Tuesday, January 7, 2025
Homeഅമേരിക്കശ്രീ എം. ജോൺ തോമസ് മാസ്റ്റർ നടന്നകന്ന തലമുറയിലെ ബഹുമുഖ പ്രതിഭ (ലേഖനം) ✍സി....

ശ്രീ എം. ജോൺ തോമസ് മാസ്റ്റർ നടന്നകന്ന തലമുറയിലെ ബഹുമുഖ പ്രതിഭ (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ.

സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ.

ജോൺ തോമസ് മാഷ്. എന്റെ തലമുറയിൽ പെട്ടവർക്ക് പോലും അത്ര സുപരിചിതൻ അല്ലാത്ത ഒരു വ്യക്തിയെ പരിചയപ്പെടുത്താനും, ഓർമ്മിപ്പിക്കാനും വേണ്ടിയാണ് ഈ ലേഖനം ഇവിടെ എഴുതുന്നത്.

1948 ൽ തൃശൂർ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മിഷ്യൻ ക്വാർട്ടേഴ്‌സ് ഉൾപ്പെട്ട പത്താം വാർഡിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി ആയിട്ടാണ് ജോൺ തോമസ് മത്സരിച്ചതും, ഭൂരിപക്ഷത്തോടെ വിജയിച്ചതും. തിരഞ്ഞെടുക്കപ്പെട്ട ആ കൗൺസിലിൽ ഏറ്റവും പ്രായം കുറഞ്ഞ 25 വയസ്സുകാരനായ, ഒരു സ്കൂൾ അധ്യാപകൻ കൂടിയായിരുന്ന തോമസ് മാഷ് എഴുതിയ ലേഖനത്തിൽ പ്രതിപാദിച്ചിരുന്ന വിഷയങ്ങൾ നടപ്പിലാക്കിയത് തൃശൂരിന്റെ ആധുനികമുഖച്ഛായ മാറ്റുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

മേനോത്ത് പറമ്പിൽ അന്തോണി തോമാസ് മാഷിന്റെയും, എലിസബത്ത് ടീച്ചറുടെയും മകനായി 1923 ജൂലൈ 25ന് ജോൺ തോമസ് ഭൂജാതനായി. മിഷ്യൻ ക്വാർട്ടേഴ്‌സ് സിഎംഎസ് ഇംഗ്ലീഷ് സ്കൂളിൽ ഒന്നാംക്ലാസ് മുതൽ നാലാം ക്ലാസ് വരെ പഠിച്ചു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ കാൽഡിയൻ സിറിയൻ സ്കൂളിൽസ്കൂളിൽ പഠിച്ചു.എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ സെന്റ്തോമസ് കോളേജ് ഹൈസ്ക്കൂളിലാണ് പഠിച്ചത്. സെന്റ് തോമാസ് കോളേജിൽ നിന്നാണ് ഇൻറർ മീഡിയറ്റ് പാസായത് . 1941 മുതൽ 43 വരെ ബി.എ. ബിരുദത്തിന് പഠിച്ചത് മംഗലാപുരം സെൻറ് അലോഷ്യസ് കോളേജിലായിരുന്നു. ക്വിറ്റിന്ത്യാ സമരം ആളിക്കത്തിയ കാലമായിരുന്നു അത്. സമരത്തിൽ ആകൃഷ്ടനായി മാതൃ രാജ്യത്തോടുള്ള സ്നേഹ ആവേശത്താൽ അതിന്റെ ചർച്ചകളുമായി കൂട്ടുകാരുമായി റോഡിൽ കൂടി നടന്നു വരുമ്പോൾ വെള്ളക്കാരനായ ജഡ്ജിയുടെ കാറ് വരുന്നത് കണ്ടു. തടുക്കടാ ആ സായിപ്പിന്റെ കാർ എന്ന് ജോൺ തോമസ് പറഞ്ഞതും, കൂട്ടുകാർ അടക്കം എല്ലാവരും കാറിൻറെ മുമ്പിൽ ചെളിയിൽ കിടന്നു. സൗമ്യ ശീലനായ ജഡ്ജി കാറിൽ നിന്ന് ഇറങ്ങിവന്ന് അവരോട് എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞു. ഇതുപോലെയൊന്നും ചെയ്യരുത് എന്ന് ഉപദേശം നൽകി കൊണ്ടാണ് അദ്ദേഹം മടങ്ങിപ്പോയത്. എന്നാൽ അകമ്പടിക്കാരായ നമ്മുടെ നാട്ടുകാരായ പോലീസ് ലാത്തിയുമായി അട്ടഹസിച്ച് ചാടിയിറങ്ങി. അവരന്ന് ജോൺ തോമസിനെ വിശേഷിപ്പിച്ചത് ‘കണ്ണട ധരിച്ച, കറുത്ത, കുറിയ ആപൽക്കാരിയായ ചെറുപ്പക്കാരൻ എന്നാണ്.’

1947 ൽ ജോൺ തോമാസിന്റെ സെന്റ്തോമസ് കോളേജിലെ സഹപാഠിയായിരുന്ന ജെ.പി. ഇ. സ്കൂൾ മാനേജർ ആയിരുന്ന ഫാദർ ജോൺ .പി . എലുവത്തിങ്കൽ അച്ചന്റെ സ്കൂളിൽ ജോലി കിട്ടി.

ചൂരൽ പ്രയോഗമോ, ഉഗ്രമായ ശാസിക്കലൊ, കൂടാതെ ജോൺ തോമസ് മാഷിൻറെ തറപ്പിച്ച ഒറ്റനോട്ടം കൊണ്ട് മാത്രം അറിയാതെ മൂത്രം ഒഴിച്ചുപോയ അനുഭവമാണ് പൂർവ്വ വിദ്യാർത്ഥികൾ പറഞ്ഞു കേട്ടിട്ടുള്ളത്. ജോൺ തോമസ് മാഷിന്റെ ക്ലാസ്സിൽ ഒരു സൂചി വീണാൽ പോലും അറിയാം. അത്ര ശ്രദ്ധയോടെ നിശബ്ദതയോടെയാണ് കുട്ടികൾ ഇരുന്നിരുന്നത്. അതുകൊണ്ട് വിദ്യാർഥികൾ മാഷിനിട്ട പേരാണ് വിശേഷപ്പെട്ടത്. ‘കരടി മാഷ് ‘

കണിശക്കാരനായ ഒരു കൗൺസിലർ ആയിരുന്നു ജോൺ തോമസ്. കൗൺസിൽ യോഗങ്ങളിൽ മണിക്കൂറുകൾക്കു മുമ്പ് ജോൺ തോമസ് ഹാജരാകുമായിരുന്നു. അന്നത്തെ അജണ്ട പഠിച്ച് യോഗത്തിൽ പങ്കെടുത്തിരുന്നത് കൊണ്ട് ചട്ട വിരുദ്ധമായി വരുമായിരുന്ന പല ഇനങ്ങളും മാഷിൻറെ ധീരമായ ചെറുത്തുനിൽപ്പ് കൊണ്ട് പാസാകാതെ പോകാറുണ്ട്. ചെറുപ്പത്തിന്റെ ചുറു ചുറുക്കും, കാര്യങ്ങൾ അവതരിപ്പിച്ച് സമർത്ഥിക്കാനുള്ള കഴിവും പ്രകടിപ്പിച്ചിരുന്ന ജോൺ തോമസ് മാസ്റ്ററിൽ കക്ഷി ഭേദമന്യേ എല്ലാ കൗൺസിൽമാർക്കും മതിപ്പ് ഉണ്ടായിരുന്നു.
1950 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി ട്രെയിനിങ് കോളജിൽ നിന്നും ബി .ടി. ബിരുദം നേടി. 1952 ൽ ജോൺ തോമസ് ഉൾപ്പെട്ട നഗരസഭയുടെ കാലാവധി പൂർത്തിയായി.

