Thursday, November 14, 2024
Homeഅമേരിക്കനിമ്മീ ദാസ് അക്കാഡമിയുടെ രജതജൂബിലിയാഘോഷം: നർത്തനം കാണാൻ ഒരുങ്ങി നീലാകാശവും താരകളും, ആസ്വാദക വൃന്ദവും

നിമ്മീ ദാസ് അക്കാഡമിയുടെ രജതജൂബിലിയാഘോഷം: നർത്തനം കാണാൻ ഒരുങ്ങി നീലാകാശവും താരകളും, ആസ്വാദക വൃന്ദവും

പി ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: “നൃത്തവർഷിണി” പുരസ്കാര ജേത്രിയായ, നിമ്മീ റോസ് ദാസ് ശിക്ഷണം നൽകുന്ന, ‘ഭരതം ഡാൻസ് അക്കാഡമി’യുടെ, രജതജൂബിലിയാഘോഷം, ശനിയാഴ്ച്ച (സെപ്റ്റംബർ 14, 2024) ഫിലഡൽഫിയയിൽ കാല്‍സര മഴകള്‍ പൊഴിക്കുന്നൂ. നർത്തനം കാണാൻ ഒരുങ്ങി നീലാകാശവും താരകളും, പിന്നെ ആസ്വാദക വൃന്ദവും. മലയാള ചലച്ചിത്ര കവി ബിച്ചു തിരുമല പാടിയ പോലെ, “പാല്‍സരണികളില്‍ കാല്‍സരമഴകള്‍, മൊഴികളില്‍ പൂത്ത ചിരികള്‍ കോര്‍ത്ത ചലനം തീര്‍ത്ത നടനം, കരളെടുത്തു കളിച്ചിലങ്ക പണിയും… ചടുല നിമിഷഗതി തടവിലിടും അഭിനയം, ,കുലമണി ഉര്‍വ്വശിയുടെ കല, സര്‍വ്വവും അടിതൊഴുതിടും യുവനിര, നവ നടനജതി വിതറും, ഒരുപിടി മധുരവും അനുപമ ലഹരിയും, അവയിൽ അതിശയ കഥയുടെ നിറകൊലുസു” മായി, ഭരതം ഡാൻസ് ആക്കാഡമി, നർത്തന വിജയ വിദ്യാഭ്യാസ ദാനത്തിൻ്റെ, സാർത്ഥകമായ ഇരുപത്തി അഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്നു.

നിമ്മീ റോസ് ദാസ്, കൊച്ചിൻ കോളജിൽ, കോളജ് യൂണിയൻ ആർട് വിഭാഗം സെക്രട്ടറിയായിരുന്നു. എറണാകുളം മാഹാരാജാസ് കോളജിൽ നിന്ന് ധനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ഫിലഡൽഫിയയിലെ കോളജുകളിൽ നിന്ന് ഫിസിയോ തെറപ്പിയിൽ ബിരുദവും നേഴ്‌സിങ്ങിൽ മാസ്റ്റേഴ്സും നേടി. ഗുരുവിജയലക്ഷ്മിയുടെ ശിക്ഷണത്തിൽ, ഭരതനാട്യവും

കുച്ചുപ്പുടിയും മോഹിനി ആട്ടവും അഭ്യസിച്ചു. ചിത്ര രചനയിലും പെയ്ൻ്റിങ്ങിലും മികവു പുലർത്തുന്ന ചിത്രകാരിയെന്ന നിലയിലും പ്രശസ്തയാണ് നിമ്മി. ഫിലഡൽഫിയയിലെ പേരെടുത്ത യൂണിവേഴ്സിറ്റിയിലെ നേഴ്സ് എഡ്യൂക്കേറ്ററും പ്രശസ്ത ഹോസ്പിറ്റലിൽ നേഴ്സ് മാനേജരുമാണ്. നൃത്ത വിദ്യാദാനത്തിലൂടെ, വിവിധ ഇന്ത്യൻ ഭാഷകളുടെയും, സംസ്കാര രീതികളുടെയും പാഠങ്ങൾ, അനേകം വിദ്യാർഥിനീ വിദ്യാർഥികൾക്ക് പകർന്നു നൽകുന്നു.

ഭരതം ഡാൻസ് അക്കാഡമിയുടെ രജത ജൂബിലി ആഘോഷത്തിൽ സമാഹരിക്കുന്ന ഡൊണേഷൻ തുക, വയനാട്ടിലെ ഉരുൾ ദുരിതമനുഭവിക്കുന്ന അശരണർക്ക് നൽകുന്നതിന്, നീക്കി വയ്ക്കുന്നു. ഏവരെയും ക്ഷണിക്കുന്നതായി ഭരതം ഡാൻസ് അക്കാഡമി രജത ജൂബിലി ആഘോഷ സമിതി പ്രവർത്തകർ അറിയിക്കുന്നു.

പ്രകൃതി ദുരന്ത ബാധിതർക്ക് സഹായം നൽകുന്നതിനുള്ള ഭരതം ഡാൻസ് അക്കാഡമിയുടെ ജീവകാരുണ്യ നിലപാടിനെയും അവരുടെ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നതായി ഓർമാ ഇൻ്റർനാഷണൽ ഇൻഡ്യാ പ്രൊവിൻസ് പ്രസിഡൻ്റ് കെ ജെ ജോസഫ് മാസ്റ്ററും (റിട്ടയേഡ് ഹെഡ് മാസ്റ്റർ), സെക്രട്ടറി ഷീജാ കെ പിയും (കഥാപ്രസംഗ-നൃത്താദ്ധ്യാപിക), പ്രവർത്തകരും ആശംസാ പൂർവം നന്ദിയോടെ വയനാട്ടിൽ നിന്ന് അറിയിച്ചു. മുൻ വർഷങ്ങളിൽ ക്യാൻസർ ബാധിത അശരണർക്ക് സാന്ത്വനം പകരുവാൻ ഭരതം ഡാൻസ് അക്കാഡമി ധനസഹായം നൽകിയിരുന്നു. ആഘോഷ വേദി: Klein Life Hall, 10100 Jamison Ave, Philadelphia, PA 19116; time 4 P M, Date: Saturday September 14, 2024. Entry Free.

പി ഡി ജോർജ് നടവയൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments