Monday, December 23, 2024
Homeഅമേരിക്കഓർമ്മയിൽ എഴുത്തമ്മ... ✍അഫ്‌സൽ ബഷീർ തൃക്കോമല

ഓർമ്മയിൽ എഴുത്തമ്മ… ✍അഫ്‌സൽ ബഷീർ തൃക്കോമല

അഫ്‌സൽ ബഷീർ തൃക്കോമല

1934 ജനുവരി 22‌ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽസ്വാതന്ത്ര്യസമരസേനാനിയും കേരളത്തിന്റെ സാംസ്‌കാരിക ഗാനം രചിച്ച കവിയുമായിരുന്ന ബോധേശ്വരന്റെയും തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പ്രൊഫസറായിരുന്ന വി.കെ. കാർത്യായനി യുടെയും മൂന്ന് പെൺ മക്കളിൽ രണ്ടാമത്തെ മകളായി ആണ് സുഗതകുമാരി ജനിച്ചത്. അമ്മയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി. 1955 ൽ ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടി. “മോക്ഷ സങ്കൽപ്പത്തിന്റെ താരതമ്യ പഠനം” എന്ന വിഷയത്തിൽ മൂന്നു വർഷം ഗവേഷണം നടത്തി, പക്ഷേ പ്രബന്ധംപൂർത്തിയാക്കിയില്ല. വിദ്യാഭ്യാസ വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്ന ഡോ. കെ. വേലായുധൻ നായരായിരുന്നു ഭർത്താവ്.

മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ (കേരള സാഹിത്യ അക്കാദമി അവാർഡ് ), പാവം മാനവഹൃദയം , പ്രണാമം, ഇരുൾ ചിറകുകൾ , രാത്രിമഴ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്), അമ്പലമണി (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം), കുറിഞ്ഞിപ്പൂക്കൾ (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്), തുലാവർഷപ്പച്ച (വിശ്വദീപം അവാർഡ്,) രാധയെവിടെ (അബുദാബി മലയാളി സമാജം അവാർഡ്), കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്) മേഘം വന്നു തൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് 2009-ൽ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹയായിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുമുണ്ട്.

തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന “തളിര്” മാസികയുടെ ചീഫ് എഡിറ്ററായിരുന്നു .അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം പ്രകൃതിസംരക്ഷണ സമിതിയുടെയും സുഗതകുമാരി മുൻകൈയെടുത്തു സ്ഥാപിച്ചതാണ് .സൈലന്റ് വാലി പ്രക്ഷോഭം ,ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള
സമരങ്ങൾ ,പൂയംകുട്ടി പദ്ധതിക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങൾ, ജീരകപ്പാറയും മൂവൂരും കൂടംകുളവും വിളപ്പിൽശാലയും തുടങ്ങി വിജയിച്ച സമരങ്ങളുടെ മുൻപന്തിയിൽ സുഗതകുമാരിയുണ്ടായിരുന്നു.സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായി നില കൊണ്ടു .

“രാത്രിമഴയോടു ഞാന്‍പറയട്ടെ,
നിന്റെ ശോകാര്‍ദ്രമാം
സംഗീതമറിയുന്നു ഞാന്‍
നിന്റെയലിവും അമര്‍ത്തുന്ന
രോഷവും,ഇരുട്ടത്തു വരവും,
തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍ മുഖം
തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും നാട്യവും
ഞാനറിയും
അറിയുന്നതെന്തുകൊണ്ടെന്നോ? ”
എന്ന് എഴുതിയ കവയിത്രി
“കര്‍പ്പൂരമായിന്നെരിയുന്നൊരെന്‍
നെഞ്ചകത്തില്‍-
പ്പുക്കു, നീ എന്റെയുള്ളില്‍ എരിയുന്ന
തീയണക്കൂ..
തൃക്കൈയ്യിൻ വെണ്ണ കൊണ്ടീ
വെന്തുരുകുമെന്നുള്ളം
തഴുകിത്തലോടിയെന്റെ നെഞ്ചില്‍ നീ
കുളിരേകൂ….”
എന്നെഴുതുമ്പോൾ നിറയുന്ന ഭാവവും അജ ഗജാന്തരമായിരുന്നു .വിഷാദാത്മകതയും ശിഥില വ്യാമോഹങ്ങളും ജീവിത യാഥാര്‍ഥ്യങ്ങളും , വിസ്മൃതിയും ,വിരഹവും തുടങ്ങി പ്രകൃതിയെയും മനുഷ്യരെയും എല്ലാം മുൻ നിർത്തിയെഴുതിയ കവിതകൾ കൊണ്ട് മലയാള കവികളിൽ പ്രഥമ സ്ഥാനീയയായി അവർ മാറി .
മരണശേഷം ഒരു പൂവുപോലും തന്റെ ദേഹത്തുവെയ്ക്കരുതെന്നും ഔദ്യോഗിക ബഹുമതികളോ മതാചാരപ്രകാരമുള്ള ചടങ്ങുകളോ പാടില്ല. പൊതു ദര്‍ശനങ്ങള്‍, അനുശോചനയോഗങ്ങള്‍, സ്മാരക പ്രഭാഷണങ്ങള്‍ എന്നിവയും തന്റെ മരണശേഷം പാടില്ലെന്നും അവർ എഴുതിവെച്ചിരുന്നു .നിരവധി ലേഖനങ്ങളും അവരുടേതായി പുറത്തു വന്നിട്ടുണ്ട് .

ഭാഷയില്ലാതായാലും നഷ്ടമാകാത്ത സാഹിത്യമായിരുന്നു അവരുടേത് .2020 ഡിസംബർ 23 നു സുഗതകുമാരി വിട പറയുമ്പോൾ മലയാള സാഹിത്യത്തിന് ഒരു യുഗാന്ത്യമാണ്‌ ……
“ശൈലേന്ദ്രപാദങ്ങളിൽ തീ
പിടിക്കുന്നു!
ദിവ്യവക്ഷസ്സിൽ കറുത്തപുക പടരുന്നു!
കരിമരുന്നിട്ടു പൊട്ടിത്തകർക്കും നൂറു
മലകളലറിക്കേണുടഞ്ഞു
വീണടിയുന്നു!
ഉറവകൾ നടുങ്ങിവറ്റുന്നു. നൂറായിരം
നിലവിളിയുയർന്നുതാഴുന്നു!
വിരിമാറിൽ മുറിവുനിറയുന്നു.
സഗൗരവം
തലപൊക്കി നോക്കുന്നൂ സഹ്യൻ!”….

✍അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments