നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റിൽ ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിന്റെ കെട്ടിടമാണ് ഇന്നലെ രാവിലെ എട്ടു മണിയോടെ തകർന്നു വീണത്. 26 ഓളം വിദ്യാർത്ഥികളെ സമീപത്തെ വിവിധ ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ അധികൃതരുടെ കണക്കുകൾ പ്രകാരം 70 ലധികം വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. നാട്ടുകാരുടേയും വിവിധ സന്നദ്ധ സേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിനടിയിൽ കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
അപകടത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെ കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടായിരുന്നു. നിരവധി കുട്ടികളെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സ്കൂളിലെ 154 കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ ബലക്ഷയം മൂലമാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ കെട്ടിടങ്ങൾ തകരുന്ന സംഭവങ്ങൾ വ്യാപകമാകുകയാണ്. കെട്ടിട സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതും കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമായി അധികാരികൾ പലപ്പോഴും ചൂണ്ടിക്കാട്ടുന്നത്.