” ഒരു ജോലി ചെയ്യാൻ നിങ്ങൾ എത്രത്തോളം വിദഗ്ദ്ധനാണെന്നതിനേക്കാൾ, നിങ്ങൾക്ക് ആ ജോലി ചെയ്യാനുള്ള അർപ്പണ മനോഭാവമാണ് എറ്റവും പ്രധാനം “
ഡോ എ പി ജെ അബ്ദുൾകലാം
ഓരോരുത്തരും ചെയ്യുന്ന പ്രവർത്തികളിൽ പൂർണ്ണമനസ്സോടെ ഏർപ്പെടാൻ കഴിയുന്നുണ്ടോയെന്ന് സ്വയം പരിശോധിക്കണം. ഒരു ജോലിയിൽ പ്രവേശിക്കുമ്പോൾ ആ ജോലിയിലയാൾ എത്ര വിദഗ്ദ്ധനാണെങ്കിലും ക്യത്യനിഷ്ഠയില്ലെങ്കിൽ പ്രയോജനമില്ല. എന്തെങ്കിലും ജോലി ചെയ്യുമ്പോൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള വഴികളാകും നാം തിരഞ്ഞെടുക്കുക. ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുന്നവരിൽ ഭൂരിഭാഗവും ലക്ഷ്യം മാത്രം കാണുന്നവരാണ്. കടന്നു വന്നതും,കടന്നു പോകേണ്ടതുമായ വഴികളിൽ ചുറ്റുമുണ്ടായിരുന്ന പ്രധാനപ്പെട്ട പലതും കാണാതെ പോകുകയോ, കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നവരുണ്ട്
ലക്ഷ്യബോധമെന്നത് അനിവാര്യമാണ്.. അതില്ലാത്തവർക്ക് വിജയിക്കാൻ പ്രയാസമാണ്. അവിടെ ചുറ്റുപാടുകളെ ശ്രദ്ധിച്ചും, സഹായം തേടേണ്ടവരുടെ സഹായവും ഉപദേശ നിർദേശങ്ങളും നേടിയെടുത്തും പൂർണ്ണതയോടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധിച്ചാൽ മാത്രമേ വിജയം നേടുകയുള്ളു.
ഒരു പ്രവർത്തിയിൽ നാം ഏർപ്പെടുമ്പോൾ എത്രമാത്രം അർപ്പണ മനോഭാവത്തോടെ മുഴുകാൻ കഴിയുന്നുണ്ടെന്നത് പ്രധാനമാണ്.
ഏറ്റെടുക്കുന്ന കർത്തവ്യങ്ങളിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കാൻ കഴിയുമ്പോഴാണ് പൂർണ്ണമായ അർത്ഥത്തിൽ വിജയം സാധ്യമാകുന്നത്. അല്ലാത്തപക്ഷം വെറും പ്രഹസനം മാത്രമായി തീരുകയും അന്തിമമായി അതിന്റെ ഫലം നിരാശയുമായിരിക്കും. എന്തു പ്രവർത്തി ചെയ്യുമ്പോഴും അതിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കണം.
എല്ലാവർക്കും സ്നേഹം നിറഞ്ഞ.. ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