Thursday, November 14, 2024
Homeഅമേരിക്കഓമനത്തിങ്കളിന് ഓണം പിറക്കുമ്പോള്‍

ഓമനത്തിങ്കളിന് ഓണം പിറക്കുമ്പോള്‍

ലൗലി ബാബു തെക്കെത്തല

ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍
താമരക്കുമ്പിളില്‍ പനിനീര്
ഓണം പിറന്നാലും ഉണ്ണി പിറന്നാലും
ഓരോ കുമ്പിള്‍ കണ്ണീര് – മണ്ണിനോരോ
കുമ്പിള്‍ കണ്ണീര്

ഓണത്തെ കുറിച്ചുള്ള ഈ പഴയ പാട്ട് അന്വർത്ഥതമാക്കുന്ന ഓണമാണ് ഇക്കാലങ്ങളിൽ നമ്മൾ ഓരോരുത്തരും കടന്നുപോവുന്നത്. സമ്പന്നതയുടെ ധാരാളിത്തത്തിലെവിടെയോ പൊങ്ങച്ചം കടന്നു വന്നപ്പോൾ നമുക്ക് നഷ്ടമായത് പഴയ ഓണവും അതിനുണ്ടായിരുന്ന സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ഹൃദയ വിശുദ്ധിയുടെയും താളലയങ്ങളാണ്.

ഓണത്തിന്റെ മധുരമുള്ള ഓർമ്മകളിലിപ്പോഴും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന ബാല്യം.പൂവിളിയുമായി പൂനുള്ളി പൂക്കളം തീർക്കാൻ വെമ്പുന്ന ബാല്യം. ഓണക്കോടിയ്ക്ക് കാത്തിരിക്കുന്ന ബാല്യം. ഓണസദ്യയുടെ രുചികൾ നാവിൽ വള്ളമോടിക്കുന്ന ബാല്യം.

ഇന്ന് നാട്ടിൻപുറങ്ങളിൽ പലയിടത്തും മഴയുടെ അകമ്പടിയോടെയുള്ള കണ്ണീരോണം. പണ്ട് വഴിക്കണ്ണുമായി മാവേലിയെ കാത്തിരുന്ന നമ്മൾ ഇന്ന് ചാനലിലെ മാവേലിയുടെ കോപ്രായങ്ങൾ കണ്ട് രസിക്കുന്നു. ഊഞ്ഞാൽ പാട്ടിന്റെ ഈണങ്ങൾ നമുക്ക് കൈമോശം വന്നിരിക്കുന്നു. ഊഞ്ഞാൽ ഇന്ന് എല്ലാവർക്കും ആഡംബരത്തിന്റെ അടയാളമായി ഒരു കാഴ്ചവസ്തു പോലെ വീടുകളിൽ ആടിക്കൊണ്ടേയിരിയ്ക്കുമ്പോൾ എവിടെയാണ് പഴയ ഓണത്തിന്റെ പ്രസക്തി.

കഴിഞ്ഞ കാലങ്ങളിൽ നമുക്ക് ഓണം നൽകിയത് സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ശക്തിയായിരുന്നു. ഇന്ന് തങ്ങളുടെ വാല്മീകങ്ങളിൽ നല്ല മനുഷ്യർ ഉറഞ്ഞു പോകുന്നതിന് കാരണം എന്താവും? ഒത്തുചേരപ്പെടുന്ന സദസ്സുകൾ താൻ പ്രമാണിത്തത്തിന്റെയും അസൂയയുടെയും കുന്നായ്മയുടെയും പ്രദർശന ശാലകൾ മാത്രമാണെന്ന തിരിച്ചറിവുകൾ തന്നിലെയ്ക്ക് തന്നെ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കുകയാവാം.

ചാനലുകളുടെ പ്രോഗ്രാമിന് മുമ്പിൽ സമയവും ഹോട്ടലുകളിൽ നിന്നും വരുത്തിയ ആഹാരവും റെഡിമെയ്ഡ് പൂക്കളവും നമ്മുടെ പഴയ ഓണം നമുക്ക് നഷ്ടമാവുകയാണോ? ഓണം എന്നത് പണ്ട് കർഷകരുടെ ഉത്സവം ആയിരുന്നു. അന്നത്തെ ഓണത്തിന് വിളവെടുപ്പ് കൊണ്ടു വീടുകളിൽ പുതുമയുടെ മാധുര്യം നിറഞ്ഞിരുന്നു. ഇന്ന് വീടുകളിലെ ഓണം വിപണിയിൽ മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു. മാവേലി നാടിന്റെ മഹിമകൾ ഇനി സങ്കല്പം മാത്രമായി അവശേഷിക്കുമോ?

മലയാളി അതിജീവനകലയിൽ വൈദ്ധഗ്ത്യം നേടിയവനാണ്. പ്രതിസന്ധികളെ അതിജിവിക്കുമ്പോഴുംഅതിൽ അഭിമാനിക്കുമ്പോഴും അത് വരാതിരിക്കാൻ മുൻകരുതൽ നമ്മൾ എടുക്കുന്നില്ല. ഒരു വലിയ ദുരന്തത്തിനുള്ള എല്ലാ വഴികളും തുറന്ന് വെച്ചു കൊടുത്തുകൊണ്ട് മാഫിയക്കാരുടെയും കയ്യേറ്റക്കാരുടെയും കൂട്ട് ചേർന്ന് മണ്ണിന്റെ മാറിൽ ആഴത്തിൽ കുത്തിമുറിയ്ക്കാൻ കൂട്ടുനിന്ന് പ്രകൃതിദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്ന മലയാളി. ദുരന്തഭൂമിയിൽ സഹായഹസ്തവുമായി അണയുന്നവർ ആ ദുരന്തം ഒഴിവാക്കാൻ എന്തെങ്കിലുമൊന്നു ചെയ്തിരുന്നുവെങ്കിൽ!

ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് രക്ഷപ്പെടണമെങ്കിൽ ദൈവം തന്നെ വിചാരിക്കണമെന്ന അവസ്ഥ. എന്റെ നാടിനെ കുട്ടിച്ചോറാക്കുന്ന ഒരു പ്രവൃത്തിയും ചെയ്യില്ലെന്നും അതിനു കൂട്ടുനിൽക്കില്ലെന്നും നമുക്ക് ഈ ഓണക്കാലത്തു പ്രതിജ്ഞ ചെയ്യാം. ചിന്താശക്തിയും ആദർശവും തന്റേടവും കാര്യ പ്രാപ്തിയുമുള്ളവരെ നേതൃത്വത്തിൽ കൊണ്ട് വരികവഴി പുതിയ കേരളം കെട്ടിപ്പടുക്കാം.

വയനാടും കോഴിക്കോടും നടന്ന സങ്കടങ്ങൾ ഇനിയും കേരളത്തിൽ ആവർത്തിക്കാതിരിക്കട്ടെ.
മുല്ലപ്പെരിയാർ നമുക്ക് മറ്റൊരു കണ്ണീർക്കായൽ ആവാതെ നോക്കാം. സ്ത്രീ പുരുഷ ഭേദമില്ലാതെ ഏതൊരു മേഖലയിലും സ്വതന്ത്രമായും സ്വച്ഛമായും ജീവിക്കാനും ജോലിചെയ്യാനും ആർജ്ജവത്തോടെ പ്രതികരിക്കാനും പറ്റുന്ന ഒരു ഇടമായി കേരളം മാറട്ടെ. അതിനായ് ഹേമ കമ്മിറ്റികൾ ഇനിയും ഉണ്ടാകട്ടെ.

നമ്മുടെ നാട്ടിൽ അഭിമാനത്തോടെ നമ്മുടെ സംസ്കാരം മുറുകെ പിടിച്ചു ജീവിയ്ക്കാനുള്ള സാഹചര്യം നമ്മുടെ തലമുറകൾക്ക് കൊടുക്കേണ്ട കടമ നമ്മുടേതാണ്. ജനിയ്ക്കുമ്പോഴേ വിദേശിയുടെ അടിമപണിയ്ക്ക് അയക്കാൻ മക്കളെ സജ്ജരാക്കുന്ന വിദ്യാഭ്യാസമല്ല നമുക്ക് വേണ്ടത് നമ്മുടെ നാട്ടിൽ തൊഴിലും ബിസിനസ്സും ചെയ്യാനുള്ള സാഹചര്യം അവർക്കൊരുക്കാൻ നമുക്ക് ശ്രമിയ്ക്കാം.

മാനം തെളിഞ്ഞു മനസ്സു നിറയുന്ന ഒരു പുണ്യകാലം വരുമെന്ന പ്രതീക്ഷയിൽ പകർന്നു നൽകാം പുതു തലമുറയ്ക്ക് നല്ല പാഠത്തിന്റെ വിത്തുകൾ. ഓണക്കാലത്ത് മുറ്റത്ത് അലങ്കരിച്ച പൂക്കളങ്ങൾ സന്തോഷവും ഐക്യവും പ്രതിനിധീകരിക്കുന്നു.

മനസ്സിലെ നന്മയുടെ മുത്തുകൾ ചേർത്ത് നമുക്കൊരുക്കാം മലയാളി മനസ്സിൽ മധുര മനോഹരമായ ഒരു പൂക്കളം.

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ലൗലി ബാബു തെക്കെത്തല ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments