ഫിലഡൽഫിയ- ഫിലഡൽഫിയയിലെ ഫെയർമൗണ്ട് പാർക്ക് സെക്ഷനിൽ ഫെബ്രുവരിയിൽ നടന്ന വധശിക്ഷാ രീതിയിലുള്ള ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രതിയായ യുവതി കീഴടങ്ങിയതായി പോലീസ് പറഞ്ഞു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ക്രൂരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ പ്രതി ലാമർ യങ്ങാണെന്ന് പോലീസ് തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുവതിയുടെ കീഴടങ്ങൽ . ഫിലഡൽഫിയയിൽ നിന്നുള്ള യുവാവിനെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, VUFA, അനുബന്ധ കുറ്റങ്ങൾ എന്നിവ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
ഫെബ്രുവരി 29-നാണ് ഇരട്ടക്കൊലപാതകം നടന്നത്. രാത്രി 11 മണിക്ക് ശേഷം മൗണ്ട് പ്ലസൻ്റ് ഡ്രൈവിലെത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ വഴിയരികിൽ ഒരു പുരുഷനും സ്ത്രീയും അടുത്തടുത്ത് കിടക്കുന്നതായി കണ്ടെത്തി. അപകടത്തിൽപ്പെട്ടവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. എക്സിക്യൂഷൻ രീതിയിലുള്ള വെടിവയ്പ്പെന്നാണ് പോലീസ് ആദ്യം കുറ്റകൃത്യത്തെ വിശേഷിപ്പിച്ചത്. തർസ്റ്റൺ കൂപ്പർ (49) ക്രിസ്റ്റീന ചേമ്പേഴ്‌സ് (38)എന്നിവരാണ് കൊല്ലപ്പെട്ടത്.
കൂപ്പറിന് തലയിലും ചേമ്പേഴ്സിന് തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ബനഡിക്ട് അർനോൾഡിൻ്റെ ഉടമസ്ഥതയിലുള്ള ചരിത്രപ്രസിദ്ധമായ മൗണ്ട് പ്ലസൻ്റ് മാൻഷനു സമീപമാണ് വെടിവെയ്പ്പ് നടന്നത്. കഴിഞ്ഞ വർഷം ഇത് പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്തവിധം അടച്ചിരുന്നു.
വെടിവയ്പ്പ് നടന്ന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, യംഗെന്നയാൾ കുറ്റകൃത്യത്തിന് കസ്റ്റഡിയിലാണ്. വെടിവയ്പ്പിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണെന്ന് പോലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.