2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി അധികാരത്തിൽ രണ്ടാം പ്രാവശ്യവും നരേന്ദ്രമോദി സർക്കാർ എത്തിയപ്പോൾ ബി ജെ പി യുടെ 303 എം പി മാരിൽ ഏറ്റവും താര പ്രഭയോട് പാർലമെന്റിൽ പ്രവേശിച്ചത് ഉത്തർപ്രദേശിലെ അമേടി മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയാണ്.
2003 ൽ ബി ജെ പി അംഗത്വം എടുത്തു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സ്മൃതി ബി ജെ പി യുടെ പോഷക സംഘടന ആയ മഹിളാമോർച്ചയിൽ ഉൾപ്പെടെ നേതൃനിരയിലേക്ക് ഉയർന്നു.
2011 മുതൽ രാജ്യസഭ മെമ്പർ ആയ സ്‌മൃതിയെ ആണ് ബി ജെ പി നേതൃത്വം 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുവാൻ അമേടിയിൽ നിയോഗിച്ചത്.
ബി ജെ പി യുടെ കണക്കുകൂട്ടലുകൾ ശരി വയ്ക്കുന്നതായിരുന്നു സ്‌മൃതിയുടെ പ്രകടനം 2004 ലും 2009 ലും മൂന്നു ലക്ഷത്തിൽ പരം വോട്ടുകൾക്ക് അമേടിയിൽ ജയിച്ച രാഹുൽ ആദ്യമായി സ്‌മൃതിയോട് ഏറ്റുമുട്ടിയപ്പോൾ ഭൂരിപക്ഷം ഒരു ലക്ഷം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.
അതിന് ശേഷം ബി ജെ പി നിർദ്ദേശപ്രകാരം അമേടിയിൽ സ്‌ഥിരതാമസം ആക്കിയ സ്മൃതി തന്റെ മന്ത്രി സ്‌ഥാനം കൂടി ഉപയോഗിച്ചുകൊണ്ട് അമേടി മണ്ഡലത്തിലെ എല്ലാ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ടു മണ്ഡലത്തിലെ വോട്ടർമാരിൽ വൻ സ്വാധീനം ഉണ്ടാക്കിയെടുത്തു.
തുടർന്ന് 2019 ലെ മോദി തരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ചു മുന്നോട്ട് പോയ്കൊണ്ടിരുന്ന അമേടി മണ്ഡലത്തിൽ ഇളം തലമുറക്കാരൻ രാഹുലിനെ അമ്പതിനായിരത്തിൽ പരം വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് മുൻ സിനിമാതാരം കൂടിയായ സ്മൃതി പാർലമെന്റിൽ എത്തിയത്.
ചരിത്രം രചിച്ച വിജയം ആഘോഷിച്ചുകൊണ്ട് സ്മൃതി ആദ്യം പറഞ്ഞത് രാഹുൽ ഇനി തല ഉയർത്തി അമേടിയിൽ വരില്ല എന്നായിരുന്നു. അതിന് ന്യായീകരിക്കും വിധമായിരുന്നു കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കേവലം മൂന്നു പ്രാവശ്യം മാത്രം അമേടി സന്ദർശിച്ച രാഹുലിന്റെ നിലപാട്.
പാർലമെന്റിനുള്ളിലും പുറത്തും രാഹുലിനെ ആംഗ്യ ഭാഷയിലും പ്രസ്താവനകളിലും കഴിഞ്ഞ അഞ്ചു വർഷം നിരന്തരം വേട്ടയാടിയ സ്‌മൃതിക്കു കിട്ടിയ വലിയ ആഘാതം ആയിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന്റെ പരിചാരകൻ എന്നു സ്മൃതി തെരഞ്ഞെടുപ്പു കാലത്ത് തുടരെ പരിഹസിച്ച കോൺഗ്രസ് ടിക്കറ്റിൽ തനിക്കെതിരെ മത്സരിച്ച കിഷൻ ലാൽ ശർമയിൽ നിന്നും ഏറ്റ വൻ പരാജയം.
വയനാടും റായ്ബാറേലിയിലും വൻ വിജയം നേടിയ ശേഷം വയനാട് സീറ്റ് ഒഴിയാൻ തീരുമാനിച്ച രാഹുലിന് പകരം പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുവാൻ എത്തുമ്പോൾ ഗാന്ധി കുടുംബത്തോട് പോർവിളി നടത്തി പ്രസിദ്ധയായ സ്‌മൃതിക്കു സുവർണ അവസരം ആണ് വന്നിരിക്കുന്നത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി ആയശേഷം ഉത്തർപ്രദേശിന്റ ചുമതലയുള്ള പ്രിയങ്ക കഴിഞ്ഞ അഞ്ചു വർഷം നടത്തിയ ഐതിസാഹസികമായ പ്രവർത്തനത്തിന്റെ കൂടി ഫലമാണ് കോൺഗ്രസിനു ബാലികേറാമലയായിരുന്ന ഉത്തർപ്രദേശ് കൂടി ഉൾപ്പെടുന്ന ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസും ഇന്ത്യ സഖ്യവും ഈ തെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയം.
എഴുപതുകളിലും എൺപതുകളിലും ഇന്ദിരാഗാന്ധി പ്രസംഗിക്കുമ്പോൾ കൂടിയിരുന്ന ജനങ്ങളുടെ ഇരട്ടിയാണ് ഇന്ദിരയുടെ രൂപവും ശബ്ദവും ഉള്ള പ്രിയങ്ക ജനാലക്ഷങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കിട്ടുന്ന ഹർഷാരവം.
ഇനി വയനാട്ടിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ മുൻപ് രാഹുൽ നേടിയിട്ടുള്ള മൂന്നു ലക്ഷവും നാലു ലക്ഷവും ഭൂരിപക്ഷം പ്രിയങ്കയ്ക്കു ഉറപ്പാണെങ്കിലും ഇത്തവണ പ്രിയങ്കയ്ക്കു എതിരെ മത്സരിച്ച ശേഷം അടുത്ത അഞ്ചു വർഷം വയനാട്ടിൽ തമ്പടിച്ചു നല്ലയൊരു ടൂറിസ്റ്റ് കേന്ദ്രമായതുകൊണ്ട് അതിന്റ കാഴ്ചകൾ ഒക്കെ ആസ്വദിച്ചു സിനിമാ നടൻ അബു സലീമിന് വയനാട്ടിലുള്ള റെസ്റ്റോറന്റിലെ നിർത്തി പൊരിച്ച ചിക്കനും ആസ്വദിച്ചാൽ പിന്നീട് സ്‌മൃതിക്കു എപ്പോഴെങ്കിലും ഒരു കൈ നോക്കാം.