29 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ പൊരുതി നോക്കിയെങ്കിലും രണ്ട് റണ്‍സകലെ മാത്രം പൊരുതി വീഴുകയായിരുന്നു.

🔹നിത്യ മേനോന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഡിയര്‍ എക്സസ്’സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. താരത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് ടൈറ്റില്‍ പുറത്തു വിട്ടത്. സംവിധായിക കാമിനിയുടെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. ഒരു കൈയില്‍ ഒരു ഗ്ലാസ് പാനീയവും മറ്റൊരു കൈയില്‍ മൊബൈല്‍ ഫോണും പിടിച്ചിരിക്കുന്ന പരമ്പരാഗത ലുക്കിലുള്ള നിത്യയെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. ‘മാജിക് ആരംഭിക്കട്ടെ’ എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. നേരത്തെ സംവിധായകന്‍ വിഷ്ണു വര്‍ദ്ധനൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ച കാമിനിയാണ് ഡിയര്‍ എക്സെസ് സംവിധാനം ചെയ്യുന്നത്. ഒരു ഫാന്റസി റൊമാന്റിക് കോമഡിയായിരിക്കും ചിത്രം എന്നാണ് സൂചന. പ്രതീക് ബബ്ബര്‍, വിനയ് റായ്, നവ്ദീപ്, ദീപക് പറമ്പോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദീപക് പറമ്പോലിന്റെ ആദ്യ തമിഴ് സിനിമയാണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായാണ് ദീപക് പറമ്പോള്‍ എത്തുക. പ്രണയത്തില്‍ ഭാഗ്യമില്ലാത്ത ഒരു പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ നിത്യ മേനന്‍ എത്തുന്നത് എന്നാണ് സൂചന.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments