രാജ്യത്ത് കുറഞ്ഞ് വരുന്ന ജനനനിരക്കിനെ പ്രതിരോധിക്കാൻ പുതിയ നിർദ്ദേശവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ജനങ്ങളോട് കൂടുതൽ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുവാനുമാണ് റഷ്യൻ പ്രസിഡന്റിന്റെ നിർദ്ദേശം.
ഉച്ചഭക്ഷണം, ചായ സമയം എന്നീ ഇടവേളകളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയിലെ ജനനനിരക്ക് 2.1 എന്നാണ്. എന്നാല്‍ നിലവില്‍ ഇത് ഒരു സ്ത്രീക്ക് 1.5 എന്ന കണക്കാണുള്ളത്. ഇത് ഭാവിയിൽ റഷ്യയിലെ ജനനനിരക്കിൽ ഇടിവുണ്ടാകാൻ കാരണമാകും.
യുക്രൈനുമായി നടന്നു കൊണ്ടിരിക്കുന്ന യുദ്ധം കാരണം സൈന്യത്തിലും യുദ്ധം ചെയ്യാൻ ആളില്ലാത്ത പ്രശ്നവുമുണ്ട്. നിരവധി യുവാക്കൾ മറ്റ് രാജ്യത്തിലേക്ക് കുടിയേറുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പ്രാധാന്യം ജനസംഖ്യ ഉയർത്തുക എന്നതാണ്. ജോലി ഭാരത്താല്‍ ലൈംഗിക ബന്ധം നടക്കുന്നില്ലെന്നത് ഒഴിവ് കഴിവാണെന്നും ജീവിതം ഇന്ന് വേഗമേറിയതായതിനാല്‍ ജോലിക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നും ആരോഗ്യമന്ത്രി ഡോ.യെവ്‌ജെനി ഷെസ്‌റ്റോപാലോവ് ചൂണ്ടിക്കാട്ടി.
റഷ്യന്‍ സ്ത്രീകളോട് അവരുടെ പ്രത്യുല്‍പാദന ശേഷി വിലയിരുത്തുന്നതിന് സൗജന്യ ഫെര്‍ട്ടിലിറ്റി പരിശോധനകളില്‍ പങ്കെടുക്കാനും ആവശ്യപ്പെടുകയുണ്ടായി. ജോലി സന്താനലബ്ധിക്ക് തടസ്സമാകരുതെന്ന് റഷ്യൻ ആരോഗ്യമന്ത്രി ഡോ. യെവ്ജെനി ഷെസ്റ്റോപലോവ് വ്യക്തമാക്കി. 19-20 വയസില്‍ പ്രസവിച്ച് തുടങ്ങിയാൽ, കുടുംബത്തിൽ മൂന്നോ നാലോ അതിലധികമോ കുട്ടികളെ സൃഷ്ടിക്കാന്‍ കഴിയുമെന്നും പുടിൻ പറയുന്നു.
ഈ മാസം ആദ്യം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2024 ൻ്റെ ആദ്യ പകുതിയിൽ റഷ്യ 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് രേഖപ്പെടുത്തിയത്. ജൂണിൽ ജനനനിരക്ക് ആദ്യമായി ഒരു ലക്ഷത്തിൽ താഴെയായി, ഗണ്യമായ കുറവുണ്ടായതായും കണക്കുകളിൽ പറയുന്നു.
2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ റഷ്യയിൽ ആകെ 5,99,600 കുട്ടികൾ ജനിച്ചു. ഇത് 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16,000 കുറവാണ്.