1954 ൽ തൃശൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ ജോൺ തോമസ് മാഷ് പങ്കെടുത്തിരുന്നു . 1958ല്‍ തൃശൂർ നഗരസഭ കമ്മീഷണർ ജി – 1 – 5425 /52 നമ്പർ എഴുത്ത് പ്രകാരം ഉപന്യാസ മത്സര വിജയി ജോൺ തോമസ് മാഷ് ആണെന്ന് അറിയിച്ചു. പിന്നീട് 1958 ൽ തൃശൂർ നഗരസഭയുടെ അഭിമുഖ്യത്തിൽ നടത്തിയ ഒരു പ്രത്യേക ചടങ്ങിൽ വച്ച് അന്നത്തെ കേരള ഗവർണർ ഡോക്ടർ വി.വി. ഗിരി , ജോൺ തോമസ് മാഷിനെ മഹാരാജ മാന്യ ശ്രീ. രാജ രവിവർമ്മ മഹാരാജാവിന്റെ 80 ആം ജന്മദിനത്തിന്റെ ഓർമ്മയ്ക്കായുള്ള സ്വർണമെഡൽ അണിയിച്ചു. പിന്നീട് തൃശൂർ നഗരസഭയും, ചേമ്പർ ഓഫ് കോമേഴ്സും, പൗരമുഖൃരും, രാഷ്ട്രീയ പാർട്ടി നേതാക്കളും, തൃശൂർ നഗര വികസനത്തിന്നാവശ്യമായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ തുടക്കം കുറിച്ച്, മുഖ്യമായും ചർച്ചചെയ്തത് ജോൺ തോമാസിന്റെ ലേഖനത്തിലെ വിഷയങ്ങൾ ആയിരുന്നു.

ആ കൗൺസിലിൽ പിന്നീട് മന്ത്രി ആയവർ, എംഎൽഎ യും, എം പിയും ആയവർ, രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്നവർ, അഭിഭാഷകർ, അധ്യാപകർ , വ്യാപാരികൾ അങ്ങനെ അനേകം കൗൺസിലർമാരുണ്ടായിരുന്നു. അവർക്കൊന്നും തൃശ്ശൂരിന്റെ വികസനത്തിന് ഒരു മാർഗ്ഗരേഖ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഈ ലേഖനത്തിനുള്ള പ്രത്യേകത.

ലേഖനത്തിലെ പ്രശസ്ത ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു.

തൃശ്ശൂരിന്റെ ഹൃദയഭാഗത്തുള്ള സർക്കാർ വക ഭൂമി തൃശ്ശൂർ നഗരസഭയ്ക്ക് കൈമാറിയും നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ സർക്കാർ ആവശ്യത്തിന് വിട്ടുകൊടുത്തും സർക്കാരിൻറെ ഭൂമി പണം കൊടുത്ത് വാങ്ങിയും കിട്ടുന്ന സ്ഥലങ്ങളിൽ കെട്ടിടങ്ങൾ പണിത് വാടകയ്ക്ക് കൊടുത്ത് തൃശൂർ നഗര സഭ വരുമാനം ഉണ്ടാക്കണം. പിന്നീട് നഗരസഭയുടെ വലതുഭാഗത്തുള്ള കെട്ടിടവും, നഗരസഭയ്ക്ക് മുന്നിലുള്ള കെട്ടിടങ്ങളും പണിയാൻ ഈ ലേഖനം കാരണമായി.

ആ കാലത്ത് മനുഷ്യൻ തന്നെ മനുഷ്യമലം വീടുകളിൽ നിന്ന് ശേഖരിച്ച് ചുമന്നു കൊണ്ടു പോകുന്ന പ്രാകൃതമായ ഒരു ഏർപ്പാട് ഉണ്ടായിരുന്നു. അത് അവസാനിപ്പിക്കാൻ ലേഖനത്തിൽ ശക്തിയായി ആവശ്യപ്പെട്ടിരുന്നു.
ഇപ്പോഴത്തെ തലമുറയ്ക്ക് അത് ചിന്തിക്കാൻ പോലും കഴിയുമോ. വീടുകളിൽ നിന്ന് നമ്മുടെ മലം ബക്കറ്റുകളിൽ ആക്കി റോഡിൽ നിർത്തിയിരിക്കുന്ന വണ്ടിയിൽ മലം നിക്ഷേപിച്ച് റോഡിൽ കൂടി ആ രണ്ടു ചക്ര വണ്ടി വലിച്ചുകൊണ്ടു പോകുന്നത് കണ്ടവരാണ് എൻറെ തലമുറ . മാത്രമോ സ്ത്രീകളാണെങ്കിൽ ഒക്കത്തൊരു കുട്ടിയും, ചക്കയൊ, മാങ്ങയൊ, കിട്ടിയത് എന്തും ആ വണ്ടിയിൽ കാണാം. അറപ്പ് ഉളവാക്കുന്ന ഈ സേവന പ്രവർത്തി ചെയ്യുന്നവരെ ജനം വെറുപ്പോടെയാണ് നോക്കി കണ്ടിരുന്നത് എന്നതാണ് കഷ്ടം. ഒരിക്കൽ ശമ്പള തർക്കത്തെ തുടർന്ന് മലം കൊണ്ടുപോകുന്ന തൊഴിലാളികൾ സമരം ചെയ്തു. തൃശൂർ നഗരം നാറാൻ പിന്നെ എന്തു വേണം. അതികദിവസം നീണ്ടുനിൽക്കാതെ അധികാരികൾ പ്രശ്നം വേഗം അവസാനിപ്പിച്ചു. പിന്നീട് വീടുകളിൽ കക്കൂസ് പണിതു കൊണ്ടാണ് അതിന് മാറ്റം വന്നത്.
ആ കാലത്ത് ശിശുമരണം വളരെ കൂടുതലായിരുന്നു പകർച്ചവ്യാധികൾ പടർന്നു പിടിച്ചിരുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉടനെ നടപ്പിലാക്കണം. അതോടൊപ്പം രോഗം പടരാതിരിക്കാൻ ജനങ്ങളെ ബോധവാന്മാരാക്കണം.

പട്ടണത്തിൽ അങ്ങിങ്ങ് അൽപ്പദൂരം കാന കെട്ടുകയോ ,പൈപ്പ് ഇടുകയോ ,റോഡ് നന്നാക്കുകയോ, വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുകയും ചെയ്യുന്ന ഏർപ്പാട് നിർത്തി, ശരിയായ പ്ലാനിങ്ങിന്റെ അടിസ്ഥാനത്തിൽ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്ന രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ പ്രവർത്തനം നടത്തണം.

1954 കാലത്ത് തൃശൂരിൽ തമിഴ്നാട്ടുകാരായ ധാരാളം കുഷ്ഠ രോഗ ബാധിതർ ഉണ്ടായിരുന്നു അവർ റോഡുകളിൽ കൂടി അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നു തമിഴ്നാട്ടിൽ മദ്യനിരോധനം ഉണ്ടായിരുന്നു കേരളത്തിൽ ആണെങ്കിൽ മദ്യനിരോധനം ഉണ്ടായിരുന്നില്ല അത് അവരെ കേരളത്തിലേക്ക് ആകർഷച്ചു. കേരളത്തിലേക്ക് മയക്കുമരുന്നും, തമിഴ്നാട്ടിലേക്ക് മദ്യവും കടത്തിയിരുന്ന ഇവരെ കുഷ്ഠ രോഗ ബാധിതർ എന്ന പരിഗണനയിൽ യാതൊരുവിധ പരിശോധനക്കും വിധേയരാക്കിയിരുന്നില്ല.കുഷ്ഠ രോഗബാധിതരെ നാട്ടുകാർ വെറുപ്പോടെ ആട്ടിയോടിച്ചിരുന്നു ഈ പെരുമാറ്റം അവരുടെ സമനില തെറ്റിച്ചു.തൻമൂലം അവരിൽ പലരും അക്രമണ സ്വഭാവമുള്ളവരും , സാമൂഹ്യ വിരുദ്ധരുമായി.അവരെ പുനരധിവസിപ്പിക്കണം. ലേഖനത്തിലെ മറ്റൊരാവശ്യമായിരുന്നു ഇത്. ഞങ്ങളുടെ അമ്മാമയുടെ ആഗ്രഹപ്രകാരം എൻറെ ചെറുപ്പകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും കാലത്ത് ഏഴുമണിയോടെ കുഷ്ഠരോഗികൾക്ക് ഞങ്ങളുടെ വീടിൻറെ മുന്നിലെ തളത്തിൽ കഞ്ഞിയും, മുതിര ഉപ്പേരിയും കൊടുത്തിരുന്നു. അവർ കൊണ്ടുവരുന്ന പാത്രത്തിൽ കഞ്ഞി ഒഴിച്ച് കൊടുക്കും. 15 ഓളം രോഗികൾ മിക്കവാറും ഉണ്ടാകും. അങ്ങനെ വന്നിരുന്ന ഒരു കുഷ്ഠരോഗിയോട് എൻറെ ചേട്ടൻ
സി ഐ പോൾ ദിവസങ്ങളോളം അവരുടെ ജീവിത രീതി ചോദിച്ചു മനസ്സിലാക്കി കൊണ്ടിരുന്നു. പിന്നീട് ചേട്ടൻ എഴുതി അഭിനയിച്ച ഒരു നാടകത്തിന് അത് സഹായിച്ചു എന്ന് വേണം കരുതാൻ.

പിന്നീട് ഭിക്ഷയാടനം നിരോധിക്കുകയും കിട്ടിയവരെ ആനപ്പാറയിലേക്ക് കൊണ്ടുപോവുകയും ചെയ്തു തുടങ്ങി. തൃശൂർ രൂപതയുടെ കീഴിൽ മുളയത്ത് ഒരു കുഷ്ഠരോഗ ആശുപത്രി ആരംഭിച്ചു ധാരാളം രോഗബാധിതരെ അവിടേയ്ക്കും കൊണ്ടുപോയി.

പീച്ചിയിൽ നിന്നുള്ള ശുദ്ധജലം തൃശൂർ നഗരത്തിൽ സ്ഥാപിക്കുന്ന പൊതു ടാപ്പുകൾ വഴി വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അതോടൊപ്പം നഗരത്തിലെ വീടുകളിലേക്ക് പൈപ്പ് വഴി ശുദ്ധജലം വിതരണം ചെയ്ത് അതിന് വീട്ടുകാരിൽ നിന്ന് പണം ഈടാക്കി നഗരസഭ സാമ്പത്തിക നേട്ടം കൈവരിക്കണം എന്നും ലേഖനത്തിൽ എഴുതിയിരുന്നു പിന്നീട് ഈ നിർദ്ദേശത്തെ തുടർന്ന് വീടുകളിലേക്ക് ശുദ്ധജലം വിതരണം ആരംഭിച്ചപ്പോൾ പീച്ചി ഡാം ഉള്ളിടത്തോളം കാലം ഇനി ഒരിക്കലും ശുദ്ധജലക്ഷാമം അനുഭവിക്കേണ്ടി വരില്ല എന്ന വിശ്വാസത്തോടെ തൃശ്ശൂർ നഗരവാസികളിൽ ഭൂരിപക്ഷവും കടുത്ത വേനൽക്കാലത്ത് പോലും വറ്റാത്ത കിണറുകൾ മൂടുന്നതിനും ,മറ്റു ചിലർ കിണറുകൾ കക്കൂസ് കുഴിയാക്കിയും മിടുക്കു കാണിച്ചു . ഇപ്പോൾ സ്ഥിരമായി ശുദ്ധജല വിതരണത്തിന് തടസം വരുമ്പോൾ ആ കൂട്ടർ “ചക്രശ്വാസം” വലിക്കുന്നത് കാണാം.

വളരെ അതികം പേജുകളുള്ള ഉപന്യാസത്തിൽ നിന്ന് പ്രത്യേകിച്ച് ചിലത് മാത്രം തിരഞ്ഞെടുത്തതാണ്.
തേക്കിൻകാട് ക്ഷേത്ര മൈതാനവും, അതിനു ചുറ്റുമുള്ള പ്രദക്ഷിണ വഴിയും ( ഇന്ന് ആ വഴിക്ക് പ്രദക്ഷിണ വഴി എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട് ) എന്നു കേൾക്കുമ്പോൾ തന്നെ ക്ഷേത്രവും, അതിൻറെ സംസ്കാരവുമായി തൃശ്ശൂരിന്റെ സ്ഥാനം മഹത്വപ്പെട്ടത് തന്നെ. അതോടൊപ്പം തൃശൂർ നഗരത്തിന്റെ മുഖച്ചായതന്നെ മാറ്റുമായിരുന്ന ലേഖനത്തിലെ ഒരു ആവശ്യമാണ് തുടർന്ന് എഴുതുന്നത്.
” തൃശൂർ തെക്കേ പ്രദക്ഷിണ വഴിമുതൽ മുൻസിപ്പൽ ഓഫീസ് റോഡ്, പട്ടാളം റോഡ് കണ്ണൻകുളങ്ങര റോഡ് വഴി ആലും വെട്ടുവഴിയിൽ (ചിയാരം റോഡ് ) സന്ധിക്കുന്ന ഒരു നല്ല വീതിയുള്ള ഒരു റോഡ് എന്നതായിരുന്നു അതിലെ ഒരു ആവശ്യം.” അന്ന് ആ റോഡ് ഉണ്ടാക്കാൻ ഒരു തടസവുമുണ്ടായിരുന്നില്ല . രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം തൃശ്ശൂർ വികസനത്തിന് നടപ്പിലാക്കാൻ പ്ലാൻ ചെയ്ത ” പോസ്റ്റ് വാർ കാൺസ്ട്രക്ഷൻ സ്കീം” ന്റെ ഭാഗമായി പഴയ പോസ്റ്റ് ഓഫീസിന്റെ ഇടതു ഭാഗത്തെ സ്ഥലം മേൽപ്പറഞ്ഞ റോഡ് വികസനത്തിനായി മരവിപ്പിച്ചിരുന്നു. 1954 ലും അവിടെ കെട്ടിടം പണിതിരുന്നില്ല. പഴയ പട്ടാളം റോഡിൻറെ വശതു ഭാഗത്ത് ഇന്ന് കാണുന്ന മൂന്നു നില. കെട്ടിടങ്ങൾ ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല പഴയ പോസ്റ്റ് ഓഫീസും, ഒരു അമ്പലവും മാത്രം അവിടെയുണ്ടായിരുന്നു. എന്നാൽ തൃശൂർ നഗരസഭ മുൻ ചെയർമാനും, പ്രമുഖ അഭിഭാഷകനും ആയിരുന്ന മാന്യദേഹം ഹൈക്കോടതിയിൽ പോയി മരവിപ്പിച്ചത് റദ്ദാക്കി. പിന്നീടാണ് കള്ളിയത്ത് എന്ന പേരിലുള്ള കെട്ടിടം അവിടെ നിർമ്മിച്ചത്. താഴെ എവറസ്റ്റ് ഹോട്ടലും , മുകളിൽ ഡോക്ടർ വക്കൻസിന്റെ ദന്ത ആശുപത്രിയും പ്രവർത്തിച്ചിരുന്നു. ആ കെട്ടിടം വാങ്ങിയ ആൾ കെട്ടിടം പൊളിച്ചു കളഞ്ഞ് ഭൂമിയാക്കിയിട്ടിരിക്കുകയാണ്. എന്തു വില കൊടുത്തും ആ സ്ഥലത്തിൻറെ ഉടമസ്ഥനിൽ നിന്ന് തൃശൂർ കോപ്പറേഷൻ സ്ഥലം വാങ്ങേണ്ടത് തന്നെയാണ്. പഴയ ഫയലുകൾ തപ്പി എടുത്താൽ മരവിപ്പിച്ചതു കാണാൻ കഴിയും. ആ സ്ഥലം ഉൾപ്പെടെ റോഡ് വികസിപ്പിച്ചാൽ തൃശ്ശൂരിലെ ഗതാഗതകുരുക്കിന് എന്നെന്നേക്കുമായി ശാശ്വത പരിഹാരമാകും.
ചിയാരത്തുനിന്ന് നോക്കിയാൽ, വടുക്കുനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുര നട കാണാൻ കഴിയുന്ന വീതിയുള്ള ഒരു റോഡ്. എത്ര മനോഹരമായ കാഴ്ചയായിരിക്കുമത്.

ഫ്രണ്ട്സ് ക്ലബ് മിഷ്യൻ ക്വാർട്ടേഴ്സിന്റെ സെക്രട്ടറി ആയിട്ടാണ് തോമസ് മാഷ് സാമൂഹ്യ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചത്. വൈ. എം .സി . എ ഡയറക്ടർ ,ജില്ലാ അക്കാദമിക് കൗൺസിൽ ഉപാധ്യക്ഷൻ ,തൃശൂർ എക്യുമെനിക്കല്‍ ഗ്രൂപ്പ് പ്രസിഡൻറ്, ബഥേൻ ആശ്രമം കോ. ഓർഡിനേറ്റർ, സി.എസ്. ഐ. സിനഡ് (ചെന്നൈ) പ്രവർത്തക സമിതി അംഗം, സി. എസ് .ഐ. ട്രസ്റ്റ് അസോസിയേഷൻ ഭരണസമിതി അംഗം , ഉത്തര കേരള മഹാ ഇടവക അൽമായ സെക്രട്ടറി ,തൃശൂർ ഓൾ സെയിന്റ് സ് പാസ്റ്ററേജ് കമ്മിറ്റി സെക്രട്ടറി, കൊച്ചി മേഖല സി .എം.എസ്. സ്കൂളുകളുടെ കോപ്പറേറ്റ് മാനേജർ, മലബാർ ക്രിസ്ത്യൻ കോളേജ് ഉൾപ്പെടെ ഉത്തര കേരള മഹാ ഇടവക വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സി എസ് ഐ എഡ്യുക്കേഷൻ ബോർഡ് സെക്രട്ടറി, അഞ്ചേരി സി. എസ്.ഐ . ശിശുക്ഷേമ കേന്ദ്ര ത്തിന്റെ മാനേജർ. എന്നീ നിലകളിൽ അദ്ദേഹം സേവനം ചെയ്തു. മാർ അപ്രേം തിരുമേനി എഴുതിയ പല ഇംഗ്ലീഷ് ബുക്കുകളും പാകപ്പെടുത്തിയെടുക്കാൻ തോമസ് മാഷ് സഹായിച്ചിരുന്നു.

പരിഷ്കാരത്തിന്റെ സൗകര്യങ്ങളിൽ ജീവിക്കുമ്പോൾ ,അത് ഭാവനയിൽ
രൂപപ്പെത്തി പൊതുജന സമക്ഷം അവതരിപ്പിച്ച വ്യക്തിയെ അറിയില്ല, അറിയാൻ ശ്രമിക്കുകയുമില്ല. ഞാനും അത്തരക്കാരൻ തന്നെ. എന്നാൽ തോമസ് മാഷുമായി ഒരിക്കൽ സംസാരിക്കാൻ ഇടവന്നപ്പോൾ , ഈ വ്യക്തിത്വത്തെ അങ്ങനെ മറക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കി. ഞാൻ തന്നെ മുൻകൈയെടുത്ത്, കൂട്ടിന് കെ.എം.സിദ്ധാർത്ഥൻ മാഷെയും കൂട്ടി.ഞാനും കെ എം. സിദ്ധാർത്ഥൻ മാഷും കൺവീനർമാരായി വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു. തൃശൂരിൽ നാലു ദിവസങ്ങളിലായി നടത്തുന്ന പരിപാടികൾക്ക് രൂപം നൽകി.

ശ്രീ എം ജോൺ തോമസ് മാസ്റ്റർ ശതാഭിഷിക്ത ആഘോഷ സ്വാഗതസംഘം ഓഫീസ് അഭിവന്ദ്യ സി. എസ് .ഐ. ബിഷപ്പ് ഡോക്ടർ കെ .പി . കുരുവിള തിരുമേനി ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികളുടെ ഭാഗമായ വിദ്യാഭ്യാസ സമ്മേളനം ബഹു. മുൻ മന്ത്രി ശ്രീ വി എം സുധീരൻ ഉദ്ഘാടനം ചെയ്തു. ബഹു. മുൻ സ്പീക്കർ അഡ്വക്കേറ്റ് തേറാമ്പില്‍ രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ മാഷിന്റെ ശിഷ്യന്മാരായ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോക്ടർ പ്രഭാകരൻ പഴശ്ശി, പ്രൊഫസർ വി.പി. ജോൺസ്, സി.ജി നാരായണൻകുട്ടി മാഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ശതാഭിഷിക്ത പുരസ്കാര സമർപ്പണ സമ്മേളനത്തിൽ അഭിവന്ദ്യ മെത്രാ പോലീത്ത ഡോക്ടർ അപ്രേം തിരുമേനി പുരസ്കാരം നൽകി. ശ്രീ എം ജോൺ തോമസ് ശതാഭിഷിക്ത ആഘോഷ സമാപന സമ്മേളനം ബഹു. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ ഇ .ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ബഹു. തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മെയർ ശ്രീ എം വിജയൻ അധ്യക്ഷത വഹിച്ചു. ബഹു. മുൻ ഇന്ത്യൻ അംബാസിഡർ (വത്തിക്കാൻ ) ശ്രീ കെ പി ബാലകൃഷ്ണൻ വീട്ടിയിൽ തീർത്ത ആനയുടെ ശില്പം തോമസ് മാസ്റ്റർക്ക് സമ്മാനിച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ബഹു. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ഡോക്ടർ എം വിജയരാഘവൻ, ശ്രീമതി എംഡി ഗ്രേസ് ടീച്ചർ, എന്നീ മാസ്റ്ററുടെ ശിഷ്യന്മാർ സംസാരിച്ചു. സെമിനാരിയിൽ തോമാസ് മാഷ് ഇംഗ്ലീഷ് പഠിപ്പിച്ച , മാസ്റ്ററുടെ ശിഷ്യന്മാരായ ഡോക്ടർ ടോണി നീലങ്കാവിൽ ( ഇപ്പോഴത്തെ തൃശൂർ സഹായ മെത്രാൻ) അടക്കം നിരവധി വൈദികർ യോഗത്തിൽ സംബന്ധിച്ചു. തോമാസ് മാഷ് ഭാരവാഹി ആയിരുന്ന സംഘടനകൾ , പുരസ്കാരങ്ങൽ നൽകിയ ആദരിച്ചു. സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടന്ന സമാപന സമ്മേളന പരിപാടി വമ്പിച്ച വിജയമായിരുന്നു. പരിപാടികളുടെ വാർത്തകൾ പത്രമാധ്യമം വഴി നൽകാൻ കഴിഞ്ഞു. അതോടെ മാഷിനെ നാലാൾ അറിയാനും ഇടവന്നു.

സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments